പിന്തുണയില്ല, ഒറ്റപ്പെട്ട് പാക്കിസ്ഥാന്‍

Saturday 2 March 2019 2:53 am IST

ന്യൂദല്‍ഹി: മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിയില്‍ (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷന്‍) പിന്തുണയ്ക്കാന്‍ ആരുമില്ലാതെ പൂര്‍ണമായും ഒറ്റപ്പെട്ട് പാക്കിസ്ഥാന്‍. 57 രാജ്യങ്ങളാണ് ഒഐസിയിലുള്ളത്. ഐക്യരാഷ്ട്രസഭ കഴിഞ്ഞാല്‍ രാജ്യങ്ങളുടെ കൂട്ടായ്മയില്‍ രണ്ടാം സ്ഥാനം. ഇന്ത്യയെ വിശിഷ്ടാതിഥിയായി പങ്കെടുപ്പിക്കുന്നതിനെതിരെ പരസ്യമായി പാക്കിസ്ഥാന്‍ രംഗത്തുവന്നിരുന്നു. എന്നാല്‍, യുഎഇയും ഒഐസിയും എതിര്‍പ്പ് തള്ളി. മറ്റ് അംഗങ്ങള്‍ പാക്കിസ്ഥാനെ പിന്തുണയ്ക്കാനും തയാറായില്ല. വേറെ വഴിയില്ലാതെ വന്നതോടെ പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി സമ്മേളനം ബഹിഷ്‌കരിച്ചു. പകരം ഉദ്യോഗസ്ഥരെ അയച്ചു. മുസ്ലിം രാജ്യങ്ങള്‍ക്കിടയിലും പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് മേല്‍ക്കൈ ലഭിക്കുന്നതിന്റെ വ്യക്തമായ തെളിവാണ് സമ്മേളനം നല്‍കിയത്. ഇന്ത്യാ-പാക് സംഘര്‍ഷം ഏറെ രൂക്ഷമായിരിക്കെയാണ് സംഭവമെന്നതും ശ്രദ്ധേയമാണ്. 

നയതന്ത്രവിജയത്തിന് പുറമെ മുസ്ലിം രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള അവസരം കൂടിയാണ് ഇന്ത്യക്ക് ലഭിച്ചത്. യുഎഇ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളുമായി മോദി ബന്ധം ശക്തമാക്കിയിരുന്നു. ഇന്ത്യക്ക് നിരീക്ഷകപദവി നല്‍കണമെന്ന് ബംഗ്ലാദേശ് കഴിഞ്ഞ സമ്മേളനത്തില്‍ ആവശ്യപ്പെട്ടെങ്കിലും പാക്കിസ്ഥാന്‍ എതിര്‍ത്തു. കശ്മീര്‍ വിഷയത്തില്‍ പാക് അനുകൂല നിലപാടുള്ള കൂട്ടായ്മയിലാണ് പാക്കിസ്ഥാനെ തള്ളി ഇന്ത്യയെ വിശിഷ്ടാതിഥിയാക്കിയതെന്നതും എടുത്തുപറയേണ്ടതാണ്. ഇന്ത്യക്കെതിരെ നിരവധി തവണ ഒഐസി പ്രസ്താവനകള്‍ ഇറക്കിയിട്ടുണ്ട്. 2018ല്‍ ധാക്കയില്‍ നടന്ന സമ്മേളനത്തില്‍ 39 പ്രമേയങ്ങളില്‍ ഒന്നില്‍ മാത്രമായി കശ്മീര്‍ ഒതുങ്ങി. അതും 12 രാജ്യങ്ങളിലെ വിഷയത്തില്‍ ഒന്നായി പരാമര്‍ശിക്കപ്പെടുക മാത്രമാണ് ചെയ്തത്. ഇതില്‍ ബംഗ്ലാദേശിനെതിരെ പാക്കിസ്ഥാന്‍ പരാതി ഉന്നയിച്ചിരുന്നു. ഇത്തവണ പ്രമേയത്തില്‍ കശ്മീര്‍ ഉള്‍പ്പെടുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.