ന്യൂദല്‍ഹി: എംപിമാര്‍ക്ക് പോലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെക്കുറിച്ച് അറിയില്ലായിരുന്നെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. എന്നാല്‍, ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഇതിനു മാറ്റമുണ്ടായെന്നും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രതിച്ഛായ മാറിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
2004ല്‍ യുവ എംപിയായി താന്‍ പാര്‍ലമെന്റിലെത്തിയപ്പോള്‍ പല അംഗങ്ങള്‍ക്കും വടക്ക് കിഴക്കന്‍ മേഖലയിലെ എട്ട് സംസ്ഥാനങ്ങള്‍ ഏതൊക്കെ എന്നുപോലും അറിയില്ലായിരുന്നു. പിന്നെങ്ങനെയാണ് സാധാരണക്കാര്‍ വടക്ക് കിഴക്കന്‍ പ്രദേശത്തെ കുറിച്ച് അറിയുക? അദ്ദേഹം ചോദിച്ചു. അധികാരത്തിലെത്തിയതു മുതല്‍ ഈ സംസ്ഥാനങ്ങളുടെ പുരോഗതിക്കുവേണ്ടി ബിജെപി സര്‍ക്കാര്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും സഞ്ചാരികളെ അവിടേക്കെത്തിക്കാന്‍ ആവിഷ്കരിച്ച പദ്ധതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചിട്ടില്ലാത്തവര്‍ ഇന്ത്യയുടെ യഥാര്‍ഥ സൗന്ദര്യവും കണ്ടിട്ടില്ലെന്നും കിരണ്‍ റിജിജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: