കളിമറന്ന് ബ്ലാസ്‌റ്റേഴ്‌സ്

Saturday 2 March 2019 4:39 am IST

കൊച്ചി: അവസരങ്ങള്‍ കളഞ്ഞുകുളിച്ച കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ഐഎസ്എല്ലിലെ അവസാന മത്സരത്തില്‍ സമനില. ഒഴിഞ്ഞ ഗ്യാലറിക്ക് മുന്നില്‍ സീസണിലെ അവസാന പോരാട്ടത്തിനിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് എഫ്‌സിയോട് ഗോള്‍രഹിത സമനില പാലിച്ചു. 

ഒരു കളി എങ്ങിനെ ജയിക്കരുതെന്ന് എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് ഇന്നലെ പുറത്തെടുത്ത്. നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും എങ്ങനെ ഗോള്‍ അടിക്കരുതെന്നു കൂടി ബ്ലാസ്‌റ്റേഴ്‌സ് ഇന്നലെ കാണിച്ചു. സമനിലയില്‍ കുടുങ്ങിയതിന് തുറന്ന അവസങ്ങള്‍ പോലും പാഴാക്കിയ സ്‌ട്രൈക്കേഴ്‌സിന് നന്ദി പറയാം.

25-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്‍ താരവും ഇപ്പോള്‍ നോര്‍ത്ത് ഈസ്റ്റിന്റെ പ്രതിരോധത്തിലെ കരുത്തനുമായ ഗുര്‍വീന്ദര്‍ സിങ്ങിന് ചുവപ്പുകാര്‍ഡ് കിട്ടിയശേഷം 10 പേരുമായി കളിക്കേണ്ടി വന്നിട്ടും ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റനിരയെ പിടിച്ചുകെട്ടിയ വടക്കുകിഴക്കിന്റെ പ്രതിനിധികളുടെ പ്രതിരോധത്തിനാണ് മത്സരത്തില്‍ നൂറില്‍ നൂറു മാര്‍ക്ക്. ഒരാളുടെ കുറവുണ്ടായിട്ടും പൊപ്ലാന്റിക്ക് അടക്കമുള്ള താരങ്ങളുടെ കുറവുണ്ടായിട്ടും സന്ദര്‍ശക ടീമിന്റെ പ്രതിരോധവും ഗോള്‍കീപ്പറും മിന്നുന്ന പ്രകടനം നടത്തിയെങ്കിലും അവയെല്ലാം തടഞ്ഞുനിര്‍ത്തിയതാണ് നോര്‍ത്ത് ഈസ്റ്റിന്റെ മികവ്. 

കളിയുടെ തുടക്കം മുതല്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അതെല്ലാം പാതി വഴിയില്‍ അവസാനിക്കുന്നതാണ് കണ്ടത്. ആദ്യ പകുതിയില്‍ തന്നെ നിരവധി നല്ല അവസരങ്ങള്‍ കിട്ടിയിട്ടും അതെല്ലാം തുലച്ചുകളഞ്ഞ ബ്ലാസ്‌റ്റേഴ്‌സ് സ്‌ട്രൈക്കര്‍മാരാണ് പ്രധാന കാരണക്കാര്‍. പൊപ്‌ലാന്റിക്കും പെക്കൂസണും ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിരവധി തവണ എതിര്‍ പ്രതിരോധം ഭേദിച്ചെങ്കിലും ഗോള്‍ എന്ന ലക്ഷ്യം മറന്നതാണ് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായത്. മധ്യനിരയില്‍ സഹലിനും ദുംഗലിനും സ്‌റ്റൊയാനോവിച്ചിനും കിട്ടിയ അവസരങ്ങള്‍ ചില്ലറയൊന്നുമല്ല. എന്നാല്‍ ലെനോയുടെ തന്ത്രങ്ങളൊന്നും പുറത്തെടുക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് താരനിരക്ക് കഴിഞ്ഞില്ല. പന്ത് വലയിലെത്തിക്കുന്നതിന് പകരം എങ്ങനെ പുറത്തടിക്കാമെന്നായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റനിര പരീക്ഷിച്ചത്. ഒരു നല്ല ആസൂത്രിതമായ മുന്നേറ്റം പോലും നടത്താന്‍ ആതിഥേയര്‍ക്ക് കഴിഞ്ഞില്ല.

രണ്ടാം പകുതിയിലും കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നില്ല. തുടക്കം മുതല്‍ എതിര്‍ ബോക്‌സിലേക്ക് ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ നിരവധി മുന്നേറ്റങ്ങള്‍ മെനഞ്ഞെങ്കിലും കാര്യമുണ്ടായില്ല. നോര്‍ത്ത് ഈസ്റ്റ് ഗോളിയുടെ മിന്നുന്ന പ്രകടനങ്ങള്‍ കൂടിയായപ്പോള്‍ അവസാന മത്സരത്തിലെ വിജയമെന്ന സ്വപ്‌നം പോലും ബ്ലാസ്‌റ്റേഴ്‌സിന് അടിയറ വെക്കേണ്ടിവന്നു.

ഈ സമനിലയോടെ ഈ സീസണില്‍ പ്ലേ ഓഫ്  സ്വപ്‌നം മാത്രമല്ല, സൂപ്പര്‍ കപ്പ് സ്വപ്‌നം പോലും ഉപേക്ഷിക്കേണ്ടിവന്ന ബ്ലാസ്‌റ്റേഴ്‌സിന് മടക്കം കണ്ണീരോടെ. ഇനി അടുത്ത സീസണിനായി കാത്തിരിക്കാം, ഉജ്ജ്വല പ്രകടനത്തിനായി, ആകാംക്ഷയോടെ.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.