സഖ്യത്തില്‍ 'പ്രധാനമന്ത്രി' ദേവഗൗഡ; കോണ്‍ഗ്രസിന് ദള്ളിന്റെ പണി

Saturday 2 March 2019 4:30 am IST

ബെംഗളൂരു: രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ ലക്ഷ്യമിട്ട് സോണിയ  രൂപീകരിച്ച കര്‍ണാടകത്തിലെ സഖ്യസര്‍ക്കാര്‍ കോണ്‍ഗ്രസിന് പാരയാകുന്നു. 

224 സീറ്റുള്ള കര്‍ണാടകയില്‍  37 സീറ്റുമാത്രം ലഭിച്ച ജെഡിഎസ്സിന് മുഖ്യമന്ത്രിക്കസേര നല്‍കുമ്പോള്‍ കര്‍ണാടകത്തില്‍ ബിജെപി അധികാരത്തില്‍ എത്തുന്നത് തടയുക എന്നതിനേക്കാള്‍ രാഹുലിനെ പ്രധാനമന്ത്രിയാക്കുക എന്നതായിരുന്നു ലക്ഷ്യം. 28 സീറ്റുള്ള കര്‍ണാടകയില്‍ ജെഡിഎസ് സഖ്യത്തിലൂടെ പരമാവധി സീറ്റു നേടുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയപ്പോള്‍ സോണിയയുടെയും രാഹുലിന്റെയും മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കുകയാണ് ജെഡിഎസ്. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷമില്ലാതെ വന്നാല്‍ പൊതുസമ്മതന്‍ എന്ന രീതിയില്‍ മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയെ ഒരിക്കല്‍ കൂടി പ്രധാനമന്ത്രിയാക്കുക എന്നതാണ് ജെഡിഎസ്സിന്റെ ലക്ഷ്യം. 

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി നയം വ്യക്തമാക്കിയതോടെയാണ്  വെട്ടിലായെന്ന് കോണ്‍ഗ്രസിന് ബോധ്യമായത്. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് കൂടുതല്‍ സീറ്റു ലഭിച്ചാല്‍ കര്‍ണാടകത്തില്‍ നിന്നാകും പ്രധാനമന്ത്രിയെന്നാണ് കുമാരസ്വാമി പറഞ്ഞത്. 1996 വീണ്ടും ആവര്‍ത്തിക്കുമെന്നാണ് കുമാരസ്വാമിയുടെ പ്രഖ്യാപനം. ഇതിനെതിരെ കോണ്‍ഗ്രസ് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയിരിക്കുന്നത്. 

ഇതോടെ കര്‍ണാടകത്തില്‍ 12സീറ്റെന്ന ജെഡിഎസ്സിന്റെ ആവശ്യം അംഗീകരിക്കേണ്ടന്ന നിലപാട് കോണ്‍ഗ്രസ് ശക്തമാക്കിയിട്ടുണ്ട്. കര്‍ണാടകത്തില്‍ മാത്രമാണ് ജെഡിഎസ് ശക്തം. കര്‍ണാടകത്തില്‍ സീറ്റു കുറഞ്ഞാല്‍ ദേവഗൗഡ ആവശ്യവുമായി എത്തില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.  

കര്‍ണാകത്തില്‍ സഖ്യത്തിലൂടെ പരമാവധി സീറ്റ് കരസ്ഥമാക്കാന്‍ കോണ്‍ഗ്രസിന്റെ മൂന്ന് സിറ്റിംഗ് സീറ്റുള്‍പ്പെടെയാണ് ജെഡിഎസ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ ജൂണ്‍ മുതല്‍ ദേവഗൗഡ പ്രധാനമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് നീക്കം ആരംഭിച്ചിരുന്നു. അന്ന് ന്യൂദല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബിജെപിയെ നേരിടാന്‍ മൂന്നാം മുന്നണി രൂപീകരിക്കുമെന്നായിരുന്നു ദേവഗൗഡയുടെ പ്രഖ്യാപനം.  പ്രതിപക്ഷ ഐക്യനിരയുണ്ടാക്കി പ്രധാനമന്ത്രിയാകാമെന്ന രാഹുലിന്റെ മോഹങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയായിരുന്നു ദേവഗൗഡയുടെ വാക്കുകള്‍. 

കര്‍ണാടകയില്‍ കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ പങ്കെടുത്ത എന്‍ഡിഎ ഇതര പാര്‍ട്ടികളുടെ സഖ്യം 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കണ്ടെന്നായിരുന്നു ദേവഗൗഡ പറഞ്ഞത്. ഇതിന്റെ ഭാഗമായി മായാവതിയടക്കമുള്ള നേതാക്കളുമായി ദേവഗൗഡ ജൂണില്‍ ചര്‍ച്ച നടത്തിയിരുന്നു. 

ഇതോടെ അപകടം മണത്ത കോണ്‍ഗ്രസ് ദേശീയ നേതൃത്വം ദേവഗൗഡയുമായി കൂടുതല്‍ അടുക്കാന്‍ ശ്രമിച്ചു. ഇതിന്റെ ഭാഗമായി കര്‍ണാടകത്തില്‍ ഒരുപാട് വിട്ടുവീഴ്ചകള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ചെയ്തു. കോണ്‍ഗ്രസ് മന്ത്രിമാരുടെയുടെയും നേതാക്കളുടെയും അതൃപ്തി  അവഗണിച്ച് ജെഡിഎസ്സിന് അനുകൂലമായ നിലപാട് രാഹുല്‍ സ്വീകരിച്ചത്. എന്നാല്‍ അവസരം ലഭിച്ചാല്‍ രാഹുലിനെ കടത്തിവെട്ടി മുന്നോട്ടുപോകാന്‍ തയാറെടുക്കുകയാണ് ജെഡിഎസ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.