വിജയന്റെ ഇതിഹാസ ജീവിതം

Sunday 3 March 2019 3:00 am IST
സ്വകാര്യ ജീവിതം ദാരിദ്ര്യത്തിലായിരുന്നത് ഒരിക്കലും സംഘപ്രവര്‍ത്തനത്തെ ബാധിക്കാന്‍ വിജയന്‍ സമ്മതിച്ചില്ല. അമ്മ ജനസംഘത്തിലും, അതിന്റെ മഹിളാ വിഭാഗത്തിലും, പിന്നീട് ബിജെപിയുടെ മഹിളാ വിഭാഗത്തിലും ആദ്യകാലങ്ങളില്‍ സജീവമായിരുന്നു. രാഷ്ട്രസേവികാ സമിതിയുടെ പ്രവര്‍ത്തനം എറണാകുളത്താരംഭിക്കുന്നതിന് പരിശീലനം നേടാന്‍ അനുജത്തിമാരില്‍ ഒരാളെ നാഗ്പൂരില്‍ ശിക്ഷണത്തിനയച്ചു. മറ്റൊരാളെ പാലക്കാട്ട് നടന്ന പരിശീലനത്തിനയച്ചു. മകന്‍ ജയരാജ് അഞ്ചു വയസ്സു മുതല്‍ കൊച്ചി മഹാനഗരത്തില്‍ നടന്നിട്ടുള്ള സംഘശിബിരങ്ങളില്‍ സ്ഥിരം അന്തേവാസിയായിരുന്നു.

റണാകുളത്തെ സംഘേതിഹാസത്തിലെ ഒരു പര്‍വത്തിന്റെ അവസാനമാണ് പോയ ഞായറാഴ്ച പച്ചാളം വിജയന്‍ എന്നറിയപ്പെട്ടിരുന്ന എം.എ. വിജയന്റെ ദേഹവിയോഗത്തോടെ സംഭവിച്ചത്. കാല്‍ നൂറ്റാണ്ടിനു മുമ്പുള്ള മൂന്നു ദശകക്കാലത്ത് കൊച്ചി നഗരത്തിലെന്നല്ല എറണാകുളം റവന്യൂ ജില്ലയിലാകെ നിറഞ്ഞുനിന്നതിനപ്പുറത്ത് തൃശ്ശിവപേരൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകൡലെ പ്രാഥമിക ശിക്ഷാവര്‍ഗുകളിലും, ഘോഷ് പരിശീലനങ്ങളിലും അദ്ദേഹത്തിന്റെ നേതൃത്വം പതിവായിരുന്നു. കാല്‍ നൂറ്റാണ്ടുകാലത്താകട്ടെ അദ്ദേഹം സജീവമായി രംഗത്തുണ്ടായിരുന്നില്ല. എന്നാല്‍ സംഘത്തിന്റെ അഗ്‌നി ഉള്ളില്‍ സദാ ഉജ്ജ്വലത്തായിരുന്നുതാനും. രംഗത്തു സജീവമായുള്ള കാര്യകര്‍ത്താക്കളെക്കുറിച്ച് കൃത്യമായി വിലയിരുത്താന്‍ അദ്ദേഹത്തിന് സവിശേഷമായ സഹജസാമര്‍ഥ്യം ഉണ്ടായിരുന്നു.

''ഊപര്‍ഹിമസേ ഢകീഖഡിഹൈ

വേ പര്‍വതമാലായേം

സുലഗ് രഹിഹൈ ഭീതര്‍ ഭീതര്‍

പ്രളയങ്കര ജ്വാലായേം''

(പുറമെ മഞ്ഞുമൂടിക്കിടക്കുന്ന ആ മലനിരകള്‍ക്കുള്ളില്‍ പ്രളയകാരിയായ തീനാളങ്ങള്‍ തിളയ്ക്കുകയാണ്) എന്ന് ഏതാണ്ട് അര്‍ത്ഥം പറയാവുന്ന, ഒരു ഗണഗീതത്തിന്റെ വരികളാണ് വിജയനുമായി സംഘകാര്യം സംസാരിക്കുമ്പോള്‍ ഓര്‍മ്മവരുന്നത്. ആ ജ്വാല ഇത്ര പെട്ടെന്ന് എരിഞ്ഞടങ്ങുമെന്നു വിശ്വസിക്കാനാവുമായിരുന്നില്ല.

അദ്ദേഹത്തിന്റെ സഹോദരീഭര്‍ത്താവായതിനാല്‍ ആ കുടുംബത്തിന്റെ അവസ്ഥ ശരിക്കും അറിയുന്നവനാണ് ഞാന്‍. എന്റെ സഹോദരി ഏറെ നാളുകള്‍ അസുഖബാധിതയായശേഷം ഒരു മാസം മുമ്പ് അന്തരിച്ചു. വിജയനും വീട്ടിലെ മറ്റുള്ളവരും ഏറ്റുമാനൂരിനടുത്തുള്ള കട്ടച്ചിറയിലെ വസതിയില്‍ എത്തി ഏറെ നേരം സഹജമായ ആത്മീയതയോടെ എല്ലാവരുമായി സംസാരിച്ച്, അവിടെ സമ്മേളിച്ചിരുന്ന അപരിചിതരെക്കൊണ്ടുപോലും അതാരാണെന്നന്വേഷിക്കുന്ന വിധത്തില്‍ ഏതാനും മണിക്കൂറുകള്‍ ചെലവഴിച്ചശേഷം മടങ്ങി. പിന്നെ ഞായറാഴ്ച ആലുവയില്‍ ചേരുന്ന അടിയന്തരാവസ്ഥാ പീഡിത കുടുംബസംഗമത്തില്‍ കാണാമെന്നു പറഞ്ഞാണ് ഞങ്ങള്‍ പിരിഞ്ഞത്. അടുത്ത ദിവസം ഒരു പതിവ് പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയ അദ്ദേഹത്തിന് പൊടുന്നനെ ഹൃദയാഘാതമുണ്ടാകുകയും ആഞ്ജിയോപ്ലാസ്റ്റിക്കു വിധേയനായി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ആ ആഘാതത്തില്‍നിന്ന് ഉണ്ടായ മോചനം ജീവന്‍ മുക്തിയായിത്തീര്‍ന്നു. ഇടയ്ക്ക് മൂന്നു നാലു ദിവസം വാര്‍ഡിലേക്കു മാറ്റിയെങ്കിലും പ്രാണവായു സ്വീകരിക്കാനുള്ള ഹൃദയത്തിന്റെയും ശ്വാസകോശങ്ങളുടെയും ശോഷിപ്പുമൂലം വീണ്ടും തീവ്രപരിചരണത്തിലായി.

സഹപ്രവര്‍ത്തകര്‍ക്കും ബന്ധുമിത്രാദികള്‍ക്കും അളവറ്റ സുഹൃദ്‌സഞ്ചയത്തിനും താങ്ങാനാവാത്തതായി ആ വിയോഗം. ജന്മഭൂമിയില്‍ ടി. സതീശന്‍ എഴുതിയ അനുസ്മരണക്കുറിപ്പില്‍, അടിയന്തരാവസ്ഥയ്‌ക്കെതിരായി എറണാകുളത്ത് നടന്ന പോരാട്ടത്തിലെ അദ്ദേഹത്തിന്റെ നേതൃത്വപരമായ പങ്കിനെക്കുറിച്ച് അത്യന്തം ഹൃദയസ്പര്‍ശിയായി വിവരിച്ചിട്ടുണ്ട്. വിജയന്‍ മാത്രമല്ല അദ്ദേഹത്തിന്റെ പ്രിയമാതാവും ആ സമരത്തില്‍ ധീരമായ പങ്കുവഹിച്ചിരുന്നു. വിജയനെ പിടികൂടാന്‍ ഉഴറിയ പോലീസ്, അതില്‍ പരാജയപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ അച്ഛന്‍ അപ്പുനായരെ കസ്റ്റഡിയിലെടുത്തു. അമ്മതന്നെ സ്‌റ്റേഷനില്‍ ചെന്ന് അദ്ദേഹത്തെ വിടുവിച്ചുകൊണ്ടുവരികയായിരുന്നു.

1959-60 കാലത്ത് ഞാന്‍ തലശ്ശേരിയില്‍ പ്രചാരകനായിരിക്കെ, എറണാകുളത്ത് വന്ന അവസരങ്ങളില്‍ ടിഡി റോഡിലുണ്ടായിരുന്ന ഒറ്റമുറി കാര്യാലയത്തിലായിരുന്നു താമസിക്കാറ്. രാ. വേണുഗോപാല്‍ ആയിരുന്നു പ്രചാരകന്‍. മിക്കവാറും ദിവസങ്ങളില്‍ വടുതലയില്‍നിന്നു കമലനാഥന്‍ എന്ന സ്വയംസേവകനും ഏതാനും കുട്ടികളും കാര്യാലയത്തില്‍ വരുമായിരുന്നു. അക്കൂട്ടത്തില്‍പെട്ട വിജയന്‍ എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്ന വിധത്തില്‍ ചൊറുചൊറുക്കും അന്വേഷണത്തിന് സമാധാനവും നല്‍കുന്ന സ്വഭാവക്കാരനായിരുന്നു. മറക്കാനാവാത്ത ഒരു മുദ്രണം മനസ്സില്‍ സൃഷ്ടിക്കുന്ന കഴിവ് ആ കുട്ടിയില്‍ കണ്ടു. വിജയനും അനുജന്‍ വേണുവും രാ. വേണുവേട്ടന്റെ സവിശേഷ വാത്‌സല്യം അനുഭവിച്ചിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്വാസകോശാര്‍ബുദബാധയാല്‍ വേണു അന്തരിച്ചു.

പിന്നീട് സംഘശിക്ഷാവര്‍ഗുകളില്‍ വിജയന്റെ ശിക്ഷകനായും ചര്‍ച്ചാ ഗട പ്രമുഖനായുമൊക്കെയുള്ള അനുഭവം സുഖകരമായിരുന്നു. രണ്ട് ദിവസം മുമ്പ് ഫെബ്രുവരി 26 ന് എളമക്കര ഭാസ്‌കരീയത്തില്‍ നടന്ന അനുസ്മരണത്തില്‍ സംസാരിച്ചവര്‍ സംഘപ്രവര്‍ത്തനത്തില്‍ അദ്ദേഹം എങ്ങനെ തങ്ങള്‍ക്കു മുമ്പില്‍ മാതൃകയായിരുന്നുവെന്ന് വളരെ ഹൃദയംഗമമായ ഭാഷയില്‍ വിവരിക്കുകയുണ്ടായി. മഹാനഗര്‍ സംഘചാലക് അഡ്വക്കേറ്റും കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകനുമായ പി. വിജയകുമാര്‍, അടിയന്തരാവസ്ഥയ്ക്കുശേഷം മുന്‍ പ്രചാരകനും ജന്മഭൂമിയുടെ മാനേജര്‍, ആലുവ വിദ്യാധിരാജ വിദ്യാലയം മാനേജര്‍, എ.വി. ഭാസ്‌കര്‍ജി ആരംഭിച്ച ലക്ഷ്മിബായി ധര്‍മപ്രകാശന്റെ ചുമതലക്കാരന്‍ എന്നിങ്ങനെ പ്രശസ്തമായ ഒട്ടേറെ സ്ഥാപനങ്ങളുടെ ചുമതലകള്‍ കൃതഹസ്തമായി നിര്‍വഹിച്ച എം. മോഹനന്‍, തപസ്യയിലെ ലക്ഷ്മിനാരായണന്‍, മുതിര്‍ന്ന സംഘകാര്യകര്‍ത്താവ് എ.ആര്‍. മോഹനന്‍ തുടങ്ങിയവര്‍ എറണാകുളത്തെ സംഘചുമതലകളിലേക്കു തങ്ങള്‍ കടന്നുവന്ന കാലത്ത് മാര്‍ഗദര്‍ശകമായ വിധത്തില്‍ തങ്ങള്‍ക്ക് നല്‍കിയ സഹകരണത്തെക്കുറിച്ചു പറയുകയുണ്ടായി.

വളരെ പുരാതനവും പ്രശസ്തവുമായ മുളവുകാട്ട് മഠത്തില്‍ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചു വളര്‍ന്നത്. അച്ഛനാകട്ടെ ചൊവ്വരയിലെ അത്രതന്നെ പ്രശസ്തമായ മുല്ലശ്ശേരി കുടുംബാംഗവും. പക്ഷേ ഒരിക്കലും അവര്‍ക്ക് സാമ്പത്തിക പരാധീനത ഒഴിഞ്ഞില്ല. വളരെ നല്ല നിലയില്‍ത്തന്നെ സ്‌കൂള്‍ ഫൈനല്‍ ജയിച്ചു. അച്ഛന്‍ വാട്ടര്‍ അതോറിറ്റിയില്‍നിന്ന് വിരമിച്ചപ്പോള്‍ ആശ്രിതനെന്ന നിലയ്ക്ക് തനിക്കു കിട്ടുമായിരുന്ന ആ ജോലി അനുജന് ഒഴിഞ്ഞുകൊടുത്തു. താന്‍ എറണാകുളം റേഡിയോ കമ്പനി എന്ന സ്ഥാപനത്തില്‍ ജോലിയില്‍ കയറി. സര്‍ക്കാര്‍ ജീവനത്തെക്കാള്‍ സ്വകാര്യ ജീവനമാണ് സംഘപ്രവര്‍ത്തനത്തിന് സൗകര്യപ്രദം എന്നായിരുന്നു ന്യായം. ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ വ്യാപാര വ്യവസായ തൊഴിലാളി സംഘത്തില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം വന്നപ്പോള്‍ റേഡിയോ കമ്പനിയിലെ ജോലി വേണ്ടെന്നുവെച്ചു. സ്വന്തം ബന്ധുകൂടിയായിരുന്ന കമ്പനിയുടമയുമായി അസ്വാരസ്യം സൃഷ്ടിക്കാതിരിക്കാനായിരുന്നു അത്.

സ്വകാര്യ ജീവിതം ദാരിദ്ര്യത്തിലായിരുന്നത് ഒരിക്കലും സംഘപ്രവര്‍ത്തനത്തെ ബാധിക്കാന്‍ സമ്മതിച്ചില്ല. അമ്മ ജനസംഘത്തിലും, അതിന്റെ  മഹിളാ വിഭാഗത്തിലും, പിന്നീട് ബിജെപിയുടെ മഹിളാ വിഭാഗത്തിലും ആദ്യകാലങ്ങളില്‍ സജീവമായിരുന്നു. രാഷ്ട്രസേവികാ സമിതിയുടെ പ്രവര്‍ത്തനം എറണാകുളത്താരംഭിക്കുന്നതിന് പരിശീലനം നേടാന്‍ അനുജത്തിമാരില്‍ ഒരാളെ നാഗ്പൂരില്‍ ശിക്ഷണത്തിനയച്ചു. മറ്റൊരാളെ പാലക്കാട്ട് നടന്ന പരിശീലനത്തിനയച്ചു. മകന്‍ ജയരാജ് അഞ്ചു വയസ്സു മുതല്‍ കൊച്ചി മഹാനഗരത്തില്‍ നടന്നിട്ടുള്ള സംഘശിബിരങ്ങളില്‍ സ്ഥിരം അന്തേവാസിയായിരുന്നു.

എറണാകുളത്തെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപമുള്ള അംബേദ്കര്‍ സ്‌റ്റേഡിയം ഇന്ന് നഗരത്തിലെ മനോഹരവും തിരക്കേറിയതുമായ കായികവേദിയാണ്. സ്‌റ്റേഡിയത്തിനായി ആ സ്ഥലം 1960-കളില്‍ ഏറ്റെടുത്തതാണ്. പക്ഷേ അവിടെ ഒരു വികസന നടപടിയും മുന്നോട്ടുപോയില്ല. നഗരത്തിന്റെ മലവിസര്‍ജന മാലിന്യനിക്ഷേപ കേന്ദ്രമായി അതങ്ങിനെ പതിറ്റാണ്ടുകള്‍ കിടന്നു. 1970-71 കാലത്താണ്; ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന സമ്മേളനം എറണാകുളത്ത് നടത്താന്‍ തീരുമാനിച്ചപ്പോള്‍ അതിന് വേദിയായി കണ്ടത് ഈ സ്ഥാനമായിരുന്നു. ഭാസ്‌കര്‍റാവുജിയുടെ അനുമതിയോടെ ആ മൈതാനം ശുചീകരിക്കുന്ന പ്രവൃത്തിയടക്കം സമ്മേളന നടത്തിപ്പിന്റെ ചുമതലകള്‍ സ്വയംസേവകര്‍ക്കു നല്‍കപ്പെട്ടു. ഫാക്ടില്‍ ജോലിയുണ്ടായിരുന്ന നാരായണന്‍ ചേട്ടന് ഓഫീസിന്റെ ചുമതല നല്‍കപ്പെട്ടു. (അദ്ദേഹം ജോലി ഉപേക്ഷിച്ച് പ്രചാരകനായി അനേകം വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ച് ഇപ്പോള്‍ തൃശ്ശിവപേരൂരില്‍ വിശ്രമജീവിതത്തിലാണ്). മൈതാനം വൃത്തിയാക്കുന്നതിന് ചുമതലപ്പെട്ടവരുടെ നേതൃത്വം വിജയനായി. നഗരസഭയുടെ ശുചീകരണ വിഭാഗക്കാരുടെ സഹകരണം മൂലം മാലിന്യങ്ങള്‍ നീക്കംചെയ്യാന്‍ ലോറികള്‍ ലഭ്യമായി. നിശ്ചിത സമയത്തിനകത്ത് മൈതാനത്ത് താമസിക്കാനും സമ്മേളനവേദിക്കും ആവശ്യമായ നെടുമ്പുരകള്‍ നിര്‍മ്മിക്കപ്പെട്ടു. കോഴിക്കോട്ട് രണ്ട് കൊല്ലം മുമ്പ് നടന്ന അഖിലേന്ത്യാ സമ്മേളനത്തിന്റെ ചെറുപതിപ്പ് ആ മൈതാനത്തു നടന്നു. അടല്‍ജിയും രാജമാതാ വിജയരാജസിന്ധ്യയും മുഖ്യാതിഥികളായി. ടി.എന്‍. ഭരതന്‍ ആധ്യക്ഷ്യം വഹിച്ച ആ സമ്മേളനം എറണാകുളത്ത് ജനസംഘത്തിന്റെ വരവ് ഔദ്യോഗികമായി അറിയിക്കപ്പെട്ടപ്പോള്‍, അതിന്റെ പിന്നിലെ സ്വയംസേവകരുടെ പങ്കും ചെറുതായിരുന്നില്ല.

പിന്നീട് അടിയന്തരാവസ്ഥയ്ക്കുശേഷം രണ്ടുതവണകൂടി സ്‌റ്റേഡിയം മൈതാനത്ത് സംഘത്തിന്റെ വലിയ പരിപാടികള്‍ നടന്നു. നമ്മുടെ ആളുകള്‍ക്ക് ഒരു സ്ഥലവും വൃത്തിയായി കിടക്കുന്നതിഷ്ടമല്ലല്ലോ. രാജേന്ദ്രസിംഗ്ജി സര്‍സംഘചാലക് ആയിരുന്നപ്പോള്‍ എറണാകുളത്തെ പരിപാടി നടത്താന്‍ സ്‌റ്റേഡിയം ഗ്രൗണ്ടിന് അനുമതി ലഭിച്ചു. അന്ന് ഗ്യാലറി നിര്‍മിക്കപ്പെട്ടിരുന്നു. വിജയന്‍ അന്ന് ഔപചാരിക ചുമതലകളില്ലാതിരിക്കുകയായിരുന്നു. ഗ്രൗണ്ട് ഉപയോഗയോഗ്യമാക്കാന്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചാലേ നടക്കൂ എന്ന് സംഘാധികാരിമാര്‍ക്കുറപ്പായിരുന്നു. അത് യാഥാര്‍ത്ഥ്യമായി രണ്ടാഴ്ചത്തെ ഭഗീരഥ പ്രയത്‌നംകൊണ്ട് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മൈതാനം സര്‍സംഘചാലകന്റെ പരിപാടിക്കു യോഗ്യമായി. പിന്നീട് സുദര്‍ശന്‍ജി സര്‍സംഘചാലകായിരുന്നപ്പോഴും ഒരു പരിപാടി അവിടെ നടന്നു. അതുകഴിഞ്ഞേ മൈതാനവും സ്‌റ്റേഡിയവും ഔദ്യോഗിക നടപടികളിലൂടെ നന്നാക്കപ്പെട്ടുള്ളൂ.

ഇതുതന്നെയായിരുന്നല്ലോ തിരുവനന്തപുരത്തെ പുത്തരിക്കണ്ടത്തിന്റെ അവസ്ഥ. ശ്രീപത്മനാഭന് പുത്തരിയുണ്ണാനുള്ള ആ കണ്ടം തലസ്ഥാനത്തെ ഏറ്റവും വൃത്തികെട്ട ഇടമായിക്കിടക്കുമ്പോഴാണ്, അവിടെ ഹിന്ദുസംഗമം നടത്താന്‍ തീരുമാനിക്കപ്പെട്ടത്. സംഘം അതു നടത്താതെ പിന്മാറുമെന്നു വിചാരിച്ചാവണം അനുമതി നല്‍കിയത്. പക്ഷേ, അവിടെ പ്രചാരകനായിരുന്ന പി.പി. മുകുന്ദന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് സ്വയംസേവകര്‍ കൂന്താലികളും കൈക്കോട്ടുകളുമായി മൈതാനത്തെത്തിയപ്പോള്‍ കോര്‍പ്പറേഷന്‍ സഹായത്തിനെത്തി. സര്‍സംഘചാലക് ബാളാസാഹിബ് ദേവറസ് മുഖ്യാതിഥിയായിരുന്ന ആ പരിപാടി അഭൂതപൂര്‍വ്വമായി. പുത്തരിക്കണ്ടം പിന്നീട് കോര്‍പ്പറേഷന്‍ സംരക്ഷിച്ചുവരുന്നു.

കൊല്ലത്തെ ആശ്രാമം മൈതാനത്തിന്റെ അവസ്ഥയും ഒട്ടും വ്യത്യസ്തമല്ല. മോഹന്‍ ഭാഗവത് സര്‍സംഘചാലകനായതിനെത്തുടര്‍ന്ന് ലക്ഷം സ്വയംസേവകരുടെ സാംഘിക് അവിടെ നടത്തിയതിനു മുമ്പ് മൈതാനം സജ്ജമാക്കിയ പ്രയത്‌നം സമാനതകളില്ലാത്തതായിരുന്നു. അതിന് സഹകരണം നല്‍കിയും, അഭിനന്ദിക്കുകയും ചെയ്ത മേയര്‍ തിലോത്തമന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ശാസനവും സ്ഥാനഭ്രംശവും ലഭിച്ചുവല്ലോ.

പറഞ്ഞുവന്നത് സംഘത്തിന്റെ ശുചീകരണ യജ്ഞങ്ങളാണ് നമ്മുടെ വന്‍ നഗരങ്ങളിലെ തുറസ്സായ മൈതാനങ്ങളെ ഉപയോഗയോഗ്യമാക്കിയത് എന്നാണ്. അതിന്റെ അഗ്രഗാമി പച്ചാളം വിജയനായിരുന്നു.  ആയിരക്കണക്കിന് സ്വയംസേവകരുടെ മനസ്സില്‍ സ്‌നേഹമസൃണമായ ആവേശമായി അദ്ദേഹം ജീവിക്കുമെന്നതിന് സംശയമില്ല.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.