ന്യൂദല്‍ഹി: ലോകകപ്പ് ഷൂട്ടിങ്ങില്‍ റെക്കോഡോടെ സ്വര്‍ണമണിഞ്ഞ് ഇന്ത്യയുടെ സൗരഭ് ചൗധരി. പത്ത് മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ 245 പോയിന്റോടെ ലോക റെക്കോഡിട്ട താരം 2020 ടോക്യോ ഒളിമ്പിക്സിനും യോഗ്യത നേടി.
മത്സരത്തിന്റെ തുടക്കം മുതല്‍ മുന്നില്‍ നിന്ന സൗരഭ് രണ്ടാമതെത്തിയ സെര്‍ബിയന്‍ താരം ഡാമിര്‍ മിക്കച്ചിനെ 5.7 പോയിന്റുകള്‍ക്ക് പിന്തള്ളിയാണ് സ്വര്‍ണമണിഞ്ഞത്. 239.3 പോയിന്റോടെ മിക്കച്ചും ഒളിമ്പിക്സിന് യോഗ്യത നേടി. ചൈനയുടെ വീ പാങ് 215.2 പോയിന്റോടെ മൂന്നാമതെത്തി. ആദ്യ രണ്ട് റൗണ്ടിനു ശേഷം 2.6 പോയിന്റിന്റെ ലീഡ് നേടിയ സൗരഭ് അവസാനം വരെ ലീഡ് ഉയര്‍ത്തിക്കൊണ്ടിരുന്നു.
ആദ്യ ലോകകപ്പ് കിരീടം സ്വന്തമാക്കിയതില്‍ സന്തോഷമുണ്ടെന്നും തുടര്‍ന്നും മികച്ച പ്രകടനം നടത്തുകയാണ് ലക്ഷ്യമെന്നും സൗരഭ് പ്രതികരിച്ചു. പത്ത് മീറ്റര്‍ പിസ്റ്റളില്‍ താരം നേരത്തെ ജൂനിയര്‍ തലത്തിലും ലോക റെക്കോഡോടെ സ്വര്‍ണമണിഞ്ഞിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും യൂത്ത് ഒളിമ്പിക് ഗെയിംസിലും സൗരഭ് സ്വര്‍ണം നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: