പ്രതിരോധ മേഖലയ്ക്ക് കരുത്ത് പകര്‍ന്ന് എയ്‌റോ ഇന്ത്യക്ക് കൊടിയിറങ്ങി

Monday 25 February 2019 3:26 am IST
രാജ്യങ്ങളില്‍ നിന്നുള്ള പ്രതിരോധ ആയുധ നിര്‍മാണ മേഖലയിലെ കമ്പനികളും പങ്കെടുത്തു. നാല് ലക്ഷം പേര്‍ എയ്‌റോ ഇന്ത്യ കാണാനെത്തി. ഇന്ത്യയില്‍ നടന്നിട്ടുള്ള എയ്‌റോ ഇന്ത്യ പ്രദര്‍ശനങ്ങളില്‍ കൂടുതല്‍ പ്രാതിനിധ്യവും കൂടുതല്‍ കരാറുകളില്‍ ഏര്‍പ്പെട്ടതും ഈ വര്‍ഷമായിരുന്നെന്ന് എയ്‌റോ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

ബെംഗളൂരു: പതിനായിരങ്ങള്‍ക്ക് ആകാശ വിരുന്നൊരുക്കിയും പ്രതിരോധമേഖലയ്ക്ക് ശക്തിപകരാന്‍ പുത്തന്‍ ആയുധങ്ങള്‍ സംഭരിച്ചും മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ വിദേശ ആയുധ നിര്‍മാണ കമ്പനികളുമായി കോടികളുടെ കരാറുകള്‍ ഒപ്പിട്ടും 2019ലെ എയ്‌റോ ഇന്ത്യ സമാപിച്ചു. അമേരിക്ക, ഇംഗ്ലണ്ട്, റഷ്യ, ഫ്രാന്‍സ്, സ്വീഡന്‍ തുടങ്ങി 54

രാജ്യങ്ങളില്‍ നിന്നുള്ള പ്രതിരോധ ആയുധ നിര്‍മാണ മേഖലയിലെ കമ്പനികളും പങ്കെടുത്തു. നാല് ലക്ഷം പേര്‍ എയ്‌റോ ഇന്ത്യ കാണാനെത്തി. ഇന്ത്യയില്‍ നടന്നിട്ടുള്ള എയ്‌റോ ഇന്ത്യ പ്രദര്‍ശനങ്ങളില്‍ കൂടുതല്‍ പ്രാതിനിധ്യവും കൂടുതല്‍ കരാറുകളില്‍ ഏര്‍പ്പെട്ടതും ഈ വര്‍ഷമായിരുന്നെന്ന് എയ്‌റോ ഇന്ത്യ അധികൃതര്‍ അറിയിച്ചു. തദ്ദേശ, വിദേശ കമ്പനികളുടെ പങ്കാളിത്തത്തില്‍ വന്‍ വര്‍ധനവുണ്ടായി. 208 ഇന്ത്യന്‍ കമ്പനികളും 165 വിദേശ കമ്പനികളും പങ്കെടുത്തു. 63 വിമാനങ്ങള്‍ പങ്കെടുത്തു. 

വിവിധ രാജ്യങ്ങളിലെ എയ്‌റോബാറ്റിക്‌സ് ടീമുകള്‍ ആകാശത്ത് വിസ്മയ പ്രകടനങ്ങള്‍ കാഴ്ചവച്ചപ്പോള്‍ പതിനായിരങ്ങള്‍ കണ്ണിമചിമ്മാതെ കണ്ടിരുന്നു. വ്യോമസേനയുടെ ഭാഗമായ തേജസ്സില്‍ കോ-പൈലറ്റായി കരസേനമേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ യാത്ര സവിശേഷതയായി. യുഎസിന്റെ എഫ്എ-18 സൂപ്പര്‍ ഹോണറ്റ് യുദ്ധവിമാനം മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് നിര്‍മിക്കാന്‍ എച്ച്എഎല്‍, മഹീന്ദ്ര ഡിഫന്‍സ് സിസ്റ്റവുമായി അമേരിക്കന്‍ പ്രതിരോധ നിര്‍മാണ കമ്പനിയായ ബോയിങ് ചര്‍ച്ച നടത്തിയതാണ് കരാറുകളില്‍ പ്രധാനം. ഹെലികോപ്റ്റര്‍ വ്യവസായ രംഗത്തെ പ്രമുഖരായ റഷ്യന്‍ ഹെലികോപ്‌റ്റേഴ്‌സ് അഞ്ച് ഇന്ത്യന്‍ കമ്പനികളുമായി കരാറില്‍ ഒപ്പുവച്ചു. എല്‍ക്കോം, വാല്‍ഡെല്‍, അഡ്വാന്‍സ്ഡ് ടെക്‌നോളജീസ്, ഇന്റഗ്രേറ്റഡ് ഹെലികോപ്റ്റര്‍ സര്‍വീസസ്, ഭാരത് ഫോര്‍ഗ് എന്നീ ഇന്ത്യന്‍ കമ്പനികളുമായാണ് കരാര്‍ ഒപ്പുവച്ചത്. അമേരിക്കന്‍ ആയുധ നിര്‍മാണ കമ്പനിയായ ബോയിങ് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റം-ബോയിങ് സംയുക്ത സംരംഭത്തില്‍ ഹൈദരാബാദില്‍ ഹെലികോപ്റ്ററുകള്‍ നിര്‍മിക്കുമെന്ന് അറിയിച്ചു. 

തദ്ദേശീയ ചെറുയാത്രാവിമാനമായ സാരസ് വിമാനത്തിന് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത് നേട്ടമായി. എച്ച്എഎല്‍ സൈന്യത്തിന് നിര്‍മിച്ചു നല്‍കുന്ന ആദ്യത്തെ മൂന്ന് ധ്രുവ് ഹെലികോപ്റ്ററുകള്‍ സൈന്യത്തിന് കൈമാറി. നാലാംദിനത്തിലെ പ്രധാനം വനിതാദിനാചരണത്തിന്റെ ഭാഗമായി വനിതാ പാരാജമ്പിങ്ങായിരുന്നു. വ്യോമസേന സ്‌കൈഡൈവിങ് ടീമിലെ ആറു വനിതകളാണ് പാരാജമ്പിങ്ങില്‍ പങ്കെടുത്തത്. വനിതാ ദിനത്തിന്റെ ഭാഗമായി ഇന്ത്യയുടെ തദ്ദേശ നിര്‍മിത ലഘു പോര്‍വിമാനമായ തേജസില്‍ പറന്ന് ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു താരമായി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.