കോഴിക്കോട് സാക്ഷ്യം വഹിച്ചത് ആചാരവൈവിധ്യങ്ങളുടെ സംഗമത്തിന്

Friday 1 March 2019 11:37 am IST

കോഴിക്കോട്: ആചാര വൈവിദ്ധ്യങ്ങളും വിശ്വാസ സമ്പ്രദായങ്ങളും സംരക്ഷിക്കാന്‍ ഹൈന്ദവ സമൂഹം ഒറ്റക്കെട്ടായി മുന്നേറുമെന്ന സന്ദേശവുമായി കോഴിക്കോട് കടപ്പുറത്ത് ഇന്നലെ നടന്ന 'ഹൈന്ദവം'  ജനസാഗരമായി മാറി. ശബരിമല ക്ഷേത്രത്തിലെ വൈവിധ്യങ്ങളായ ആചാരാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുന്നവരുടെ  സംഗമവേദിയായി ഹൈന്ദവം മാറി.  ആദ്ധ്യാത്മികാചാര്യന്മാര്‍, സാമുദായിക നേതാക്കള്‍, സാംസ്‌കാരിക നായകന്മാര്‍, തുടങ്ങി വേദിയിലെ നിറഞ്ഞ സാന്നിദ്ധ്യവും, കടലോരത്ത് അണി നിരന്ന ജനലക്ഷങ്ങളും ഹൈന്ദവ ജാഗ്രതയുടെ പുതിയ കാഴ്ചയായി.

മലവാരി മാന്ത്രിക സമ്പ്രദായം പിന്തുടരുന്ന ആചാര്യ കല്ലടിക്കോട് തങ്കം അമ്മ അയ്യപ്പഭക്തസംഗമത്തിന് നിലവിളക്ക് തെളിയിച്ചതും ഏറെ പുതുമയായി. ശബരിമല കര്‍മസമിതി ദേശീയ അധ്യക്ഷന്‍ ജസ്റ്റിസ് എന്‍. കുമാര്‍ അദ്ധ്യക്ഷനായി. സനാതന ധര്‍മപരിഷത്ത് ചെയര്‍മാനും ശബരിമല കര്‍മസമിതി രക്ഷാധികാരിയുമായ സ്വാമി ചിദാനന്ദപുരി ആമുഖഭാഷണം നടത്തി. 

ചിന്മയ മിഷന്‍ കേരള അധ്യക്ഷന്‍ സ്വാമി വിവിക്താനന്ദ സരസ്വതി, സംബോധ് ഫൗണ്ടേഷന്‍ കേരള മുഖ്യാചാര്യന്‍ സ്വാമി അധ്യാത്മാനന്ദ സരസ്വതി, കണ്ണൂര്‍ അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരി, വര്‍ക്കല ശിവഗിരിമഠത്തിലെ സ്വാമി ധര്‍മചൈതന്യ, മാര്‍ഗദര്‍ശക മണ്ഡലം സംസ്ഥാന സെക്രട്ടറി സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി, ചെങ്കോട്ടുകോണം രാമദാസാശ്രമം പ്രസിഡന്റ് സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, കോഴിക്കോട് ശ്രീരാമകൃഷ്ണാശ്രമം അദ്ധ്യക്ഷന്‍ വീതസംഗാനന്ദ സ്വാമി, പാലക്കാട് ശിവാനന്ദാശ്രമത്തിലെ സ്വരൂപാനന്ദ സരസ്വതി സ്വാമി, കോഴിക്കോട് ചിന്മയ മിഷന്‍ മഠാധിപതി സ്വാമി ജിതാത്മാനന്ദ സരസ്വതി, കോഴിക്കോട് മാതാ അമൃതാനന്ദമയീ മഠം മഠാധിപതി ബ്രഹ്മചാരി വിവേകാമൃത ചൈതന്യ, സ്വാമിനി ശിവാനന്ദപുരി, സ്വാമി അയ്യപ്പദാസ് തുടങ്ങി കേരളത്തിലെ വിവിധ ആശ്രമങ്ങളിലെ നൂറോളം സന്യാസിവര്യന്മാര്‍  ഹൈന്ദവത്തിന് അനുഗ്രഹം ചൊരിഞ്ഞു.

മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍, കേരള പിഎസ്‌സി മുന്‍ ചെയര്‍മാനും കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ. കെ.എസ്. രാധാകൃഷ്ണന്‍, എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍, അബ്ദുസ്സലാം മുസലിയാര്‍, കെ.വി. ശിവന്‍, അഡ്വ. സതീഷ് സി. പത്മനഭന്‍, ഡോ. ജെ. പ്രമീള ദേവി, ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, ശബരിമല കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍, അഡ്വ. ശങ്കു ടി. ദാസ് എന്നിവര്‍ സംസാരിച്ചു. വല്‍സന്‍ തില്ലങ്കേരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ സാമുദായിക സംഘടനാ നേതാക്കളും പങ്കെടുത്തു. 

ശബരിമല ക്ഷേത്രത്തില്‍  പാരമ്പര്യ അനുഷ്ഠാനങ്ങള്‍ നടത്തുന്ന വിവിധ സമ്പ്രദായങ്ങളിലും സമുദായങ്ങളിലുമുള്ള പ്രമുഖരെ ചടങ്ങില്‍ ആദരിച്ചു. ഭഗവാന്‍ കാണി, കല്ലടിക്കോട് തങ്കം അമ്മ, പ്രമുഖ പുരാവസ്തു ശാസ്ത്രജ്ഞന്‍ കെ.കെ. മുഹമ്മദ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.  വിവിധ അരയ സമാജങ്ങളിലെ താന്ത്രിക വര്യന്മാര്‍ നേതൃത്വം കൊടുത്ത സമുദ്രപൂജ നടന്നു. പാക്ക് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ ആത്മാക്കള്‍ക്ക് ശാന്തിയേകി കാരുമാത്ര വിജയന്‍ തന്ത്രികളുടെ ശിഷ്യന്മാരുടെ നേതൃത്വത്തില്‍ ശ്രാദ്ധ ചടങ്ങുകളും നടന്നു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അലി അക്ബര്‍ സ്വാഗതവും ഹൈന്ദവം മുഖ്യ സംയോജകന്‍ ഈറോഡ് രാജന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.