അഭിനന്ദനെ മോചിപ്പിക്കാനുളള തീരുമാനത്തെ സ്വാഗതം ചെയ്ത് ഐക്യരാഷ്ട്ര സഭ

Friday 1 March 2019 3:10 pm IST

ന്യൂദല്‍ഹി: പാകിസ്ഥാന്റെ പിടിയിലായ വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ മോചിപ്പിക്കാനുളള തീരുമാനത്തെ സ്വാഗതം ചെയ്ത് ഐക്യരാഷ്ട്ര സഭ. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും വിഷയത്തില്‍ ഇടപെടല്‍ നടത്തുന്നുണ്ടെന്നും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും വ്യക്തമാക്കി. ജെയ്‌ഷെ മുഹമ്മദിനെതിരായ നടപടിക്ക് അമേരിക്ക കൂടുതല്‍ രാഷ്ട്രങ്ങളുടെ പിന്തുണയും തേടിയിട്ടുണ്ട്.

അഭിനന്ദന്റെ മോചനം എന്തുകൊണ്ടും സന്തോഷവാര്‍ത്തയാണെന്ന് ഐക്യരാഷ്ട്ര സഭാ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറെസിന്റെ വക്താവ് പ്രതികരിച്ചു. ഏറ്റവും സ്വാഗതാര്‍ഹമായ നടപടിയാണിത്. ഇന്ത്യക്കും പാകിസ്ഥാനുമിടയിലുള്ള സംഘര്‍ഷം ലഘൂകരിക്കണമെന്നാണ് ഐക്യരാഷ്ട്രസഭയുടെ ആഗ്രഹം. ലോകരാഷ്ട്രങ്ങളും അതാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം സംഘര്‍ഷത്തിന് അയവ് വരുത്താനുള്ള ശ്രമങ്ങളില്‍ ഇടപെടല്‍ തുടരുമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കി. ഇരുരാഷ്ട്രങ്ങളുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. ദല്‍ഹിയും ഇസ്ലാമാബാദും തമ്മില്‍ ചര്‍ച്ച പുനരാരംഭിക്കാന്‍ നടപടികള്‍ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജെയ്‌ഷെ മുഹമ്മദിനെതിരായ നടപടികള്‍ക്ക് കൂടുതല്‍ രാഷ്ട്രങ്ങളുടെ പിന്തുണയും അമേരിക്ക തേടി. യുഎന്നില്‍ അവതരിപ്പിച്ച പ്രമേയത്തിനെ പിന്തുണയ്ക്കണമെന്ന് അമേരിക്ക വിവിധ രാജ്യങ്ങളോട് ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.