ജ്യോതിസ്സും ബ്രഹ്മം

Sunday 3 March 2019 3:55 am IST

ജ്യോതിശ്ചരണാധികരണം

പത്താമത്തേതായ ഈ അധികരണത്തില്‍ 4 സൂത്രങ്ങളാണ് ഉള്ളത്.

 

സൂത്രം - ജ്യോതിശ്ചരണാഭിധാനാത്

 

പാദങ്ങളെപ്പറ്റി പറഞ്ഞതിനാല്‍ ജ്യോതിശ്ശബ്ദം ബ്രഹ്മത്തെ കുറിക്കുന്നു. ജ്യോതിസ്സെന്ന് പറഞ്ഞിട്ടുള്ളതും പാദങ്ങളെപ്പറ്റി പറഞ്ഞിട്ടുള്ളതിനാലും അത് ബ്രഹ്മമെന്ന് അറിയണം.

 

ഛാന്ദോഗ്യോപനിഷത്തില്‍

 

അഥ യദത: പരോ ദിവോ ജ്യോതിര്‍ ദീപ്യതേ

വിശ്വത: പൃഷ്‌ഠേഷു സര്‍വ്വത: പൃഷ്‌ഠേഷു

അനുത്തമേഷു ലോകേഷ്വിദം വാവതദ്

യദിദമസ്മിന്നന്ത:പുരുഷേ ജ്യോതി: 

ഈ ദ്യു ലോകത്തില്‍ നിന്നും പരമായി എല്ലാറ്റിലും മുകളില്‍ അത്യുത്തമങ്ങളും ഉന്നതങ്ങളുമായ ലോകങ്ങളില്‍ പ്രകാശിക്കുന്ന ജ്യോതിസ്സ് പു

രുഷന്റെ ഉള്ളില്‍ പ്രകാശിക്കുന്ന ജ്യോതിസ്സാണ് എന്നാണ് മന്ത്രത്തിന്റെ അര്‍ത്ഥം.

ഇവിടെ ജ്യോതിസ്സ് എന്ന് പറഞ്ഞത് സൂര്യന്‍ മുതലായ ജ്യോതിസ്സിനെയാണോ അതോ പരമ ജ്യോതിസ്സായ ബ്രഹ്മത്തെയാണോ എന്ന സംശയത്തിനുള്ള നിവാരണമാണ് ഈ സൂത്രം.

 ഈ മന്ത്രത്തില്‍ പറഞ്ഞ ജ്യോതിശ്ശബ്ദം കേവലം ജഡമായ പ്രകാശത്തിനെ കുറിക്കുന്നതല്ല. അതിനെ വര്‍ണ്ണിക്കുന്നതില്‍ നിന്ന് തന്നെ ഇക്കാര്യം മനസ്സിലാക്കാം.

എന്നാല്‍ എന്തിന്റെ വാചകമാണ് ജ്യോതിശ്ശബ്ദം? അത് ജ്ഞാനപ്രകാശത്തിന്റെയെന്നോ ജീവന്റെയെന്നോ പരമാത്മാവിന്റെയെന്നോ വ്യക്തമായി പറഞ്ഞിട്ടും ഇല്ല. അതിനാല്‍ ഈ സൂത്രം കൊണ്ട് പറയുന്ന ജ്യോതിശബ്ദം ബ്രഹ്മവാചകമാണ്. എന്തുകൊണ്ടെന്നാല്‍ ഈ ഉപനിഷത്തില്‍ തന്നെ അതിന് മുമ്പ് ജ്യോതീരൂപമായ ബ്രഹ്മത്തെ പദവിഭജനം ചെയ്ത് പറഞ്ഞിട്ടുണ്ട്. നാല് പാദങ്ങളുള്ള ബ്രഹ്മത്തിന്റെ ഒരു പാദമാണ് ചരാചരാത്മകമായ പ്രപഞ്ചമായിരിക്കുന്നത്. ബാക്കി മൂന്ന് പാദങ്ങള്‍ അമൃതസ്വരൂപമായി ഊര്‍ദ്ധ്വ ലോകത്ത് പ്രകാശിക്കുന്നുവെന്നും ശ്രുതി പറയുന്നു.

ഛാന്ദോഗ്യത്തില്‍ 'താവാ നസ്യ 

മഹിമാ തതോ ജ്യായാംശ്ച പൂരുഷ:

പാദോളസ്യ സര്‍വ്വാ ഭൂതാനി,

ത്രിപാദസ്യാമൃതം ദിവി'

വ്യാകൃതമായിരിക്കുന്ന ഈ പ്രപഞ്ചം മുഴുവന്‍ ഏതൊരു പുരുഷന്റെ മഹത്വത്തെ കാണിക്കുന്നതാണോ, ആ പുരുഷന്റെ യഥാര്‍ത്ഥ സ്വരൂപം എത്രയോ മഹത്തരവും ശ്രേഷ്ഠവുമാണ്. ആ പു

രുഷന്റെ ഒരു പാദം അഥവാ കാല്‍ ഭാഗം മാത്രമാണ് ഈ പ്രപഞ്ചം. മുക്കാല്‍ ഭാഗമായ മൂന്ന് പാദങ്ങളും പ്രകാശമാനവും നാശമില്ലാത്തതുമായ സ്വസ്വരൂപത്തില്‍ സ്ഥിതി ചെയ്യുന്നുവെന്ന് ഈ മന്ത്രം പറയുന്നു.

 അതിനാല്‍ ജ്യോതിസ്സ് പരബ്രഹ്മം തന്നെയെന്ന് വ്യക്തമാണ്. ജ്യോതിര്‍ ഗോളങ്ങള്‍ക്കെല്ലാം പ്രകാശം നല്‍കുന്നത് ആ ബ്രഹ്മജ്യോതിസ്സ് തന്നെയാണ്.

കഠോപനിഷത്തില്‍ 'തമേവ 

ഭാന്തമനുഭാതി സര്‍വ്വം

തസ്യ ഭാസാ സര്‍വ്വമിദം വിഭാതി '

സ്വയം പ്രകാശമായ ബ്രഹ്മത്തിന്റെ ശോഭ കൊണ്ടാണ് പ്രപഞ്ചത്തിലെ എല്ലാം ശോഭിക്കുന്നത്. ഇക്കാരണത്താലും മൂല ജ്യോതിസ്സ് ബ്രഹ്മം തന്നെ.

മാണ്ഡൂക്യോപനിഷത്തിലും ഇതുപോലെ ആത്മാവിനെ തേജോ രൂപത്തില്‍ വര്‍ണ്ണിച്ചിട്ടുണ്ട്. നാല് പാദങ്ങളായി പറഞ്ഞിട്ടുമുണ്ട്. അതിനാല്‍ ഇവിടെ ജ്യോതിശ്ശബ്ദം ബ്രഹ്മവാചകം തന്നെയാണ്.

 

 

സ്വാമി അഭയാനന്ദ

ചിന്മയ മിഷന്‍, തിരുവനന്തപുരം

 

ബ്രഹ്മസൂത്രം -32

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.