ജയിച്ചു കയറാന്‍; ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ട്വന്റി 20 ഇന്ന്

Wednesday 27 February 2019 1:02 am IST

ബെംഗളൂരു: ഇന്ത്യയുടെ ശ്രദ്ധ മുഴുവന്‍ ലോകകപ്പില്‍ തന്നെയാണെന്നതില്‍ ഒരു സംശയവുമില്ല. എന്നാലിപ്പോള്‍ നാട്ടിലൊരു പരമ്പര കൈവിട്ടുപ്പോകാതിരിക്കാനുള്ള ശ്രമത്തിലാണ് അവര്‍. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ വിജയത്തിനായി സര്‍വസന്നാഹങ്ങളുമായി ഇറങ്ങുകയാണ് ആതിഥേയര്‍. ഇന്ന് തോറ്റാല്‍ പരമ്പര കൈവിട്ടുപോകും. ആദ്യ മത്സരത്തില്‍ വിജയിച്ച ഓസീസ് രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ മുന്നിട്ടുനില്‍ക്കുകയാണ്. മത്സരം രാത്രി ഏഴിന് ആരംഭിക്കും.

ഇംഗ്ലണ്ടിലെ ലോകകപ്പിനുളള ടീമംഗങ്ങളുടെ കാര്യത്തില്‍ ഏറെക്കുറെ തീരുമാനമായിട്ടുണ്ട്. പക്ഷെ ഓസീസിനെതിരായ ട്വന്റി 20, ഏകദിന പരമ്പരകളില്‍ മികവ് കാട്ടുന്നവര്‍ക്കും ലോകകപ്പിനുള്ള ടീമില്‍ സ്ഥാനം ലഭിക്കുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്‌ലി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ലോകകപ്പ് ടീമില്‍ സ്ഥാനം പ്രതീക്ഷിക്കുന്ന കെ.എല്‍. രാഹുലിനെയും ഋഷഭ് പന്തിനെയും ഓസ്‌ട്രേലിയക്കെതിരായ എല്ലാ മത്സരങ്ങളിലും കളിപ്പിക്കുമെന്നാണ് സൂചന.

ഓപ്പണര്‍ ശിഖര്‍ ധവാന് വിശ്രമം അനുവദിച്ച സാഹചര്യത്തില്‍ ഓപ്പണറുടെ റോളില്‍ ആദ്യ മത്സരത്തിനിറങ്ങിയ രാഹുല്‍ കത്തിക്കയറി. 36 പന്തില്‍ അമ്പത് റണ്‍സ് അടിച്ചെടുത്താണ് രാഹുല്‍ തിരിച്ചുവരവ് ആഘോഷിച്ചത്. രാഹുലിന്റെ ഓസ്‌ട്രേലിയന്‍ പര്യടനം ദുരന്തമായിരുന്നു. ടിവി ഷോയില്‍ ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ രാഹുലിന് വിലക്ക് വീണു. പിന്നീട് വിലക്ക് പിന്‍വലിച്ചെങ്കിലും നിയമ നടപടികള്‍ ഒഴിവായിട്ടില്ല. ഈ പ്രശ്‌നത്തില്‍ അന്വേഷണം നടന്നുവരുകയാണ്.

ചെറിയൊരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ പേസര്‍ ജസ്പ്രീത് ബുംറയും ആദ്യ മത്സരത്തില്‍ മികവ് കാട്ടി. പക്ഷെ ഇതര പേസ് ബൗളറായ ഉമേഷ് യാദവിന് അവസരത്തിനൊത്തുയരാനായില്ല. അതിനാല്‍ ഉമേഷ് യാദവിനെ രണ്ടാം മത്സരത്തില്‍ നിന്ന് ഒഴിവാക്കുമെന്നാണ് സൂചന. പകരം സിദ്ധാര്‍ത്ഥ കൗളിനെയോ ഓള്‍ റൗണ്ടര്‍ വിജയ് ശങ്കറിനെയോ ഉള്‍പ്പെടുത്തും.

ലോകകപ്പ് ടീമില്‍ കയറികൂടാന്‍ തയാറെടുക്കുന്ന ഋഷഭ് പന്ത് ആദ്യ മത്സരത്തില്‍ തികഞ്ഞ പരാജയമായിരുന്നു. ഇന്ന് രണ്ടാം മത്സരത്തില്‍ തകര്‍ത്തടിച്ചാലേ  പന്തിന് പ്രതീക്ഷ നിലനിര്‍ത്താനാകൂ. ദിനേശ് കാര്‍ത്തിക്കും ആദ്യ മത്സരത്തില്‍ മങ്ങിപ്പോയി. പരിചയ സമ്പന്നനായ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ധോണിയിലാണ് എല്ലാ കണ്ണുകളും. ആദ്യ മത്സരത്തില്‍ മെല്ലേപ്പോക്കിന് പഴികേട്ട  ഈ മുന്‍ നായകനില്‍ നിന്ന് വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനം പ്രതീക്ഷിക്കാം.

അരങ്ങേറ്റക്കാരാനായ ലെഗ് സ്പിന്നര്‍ മായങ്ക് മാര്‍ക്കണ്ഡേ ആദ്യ മത്സരത്തില്‍ നാല് ഓവറില്‍ 31 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. എന്നിരുന്നാലും മായങ്കിന് ഒരു അവസരം കൂടി ലഭിക്കും.

നാട്ടിലെ ഏകദിന, ടെസ്റ്റ് പരമ്പരകള്‍ ഇന്ത്യക്ക് അടിയറവെച്ച ഓസ്‌ട്രേലിയ പരമ്പര നേട്ടം ലക്ഷ്യമിട്ടാണ് ഇന്ന് കളിക്കളത്തിലിറങ്ങുക. ഇന്ന് വിജയം നേടി നാട്ടിലെ തോല്‍വിയുടെ ഭാരം കുറയ്ക്കാനുള്ള ഒരുക്കത്തിലാണ് ഓസീസ്. അവരുടെ ബൗളിങ്ങ് നിര കരുത്താര്‍ജിച്ചുകഴിഞ്ഞു. ആദ്യ മത്സരത്തിലെ വിജയശില്‍പ്പി ഗ്ലെന്‍ മാക്‌സ്‌വെലും നായകന്‍ ആരോണ്‍ ഫിഞ്ചുമൊക്കെ ബാറ്റിങ്ങില്‍ തിളങ്ങിയാല്‍ വിജയം വഴിക്കുവരുമെന്ന പ്രതീക്ഷയിലാണ് ഓസീസ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.