പ്രത്യാശയുടെ നുറുങ്ങുവെട്ടം

Sunday 3 March 2019 3:14 am IST
നിഗൂഢ സങ്കടങ്ങള്‍ ഉള്ളിലൊളിപ്പിച്ച് പെയ്യാന്‍ വെമ്പി തെന്നിനീങ്ങുന്ന കാര്‍മേഘക്കൂട്ടങ്ങള്‍ക്കൊപ്പമാണ് പേരന്‍പില്‍ പ്രേക്ഷകര്‍ യാത്ര ആരംഭിക്കുന്നത്. പതിയെ നിയന്ത്രണങ്ങള്‍ ഭേദിച്ച് പെയ്തു തുടങ്ങുന്ന നൊമ്പരമേഘങ്ങള്‍ പിന്നീട് സങ്കടപ്പുഴയായ് നിറഞ്ഞ് ഒഴുകുമ്പോഴും കനിവിന്റെ മറ്റൊരു നൂല്‍പുഴ ഒപ്പം ഒഴുകിയെത്തുന്നുണ്ട്. അതാണ് പേരന്‍പ് പകരുന്ന പ്രത്യാശയും പ്രേരണയും

പ്രകൃതിക്ക് ഭാവങ്ങള്‍ പലതാണ്. ചിലപ്പോള്‍ ബാല്യത്തിന്റെ നിഷ്‌കളങ്കമായ പാല്‍പുഞ്ചിരി. മറ്റ് ചിലപ്പോള്‍ സര്‍വ്വം തകര്‍ത്തെറിയുന്ന രൗദ്രഭാവം. ഒരിക്കല്‍ സര്‍വം സഹയായ മാതൃഭാവമാണെങ്കില്‍ മറ്റൊരിക്കല്‍ പകയുടെ തീക്കനലാട്ടം. ഇന്ന് കരുണയുടെ നറുനിലാവാണെങ്കില്‍ നാളെ ചതിയുടെ ചൂതാട്ടം. ഒന്നോര്‍ത്താല്‍ വൈവിധ്യ ഭാവങ്ങള്‍ നിറഞ്ഞ കുറേ അദ്ധ്യായങ്ങള്‍ ചേര്‍ത്തുവച്ചാല്‍ ഓരോ ജീവിതവും പൂര്‍ണ്ണമാവും. തമിഴ് ചലച്ചിത്ര ലോകത്തെ എണ്ണപ്പെട്ട സംവിധായകരിലൊരാളായ റാം 'പേരന്‍പ്' എന്ന ചിത്രത്തിലൂടെ അമുദവന്‍ എന്ന ഒരു സാധാരണ മനുഷ്യന്റെ  ജീവിതത്തിലെ കുറെ അദ്ധ്യായങ്ങളാണ് പറയാന്‍ ശ്രമിച്ചത്. പ്രകൃതി എന്ന അത്ഭുത പ്രതിഭാസത്തിന്റെ മാസ്മരിക ഭാവങ്ങളോട് ഇണക്കി ച്ചേര്‍ത്താണ് അമുദവന്റെ ജീവിത അദ്ധ്യായങ്ങള്‍ തുറക്കുന്നത്. 

ഉജ്ജ്വലമായ തിരക്കഥ 

സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിച്ചത്. ഒരുപാട് കാലം മനനം ചെയ്ത് ശുദ്ധീകരിച്ചതിന്റെ തനിമയും സത്യസന്ധതയും പേരന്‍പിന്റെ തിരക്കഥയ്ക്കുണ്ട്. സെറിബ്രല്‍ പാള്‍സി പോലുള്ള തീരാദുരിതം ബാധിച്ച കുട്ടികളുടെയും രക്ഷിതാക്കളുടെയും ഭൗതികവും മാനസികവുമായ സംഘര്‍ഷങ്ങള്‍, മനുഷ്യന്റെ നിലനില്‍പിനായുള്ള വിശ്രമമില്ലാത്ത കുതിപ്പുകള്‍ , ഭിന്നലൈംഗികര്‍ നേരിടുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ അങ്ങനെ പ്രകൃതിയിലെ ചില അക്ഷരത്തെറ്റുകളിലേക്കാണ് റാം തൂലിക ചലിപ്പിച്ചത്.  

സെറിബ്രല്‍ പാള്‍സിയുമായി പിറന്നു വീണ പാപ്പ എന്ന പെണ്‍കുഞ്ഞിനെ 12 വയസ്സുവരെ വേണ്ടത്ര ശ്രദ്ധിക്കാതെ ഒഴിഞ്ഞുമാറിയ അച്ഛനാണ് അമുദവന്‍. ഏറെ സങ്കീര്‍ണ്ണമായ രോഗാവസ്ഥയിലുള്ള കുഞ്ഞിനെ 12 വര്‍ഷം നില്‍ക്കാനും നടക്കാനും ആശയവിനിമയം നടത്താനും ഭക്ഷണം കഴിക്കാനും സ്‌നേഹപൂര്‍വ്വം പഠിപ്പിച്ച അമ്മ 12-ാം വര്‍ഷം പാപ്പയെ അച്ഛനെ ഏല്‍പ്പിച്ച് മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടുകയാണ്. 'അമ്മ' എന്ന വാക്ക്  കേള്‍ക്കുമ്പോള്‍ പോലും പാപ്പയിലുണ്ടാകുന്ന വികാര വിക്ഷോഭം കണ്ടാലറിയാം അമ്മ അവളിലേക്ക് പകര്‍ന്ന സ്‌നേഹ സാന്ത്വനത്തിന്റെ വലുപ്പം. അമുദവന്റെ ഭാര്യ തങ്കത്തിന് മുഖം നല്‍കാതിരുന്നത് റാമിന്റെ സംവിധാന മികവാണ്. അതുകൊണ്ടുതന്നെ ഒരു മനുഷ്യജീവിയുടെ സ്വാഭാവിക പരിണാമം എന്ന നിലയ്ക്ക് അവരോട് പൊറുക്കാന്‍ പ്രേക്ഷകര്‍ നിര്‍ബന്ധിതരാവും. പ്രതിസന്ധികളുടെ പത്മവ്യൂഹത്തില്‍ അകപ്പെട്ട തങ്കത്തെ അന്വേഷിച്ച് ചെല്ലുന്ന അമുദവനോട് പാപ്പയെക്കുറിച്ച് ഒരക്ഷരം അവര്‍ ചോദിക്കുന്നില്ല എന്നത് വൈരുധ്യമാണെങ്കിലും.  

