എച്ച്1എന്‍1, ചിക്കന്‍പോക്‌സ്, ചെള്ളുപനി പടരുന്നു; പകര്‍ച്ചവ്യാധി: രണ്ട് മാസത്തിനിടെ 43 മരണം

Tuesday 26 February 2019 8:40 am IST

തിരുവനന്തപുരം: രണ്ടുമാസത്തിനിടെ പകര്‍ച്ച വ്യാധികള്‍ പിടിപെട്ട് സംസ്ഥാനത്ത് മരിച്ചത് 43 പേര്‍. എച്ച്1എന്‍1, ചിക്കന്‍പോക്‌സ്, ചെള്ളുപനി രോഗങ്ങള്‍ ക്രമാതീതമായി പടരുന്നു. രണ്ടു മാസത്തനിടെ എച്ച്1എന്‍1 ബാധിച്ച എട്ടും ചിക്കന്‍പോക്‌സ് പിടിപെട്ട ആറും പേര്‍ മരിച്ചു. വൈറല്‍ പനി ബാധിച്ച് മാത്രം മരിച്ചത് 14 പേരെന്നും ആരോഗ്യവകുപ്പ്.

 ജനുവരി ഒന്നുമുതല്‍ ഇന്നലെ വരെ 167 പേരിലാണ് എച്ച്1എന്‍1 സ്ഥിരീകരിച്ചത്. എട്ടുപേര്‍ മരിച്ചു. ഈ മാസം മാത്രം 78 പേരില്‍ രോഗം കണ്ടെത്തി. കാസര്‍ഗോഡ് പെരിയ സ്‌കൂളിലെ കുട്ടികള്‍ക്ക് എച്ച് 1 എന്‍1 ബാധിച്ചെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇന്നലെ ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ രണ്ട് വീതവും  വയനാട്, കൊല്ലം ജില്ലകളില്‍ ഓരോ ആളിലും എച്ച്1എന്‍1 കണ്ടെത്തി.

 ചൂടുകൂടിയതോടെ ചിക്കന്‍പോക്‌സ് ക്രമാതീതമായി പടരുന്നുണ്ട്. 55 ദിവസത്തിനുള്ളില്‍ 6013 പേരിലേക്ക് പടര്‍ന്ന ചിക്കന്‍പോക്‌സ് ആറുപേരുടെ ജീവനെടുത്തു. 285 ആളുകളില്‍ എലിപ്പനി സ്ഥിരീകരിച്ചു. അതില്‍ ഏഴുപേര്‍ മരിച്ചു. 

75 പേര്‍ നിരീക്ഷണത്തിലാണ്. 124 പേരില്‍ ഡങ്കിപ്പനി സ്ഥിരീകരിച്ചതില്‍ മൂന്നുപേര്‍ മരിച്ചു. 102 പേര്‍കൂടി നിരീക്ഷണത്തിലുണ്ട്. ചെള്ളുപനിയും ആശങ്കയുയര്‍ത്തുന്നുണ്ട്. ജനുവരി മുതല്‍ ഇന്നലെ വരെ 134 പേരില്‍ ചെള്ളുപനി സ്ഥിരീകരിച്ചു. ഒരാള്‍ കഴിഞ്ഞ ദിവസം മരിച്ചു. ഏഴ് പേര്‍ നിരീക്ഷണത്തിലുണ്ട്.  

വൈറല്‍ പനി ബാധിച്ച 3.85 ലക്ഷം പേരാണ് ചികിത്സ തേടിയത്. മഞ്ഞപ്പിത്തം 168 പേരില്‍ കണ്ടെത്തി. ഒരാള്‍ മരിച്ചു. 352 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇന്നലെ മാത്രം 33 പേര്‍ മഞ്ഞപ്പിത്തത്തിന് ചികിത്സ തേടി. ടൈഫോയിഡിന് 70 പേര്‍ നിരീക്ഷണത്തിലുണ്ട്. ഒമ്പത് പേരില്‍ സ്ഥിരീകരിച്ചു. അഞ്ചാംപനി ബാധിച്ച് ഒരാള്‍ ഈ മാസം മരിച്ചു. 44 പേര്‍ അഞ്ചാംപനിക്ക് നിരീക്ഷണത്തിലാണ്. 20 പേരില്‍ രോഗം സ്ഥിരീകരിച്ചു.

എച്ച്1എന്‍1 പ്രതിരോധത്തിന് പ്രത്യേക മെഡിക്കല്‍ സംഘം

എച്ച്1എന്‍1 ബാധിച്ച കാസര്‍ഗോഡ് പെരിയ സ്‌കൂളിലേക്ക് സാഹചര്യത്തില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ അയച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ. ഹോസ്റ്റലില്‍ തന്നെ ക്യാമ്പ് തുടങ്ങിയിട്ടുണ്ട്. ഈ ക്യാമ്പില്‍ 24 മണിക്കൂറും മെഡിക്കല്‍ സംഘത്തിന്റെ പ്രത്യേക നിരീക്ഷണം ഉണ്ടാകും. രോഗം ഭേദമാകുന്നതുവരെ ഈ ക്യാമ്പ് തുടരുമെന്നും മന്ത്രി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.