ജോസഫിന്റെ നീക്കം തടയാന്‍ ലീഗിനെ കൂട്ടുപിടിച്ച് മാണി

Thursday 28 February 2019 10:31 am IST

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറെടുക്കുന്ന പി.ജെ. ജോസഫിന്റെ നീക്കത്തെ തടയിടാന്‍ മുസ്ലിം ലീഗിനെ കൂട്ടുപിടിച്ച് കെ.എം. മാണി. രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തില്‍ നിന്ന് ജോസഫ് പിന്മാറാത്ത സാഹചര്യത്തിലാണിത്. 

 കേരള കോണ്‍ഗ്രസിന് ഒരു സീറ്റുകൂടി അനുവദിച്ചാല്‍ ഒരു സീറ്റുകൂടി ആവശ്യപ്പെടുമെന്ന നിലപാടാണ് ലീഗ്  നേതൃത്വം യുഡിഎഫ് യോഗത്തില്‍ സ്വീകരിച്ചത്. ലീഗിന്റെ ഈ നീക്കത്തിന് പിന്നില്‍ മാണി വിഭാഗമെന്നാണ് സൂചന. ജോസഫിനെ ആശ്വസിപ്പിക്കാന്‍ കഴിഞ്ഞ ദിവസത്തെ യുഡിഎഫ് യോഗത്തില്‍ മാണി വിഭാഗം രണ്ട് സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ലീഗ് നേതൃത്വവും ചില കോണ്‍ഗ്രസ് നേതാക്കളും നേരിട്ട് മധ്യസ്ഥ ചര്‍ച്ച നടത്തിയിട്ടും പി.ജെ. ജോസഫ് നിലപാടില്‍ മാറ്റം വരുത്താന്‍ തയാറായിട്ടില്ല. സീറ്റ് ആവശ്യം അംഗീകരിക്കാതെ മാണിക്കൊപ്പം തുടരാനാവില്ലെന്ന നിലപാടിലാണ് പി.ജെ. ജോസഫ്. ഏതു സീറ്റിലും മത്സരിക്കാന്‍ തയാറാണെന്ന് പറഞ്ഞതോടെ സീറ്റ് ഉറപ്പിക്കാനുള്ള നീക്കമാണ് ജോസഫ് നടത്തിയത്. എന്നാല്‍, സീറ്റ് നല്‍കാന്‍ മാണി വിഭാഗം തയാറാകില്ല. സീറ്റ് നല്‍കിയാല്‍ ജോസഫ് പാര്‍ട്ടിയില്‍ ശക്തനാകുമെന്ന് കെ.എം. മാണിക്കറിയാം. 

ഘടകകക്ഷികളുമായി വേഗത്തില്‍ സീറ്റ് ചര്‍ച്ച പൂര്‍ത്തിയാക്കി അടുത്ത ഘട്ടത്തിലേക്ക് നീങ്ങാമെന്നാണ് യുഡിഎഫ് നേതൃത്വം കരുതിയിരുന്നത്. ആര്‍എസ്പിയുമായി പെട്ടെന്ന് ചര്‍ച്ച പൂര്‍ത്തിയായതോടെ അതിന്റെ സൂചന പുറത്തുവന്നിരുന്നു. രണ്ട് സീറ്റ് നിലപാട് മാണി വിഭാഗം ആവര്‍ത്തിച്ചതോടെ സീറ്റ് ചര്‍ച്ച നീളുമെന്ന് ഉറപ്പായി.

രണ്ട് സീറ്റ് ചര്‍ച്ചയില്‍ നിന്ന് കെ.എം. മാണി ശക്തമായ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ പാര്‍ട്ടി പിളരുന്ന സാഹചര്യം തള്ളിക്കളയാനാവില്ല. അങ്ങനെ ഒരു സാഹചര്യം ഉണ്ടായാല്‍ യുഡിഎഫില്‍ ഘടകകക്ഷി പദവി നല്‍കണമെന്നതാണ് ജോസഫ് ഗ്രൂപ്പിന്റെ ആവശ്യം. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പിളര്‍പ്പ് ഉണ്ടായാല്‍ പി.ജെ. ജോസഫ് വിഭാഗത്തെ യുഡിഎഫില്‍ പിടിച്ച് നിര്‍ത്താനാവും കോണ്‍ഗ്രസ് ശ്രമിക്കുക.

കേരള കോണ്‍ഗ്രസ് എമ്മില്‍ പിളര്‍പ്പ് ഒഴിവാക്കാനുള്ള ശ്രമം യുഡിഎഫില്‍ ആരംഭിച്ചിട്ടുണ്ട്. പി.ജെ. ജോസഫിന് സീറ്റ് അനുവദിച്ചുകൊണ്ടുള്ള ഒരു നീക്കമാണ് നടക്കുന്നത്. 

യുപിഎ അധികാരത്തില്‍ എത്തിയാല്‍ ജോസ് കെ. മാണിക്ക് കേന്ദ്രമന്ത്രി പദവി നല്‍കാമെന്ന വാഗ്ദാനം വരെ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, യുപിഎ അധികാരത്തില്‍ എത്താനുള്ള സാഹചര്യം വളരെ വിദൂരമാണെന്ന് മാണിക്കറിയാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.