ഡി സിനിമാസ് പുറമ്പോക്കിലെന്ന കേസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

Sunday 3 March 2019 7:05 am IST

കൊച്ചി: നടന്‍ ദിലീപിന്റെ ഉടമസ്ഥതയില്‍ ചാലക്കുടിയിലുള്ള ഡി സിനിമാസ് തിയേറ്റര്‍ സമുച്ചയം പുറമ്പോക്കിലാണെന്ന വിജിലന്‍സ് കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. കൈയേറ്റം ആരോപിച്ചുള്ള പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി 2018 മാര്‍ച്ച് 15 ന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ദിലീപ് നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് സിംഗിള്‍ ബെഞ്ചിന്റെ വിധി. 

കേസില്‍ ആരെയും പ്രതി ചേര്‍ക്കാത്ത  സാഹചര്യത്തില്‍ അന്വേഷണം ഹര്‍ജിക്കാരനെ എങ്ങനെ ബാധിക്കുമെന്ന് അറിയില്ല. കേസില്‍ പ്രതി ചേര്‍ത്താല്‍ മാത്രമേ ഹര്‍ജിക്കാരന്‍ കോടതിയെ സമീപിക്കേണ്ടതുള്ളൂവെന്നും ഹൈക്കോടതി പറഞ്ഞു. അഴിമതി നിരോധന നിയമപ്രകാരമുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് സാധുതയുണ്ടോയെന്ന് അന്വേഷിക്കണമെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു.

നേരത്തെ കേസില്‍ പ്രാഥമികാന്വേഷണം നടത്തിയ വിജിലന്‍സ,് തുടര്‍ നടപടിക്ക് സാധ്യതയില്ലെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇതു നിരസിച്ച വിജിലന്‍സ് കോടതി ആരെയും കേസില്‍ പ്രതി ചേര്‍ക്കാതെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിനെയാണ് ദിലീപ് ചോദ്യം ചെയ്തത്. 

അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റമാണോ പൊതുസേവകന്റെ ഭാഗത്തു നിന്നുള്ള സാന്ദര്‍ഭിക വീഴ്ചയാണോ ഇതിലുള്ളതെന്ന് വിജിലന്‍സ് പരിശോധിക്കണം. റവന്യു വിഷയം കളക്ടര്‍ പരിശോധിച്ച് തീര്‍പ്പാക്കിയതാണോയെന്ന് വിജിലന്‍സ് പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.