അഭിനയത്തികവില്‍ മമ്മൂട്ടി

12 വര്‍ഷം മനസ്സിലേക്കെടുക്കാത്ത സ്പാസ്റ്റിക്കായ മകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുന്ന അമുദവനില്‍ സംഭവിക്കുന്ന സ്‌നേഹപരിണാമങ്ങള്‍ അതിമനോഹരമായാണ് മമ്മൂട്ടി പകര്‍ന്നാടിയത്. വണ്‍, ടൂ, ത്രീ കഴിഞ്ഞ് ഫോര്‍ പഠിപ്പിക്കാന്‍ പാടുപെടുന്ന അച്ഛന്‍... ത്രീ കഴിഞ്ഞ് എണ്ണിയാലെന്ത് എണ്ണിയില്ലെങ്കിലെന്ത് നക്ഷത്രങ്ങളെ എണ്ണിത്തിട്ടപ്പെടുത്താന്‍ ആര്‍ക്കും ആവില്ലല്ലോ എന്നോര്‍ത്ത് ആകാശകാഴ്ചയില്‍ വിസ്മയിക്കുന്ന മനുഷ്യന്‍... മകളുടെ ആര്‍ത്തവ പരിചരണം നടത്താനാവാതെ നിസ്സഹായത അനുഭവിക്കുന്ന അച്ഛന്‍... അങ്ങനെ നിരവധി സീനുകളില്‍ മമ്മൂട്ടി വിസ്മയകരമായ അനുഭവമാണ് സമ്മാനിച്ചത്. 

മകളുടെ വേഷം അവതരിപ്പിച്ചത് മലയാളത്തില്‍ കുടുംബവേരുകളുള്ള സാധനയാണ്. ഒട്ടും നാടകീയതയിലേക്ക് വഴുതി വീഴാതെ ഏറെ ഭദ്രമായിത്തന്നെ സാധന ബുദ്ധിമുട്ടേറിയ അവസ്ഥയെ പുനരാവിഷ്‌കരിച്ചിട്ടുണ്ട്. മലയാളിയായ ട്രാന്‍സ് മോഡല്‍ അഞ്ജലി അമീര്‍ വളരെ സ്വാഭാവികമായി മീരയെ അവതരിപ്പിച്ചതും ശ്രദ്ധേയമാണ്. അഞ്ജലി അവതരിപ്പിച്ച വിജിയും സമുദ്രക്കനിയുടെ ഡോക്ടറും വളരെ കുറച്ച് സീനുകളിലാണെങ്കിലും ഓര്‍ക്കാന്‍ പ്രേരിപ്പിക്കുന്നവയാണ്. 

മനം നിറച്ച ദൃശ്യചാരുത

കഥയിലുടനീളം പ്രകൃതിയുടെ വികാര വിക്ഷോഭങ്ങളും ക്യാമറ പിന്‍തുടര്‍ന്നിട്ടുണ്ട്. അതിന് യുവന്‍ ശങ്കര്‍ രാജയുടെ സംഗീതവും കൂട്ടായി. റോട്ടര്‍ഡാം ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ഷാങ്ഹായ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിച്ച് കഴിഞ്ഞു.  

നിഗൂഢ സങ്കടങ്ങള്‍ ഉള്ളിലൊളിപ്പിച്ച് പെയ്യാന്‍ വെമ്പി തെന്നിനീങ്ങുന്ന കാര്‍മേഘക്കൂട്ടങ്ങള്‍ക്കൊപ്പമാണ് പേരന്‍പില്‍ പ്രേക്ഷകര്‍ യാത്ര ആരംഭിക്കുന്നത്. പതിയെ നിയന്ത്രണങ്ങള്‍ ഭേദിച്ച് പെയ്തു തുടങ്ങുന്ന നൊമ്പരമേഘങ്ങള്‍ പിന്നീട് സങ്കടപ്പുഴയായ് നിറഞ്ഞ് ഒഴുകുമ്പോഴും കനിവിന്റെ മറ്റൊരു നൂല്‍പുഴ ഒപ്പം ഒഴുകിയെത്തുന്നുണ്ട്. അതാണ് പേരന്‍പ് പകരുന്ന പ്രത്യാശയും പ്രേരണയും. 

എത്രയൊക്കെ അഴിക്കാനാവാത്ത കുരുക്കുകളില്‍ ജീവിതം തളച്ചിട്ടാലും പ്രത്യാശയുടെ നറുവെട്ടം പ്രകൃതി എവിടെയെങ്കിലും ഒളിപ്പിച്ച് വച്ചിട്ടുണ്ടാവും എന്ന സന്ദേശമാണ് പേരന്‍പ് നല്‍കുന്നത്. 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.