ദളിതനായതിനാല്‍ മുഖ്യമന്ത്രിയാക്കില്ല: ജി. പരമേശ്വര

Tuesday 26 February 2019 10:33 am IST

ബെംഗളൂരു: സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ജി. പരമേശ്വര. കോണ്‍ഗ്രസ്സിനുള്ളില്‍ തുടരുന്ന ജാതിവിവേചനത്തിനെ തുറന്നുകാട്ടുന്നതായിരുന്നു പരമേശ്വരയുടെ വാക്കുകള്‍. 

കഴിഞ്ഞ ദിവസം ദേനവഗരെയില്‍ ചാലവാടി മഹാസഭയുടെ പരിപാടിയില്‍ സംസാരിക്കവെയാണ് പാര്‍ട്ടിയില്‍ താനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നേരിടുന്ന ദളിത് വിരുദ്ധത തുറന്നു പറഞ്ഞത്. 

തനിക്ക് മുഖ്യമന്ത്രിയാകാന്‍ അവസരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍, ദളിതനായതിനാല്‍ അവസാനസമയം  ഒഴിവാക്കപ്പെട്ടു. അപ്പോഴെല്ലാം ഉപമുഖ്യമന്ത്രി സ്ഥാനമാണ് ലഭിച്ചത്. മനസ്സില്ലാമനസ്സോടെയാണ് ഉപമുഖ്യമന്ത്രി പദം ഏറ്റടുത്തതെന്നും അദ്ദേഹം പറഞ്ഞു. 

നേരത്തെയും പാര്‍ട്ടിയില്‍ ദളിത് നേതാക്കള്‍ നേരിടുന്ന ജാതി വിവേചനത്തിനെതിരെ പരമേശ്വര തുറന്നിടിച്ചിട്ടുണ്ട്. കര്‍ണാടകത്തിലെ കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന ദളിത് നേതാക്കളായിരുന്ന ബസവലിംഗപ്പ, കെ.എച്ച്. രംഗപ്പ എന്നിവരെ മുഖ്യമന്ത്രിയാക്കാതിരുന്നതും ദളിതരായതിന്റെ പേരിലാണെന്ന് പരമേശ്വര പറഞ്ഞിരുന്നു. 

ജി. പരമേശ്വരയെക്കൂടാതെ കോണ്‍ഗ്രസ്സിലെ നിരവധി നേതാക്കള്‍ പാര്‍ട്ടിക്കുള്ളിലെ ജാതിവിവേചനത്തിനെതിരെ രംഗത്തു വന്നിട്ടുണ്ട്. 

ഇതേ ചടങ്ങില്‍ പങ്കെടുത്ത ദേവനഗെരെ എംഎല്‍എ ഷമനൂര്‍ ശിവശങ്കര നേരത്തെ ഒരു പരിപാടിയില്‍ പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള മല്ലികാര്‍ജുന ഖര്‍ഗെയെ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടത് വിവാദമായിരുന്നു. രാഹുല്‍ഗാന്ധിയേക്കാള്‍ കഴിവുള്ള നേതാവാണ് മല്ലികാര്‍ജുനര്‍ ഖര്‍ഗെ എന്നായിരുന്നു ശിവശങ്കരപ്പയുടെ പ്രതികരണം. 

കോണ്‍ഗ്രസ്സില്‍ തുടരുന്ന ദളിത് വിരുദ്ധതക്കെതിരെ നേരത്തെയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. 2013, 2018ലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മല്ലികാര്‍ജുന ഖര്‍ഗെ, ജി. പരമേശ്വര എന്നിവരില്‍ ഒരാളെ ഉയര്‍ത്തികാട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഹൈക്കമാന്‍ഡ് വഴങ്ങിയില്ല. പകരം സിദ്ധരാമയ്യയെയാണ് ഉയര്‍ത്തിക്കാട്ടിയത്. 

പരമേശ്വരയുടെ പ്രസംഗത്തിലൂടെ കോണ്‍ഗ്രസ്സിന്റെ ദളിത് പ്രേമം കാപട്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതുക്കല്‍ എത്തിനില്‍ക്കെ പരമേശ്വരയുടെ പ്രസംഗം സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങളാവും സൃഷ്ടിക്കുക. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.