ലോകം ഇന്ത്യക്കൊപ്പം

Friday 1 March 2019 1:31 am IST

പാക്കിസ്ഥാന് താക്കീത് നല്‍കി ചൈന

ന്യുദല്‍ഹി: രാജ്യങ്ങളുടെ പരമാധികാരവും അതിര്‍ത്തികളും മാനിക്കണമെന്ന് പാക്കിസ്ഥാനോട് ചൈന. ചൈനീസ് വിദേശകാര്യ മന്ത്രി വാങ്ങ് യിയാണ് പാക്കിസ്ഥാന്‍ വിദേശമന്ത്രി ഷാ മഹമ്മൂദ് ഖുറേഷിയോട് ഫോണിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടത്. 

ബുധനാഴ്ച പാക്കിസ്ഥാന്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിക്കുകയും ഇന്ത്യന്‍ വ്യോമസേനയുടെ ഒരു സംഘം പാക്കിസ്ഥാന്റെ എഫ്-16 വിമാനം തകര്‍ക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ഒരു മിഗ് 21 വിമാനം തകര്‍ക്കുകയും ഒരു പൈലറ്റ് പാക് കസ്റ്റഡിയിലാകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ചര്‍ച്ച നടന്നത്. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായ അതിര്‍ത്തി ലംഘനത്തെ സൈനിക കേന്ദ്രങ്ങള്‍ക്കെതിരെയുള്ള പരാജയപ്പെട്ട നീക്കമെന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. 

കഴിഞ്ഞ ദിവസം ഇന്ത്യ, റഷ്യ, ചൈന എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനിടെ സുഷമ സ്വരാജ് റഷ്യന്‍, ചൈനീസ് വിദേശമന്ത്രിമാരെ വിവരങ്ങള്‍ ധരിപ്പിച്ചിരുന്നു. ഇതിനു ശേഷമാണ് ഖുറേഷിയും വാങ്ങും ചര്‍ച്ച നടത്തിയത്. വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചയ്ക്കു ശേഷം ഇറക്കിയ സംയുക്ത പ്രസ്താവനയില്‍ മൂന്ന് രാജ്യങ്ങളും ഭീകരതയെ ശക്തമായി അപലപിക്കുകയും രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഭീകരത ഉപയോഗിക്കരുതെന്ന് പറയുകയും ചെയ്തിരുന്നു.

വിവേകപൂര്‍ണമായ വാര്‍ത്തകള്‍ പ്രതീക്ഷിക്കുന്നു: ട്രംപ്

ഹാനോയി: ഇന്ത്യ-പാക് സംഘര്‍ഷത്തിന് താത്കാലിക അവസാനമായെന്നാണ് പ്രതീക്ഷയെന്നും വിവേകപൂര്‍ണവും ഉചിതവുമായ വാര്‍ത്തകളാണ് പ്രതീക്ഷിക്കുന്നതെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വിദ്വേഷത്തിന് ഉടന്‍ തന്നെ അവസാനമാകും. അസ്വസ്ഥത ഇല്ലാതാക്കാന്‍ അമേരിക്ക ശ്രമിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. വിയറ്റ്‌നാമിലെ ഹാനോയില്‍ അമേരിക്ക-ഉത്തരകൊറിയ രണ്ടാം ഉച്ചകോടിക്ക് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. ആണവശക്തികളായ അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കേണ്ട സമയം ഇപ്പോള്‍ തന്നെ അതിക്രമിച്ചിരിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.

ഇന്ത്യന്‍ തിരിച്ചടിയെ സ്വാഗതം ചെയ്ത് യുഎസ്

ന്യൂയോര്‍ക്ക്: ബലാക്കോട്ടിലെ ഭീകരക്യാമ്പ് വ്യോമാക്രമണത്തില്‍ തകര്‍ത്ത ഇന്ത്യന്‍ നടപടിയെ സ്വാഗതം ചെയ്ത് അമേരിക്ക. പാക് മണ്ണിലെ ഭീകരതയ്‌ക്കെതിരെ ഇന്ത്യ കൈക്കൊണ്ട നടപടിയെ തങ്ങള്‍ പിന്തുണയ്ക്കുന്നതായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായുള്ള ഫോണ്‍ സംഭാഷത്തില്‍ യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ അറിയിച്ചു.

