'ജോജു ജോര്‍ജ് അഥവാ ജോസഫ്'

Thursday 28 February 2019 10:42 am IST

തൃശൂര്‍: നായകനായി ആദ്യം അഭിനയിച്ച ചിത്രത്തിലൂടെ മികച്ച സ്വഭാവ നടനുള്ള സംസ്ഥാന അവാര്‍ഡ്. ജോസഫിലെ കിടയറ്റ പ്രകടനത്തിലൂടെ ജോജു ജോര്‍ജിന് ലഭിച്ചത് അര്‍ഹതയ്ക്കും കഴിവിനുള്ള അംഗീകാരം. ജോസഫെന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ ജോജു സ്വന്തമാക്കിയത് പ്രേക്ഷകരും സിനിമാ നിരൂപകരും പ്രതീക്ഷിച്ചിരുന്ന അവാര്‍ഡ്. സഹനടനായും വില്ലനായും തിളങ്ങിയ ജോജു ജോര്‍ജ് നായക വേഷത്തിലെത്തി സീനിയര്‍ താരങ്ങളോടൊപ്പം ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ നേടിയ അവാര്‍ഡിന് ഇരട്ടി മധുരവും തിളക്കവും. 

തൃശൂര്‍ മാള സ്വദേശിയായ ജോജു ജോര്‍ജ് നിരവധി മലയാള സിനിമകളില്‍ സഹനടനായും വില്ലനായും അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായി നായക വേഷത്തിലെത്തിയത് എം.  പത്മകുമാര്‍ സംവിധാനം ചെയ്ത ജോസഫിലൂടെയാണ്. ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ ജോജു തന്റെ കന്നി നായക വേഷത്തിലൂടെ തന്നെ സംസ്ഥാന അവാര്‍ഡും സ്വന്തമാക്കി. ജോലിയില്‍ നിന്നു വിരമിച്ച് തനിയെ ജീവിതം നയിക്കുന്ന ജോസഫെന്ന റിട്ട.പോലീസുകാരന്റെ വേഷം ഉജ്ജ്വലമാക്കിയാണ് ജോജു മികച്ച സ്വഭാവ നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയത്.

സൂപ്പര്‍ താരങ്ങള്‍ അഭിനയിച്ച വലിയ സിനിമകളില്‍ കൊച്ചു വേഷങ്ങള്‍ അവതരിപ്പിച്ച് തന്റെ കഴിവ് ജോജു ജോര്‍ജ് നേരത്തെ തെളിയിച്ചിട്ടുണ്ടെങ്കിലും കരിയറിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ജോസഫിലെ ടൈറ്റില്‍ ക്യാരക്ടര്‍ വേഷം. സങ്കീര്‍ണതകള്‍ ഏറെയുള്ള കഥാപാത്രം ഏറെ കൈയടക്കത്തോടെയും തന്മയത്തോടെയുമാണ് ജോജു അഭിനയിച്ചത്.

തുടക്കം മുതല്‍ ഒടുക്കംവരെ ഒട്ടുമിക്ക ഫ്രെയിമുകളിലും നിറഞ്ഞു നില്‍ക്കുന്ന ക്ലാസ് പ്രകടനം തന്നെയായിരുന്നു ജോസഫെന്ന സിനിമയുടെ കരുത്ത്. പാളി പോകാവുന്ന ചില സന്ദര്‍ഭങ്ങളില്‍ റിയലിസ്റ്റിക്കായ സമീപനം കൊണ്ട് മറികടന്ന് ജോജു പ്രേക്ഷകരെ അത്ഭുതപ്പെടുത്തി. ഹാസ്യ വേഷമായാലും വില്ലനായാലും ക്യാരക്ടര്‍ റോളായാലും വളരെ കണ്‍വിന്‍സിങായി ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടിയിരുന്ന ജോജു ടൈറ്റില്‍ റോളില്‍ ഉടനീള കഥാപാത്രമായി മാറിയപ്പോള്‍ അങ്ങേയറ്റം പൂര്‍ണതയോടെ അവതരിപ്പിച്ചതിനുള്ള അംഗീകാരമാണ് സംസ്ഥാന അവാര്‍ഡ്.

മലയാള സിനിമയ്ക്ക് പുതിയൊരു നായകനെ ലഭിച്ച ചിത്രമായിരുന്നു ജോസഫ്. തിയ്യറ്റര്‍ വിട്ടാലും പ്രേക്ഷകരുടെ മനസില്‍ നിന്ന് മായാതെ നില്‍ക്കുന്ന നായക കഥാപാത്രം. മുന്‍ ഭാര്യയുടെ ദുരൂഹ സാഹചര്യത്തിലുള്ള മരണം സംബന്ധിച്ച കേസിന്റെ അന്വേഷണം. നിഗൂഢതകള്‍ ചികഞ്ഞു ജോസഫെന്ന പോലീസ് കുറ്റാന്വേഷകന്‍ നടത്തുന്ന യാത്ര.

ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ത്രില്ലര്‍ ചിത്രത്തില്‍ ജോസഫെന്ന കഥാപാത്രത്തെ ഏറെ വൈകാരികമായി തന്നെ ജോജു ജോര്‍ജ് അടയാളപ്പെടുത്തി. സിനിമയില്‍ ജോസഫെന്ന കഥാപാത്രമായി മാറി അഭ്രപാളിയില്‍ ജോജുവിലെ നടന്‍ വിസ്മയമായി. ജോസഫിന്റെ പ്രണയവും വേദനകളും നീറ്റലും നിസംഗതകളുമൊക്കെ അഭിനയ മുഹൂര്‍ത്തങ്ങളില്‍ ജോജുവിലെ നടന്‍ സൂക്ഷ്മമായി രേഖപ്പെടുത്തി. മധ്യവയസ്‌കനായ ഒരു വ്യക്തിയുടെ ശരീരഭാഷയെല്ലാം അയത്‌ന ലളിതമായാണ് ജോജു ചിത്രത്തില്‍ ആവിഷ്‌കരിച്ചത്.  

പ്രേക്ഷകരെ നിരാശപ്പെടുത്താതെ ആദ്യം മുതല്‍ അവസാനം വരെ പിടിച്ചിരുത്തുന്ന ജോസഫില്‍ ജോജുവെന്ന താരത്തിന്റെ പ്രകടനം തന്നെയാണ് ശ്രദ്ധേയം. ഏകാകിയായ വിഷാദനായ  ജോസഫെന്ന മനുഷ്യനെ വിശ്വസനീയമായി ജോസഫ് തന്നെയാണ് ജോജു അഥവാ ജോജു തന്നെയാണ് ജോസഫ് എന്ന് തോന്നുന്ന തരത്തിലാണ്  ജോജു ചിത്രത്തില്‍ അവതരിപ്പിച്ചത്. മികച്ച നടനുള്ള അവാര്‍ഡിന് മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ജയസൂര്യ, സൗബിന്‍ ഷാഹിന്‍ എന്നിവരോടൊപ്പം ജോജു ജോര്‍ജിനേയും ആദ്യഘട്ടത്തില്‍ ജൂറി പരിഗണിച്ചിരുന്നുവെന്നത് തന്നെ ജോസഫെന്ന കഥാപാത്രത്തിന്റെ റേഞ്ച് തെളിയിക്കുന്നതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.