ഭീകരതയ്ക്ക് എതിരെ പാക് നടപടി വേണം: ജപ്പാന്‍

ടോക്കിയോ: പുല്‍വാമ ഭീകരാക്രമണത്തെ അതിശക്തമായി അപലപിച്ച ജപ്പാന്‍, ജമ്മുകശ്മീരിലെ സ്ഥിതിഗതി വഷളാകുന്നതില്‍ ഉത്ക്കണ്ഠ പ്രകടിപ്പിച്ചു. ഭീകരതയ്‌ക്കെതിരെ പാക്കിസ്ഥാന്‍ ശക്തമായ നടപടി എടുക്കണമെന്നും ജാപ്പനീസ് വിദേശകാര്യമന്ത്രി ടാറോ കോണോ ആവശ്യപ്പെട്ടു.

മസൂദ് അസറിനെതിരെ ബ്രിട്ടന്‍, ഫ്രാന്‍സ്, യുഎസ്

ന്യൂയോര്‍ക്ക്: ജെയ്‌ഷെ മുഹമ്മദ് മേധാവിയും കൊടുംഭീകരനുമായ മൗലാനാ മസൂദ് അസറിനെതിരെ കടുത്ത നടപടി തേടി ബ്രിട്ടനും ഫ്രാന്‍സും അമേരിക്കയും. ഇയാളുടെ സ്വത്തുവകകള്‍ മരവിപ്പിക്കണമെന്നും ആഗോളതലത്തില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തണമെന്നും ഇയാള്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നത് വിലക്കണമെന്നും ഈ മൂന്നു രാജ്യങ്ങളും 15 അംഗ യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിനോട് ആവശ്യപ്പെട്ടു. എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ രക്ഷാസമതി അംഗങ്ങള്‍ക്ക് മാര്‍ച്ച് 13 വരെ സമയമുണ്ട്. ഈ നീക്കത്തെ ചൈന പിന്തുണയ്ക്കുമോയെന്ന് ആശങ്കയുണ്ട്. 2016ലും 17ലും ഇത്തരം നീക്കങ്ങളെ ചൈന എതിര്‍ത്തിരുന്നു.

പാക്കിസ്ഥാനികള്‍ ആഗ്രഹിക്കുന്നത് സമാധാനം: ഫാത്തിമ ഭൂട്ടോ

ന്യൂയോര്‍ക്ക്: ഇന്ത്യയുമായി സമാധാനം സ്ഥാപിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്ന് എഴുത്തുകാരി ഫാത്തിമ ഭൂട്ടോ. പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിമാരായ സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെ കൊച്ചുമകളും ബേനസീര്‍ ഭൂട്ടോയുടെ അനന്തരവളുമാണ് ഫാത്തിമ.

 അയല്‍ രാജ്യത്തോട് എന്റെ രാജ്യം സാമാധാനത്തോടെ പെരുമാറുന്നത് കാണാന്‍ ഇതുവരെ സാധിച്ചിട്ടില്ല. നമ്മള്‍ ഒരു ജീവിതകാലം മുഴുവന്‍ യുദ്ധത്തിനായി ചെലവഴിച്ചു. പാക് സൈന്യമോ ഇന്ത്യന്‍ സൈന്യമോ മരിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അനാഥരുടെ ഉപഭൂഖണ്ഡമായി നമ്മള്‍ മാറരുത്, ഫാത്തിമ ഭൂട്ടോ പറഞ്ഞു.

സംസാരസ്വാതന്ത്ര്യത്തിനായി ശബ്ദമുയര്‍ത്തിയവരാണ് എന്റെ തലമുറ. സമാധാനത്തിന് വേണ്ടി ശബ്ദമുയര്‍ത്താനും ഞങ്ങള്‍ക്ക് ഭയമില്ല. പാക്കിസ്ഥാന്റെ സൈനിക ഏകാധിപത്യവും ഭീകരതയും ഞങ്ങളെ യുദ്ധത്തില്‍ ആസക്തിയില്ലാത്തവരും സഹിഷ്ണുതയുള്ളവരുമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.