കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങി

Sunday 3 March 2019 7:08 am IST

തിരുവനന്തപുരം: കെഎസ്ആര്‍ടിസി വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ഈ മാസം ശമ്പളം നല്‍കാന്‍ 50 കോടി രൂപ സര്‍ക്കാരിനോട് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടു. പത്ത് മാസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ശമ്പളം മുടങ്ങുന്നത്. സംഭവം വിവാദമായതോടെ പകുതിപ്പേര്‍ക്ക് ശമ്പളം നല്‍കി.

സോണുകളില്‍ ചില ഡിപ്പോയില്‍ ഡ്രൈവര്‍മാര്‍ക്ക് ശമ്പളം നല്‍കിയപ്പോള്‍ കണ്ടക്ടര്‍മാര്‍ക്ക് ലഭിച്ചില്ല. ചിലയിടങ്ങളില്‍ മെക്കാനിക്കുകള്‍ക്ക് ശമ്പളമെത്തിയപ്പോള്‍ ഓഫീസ് ജീവനക്കാരുടെ അക്കൗണ്ടില്‍ പണമെത്തിയില്ല. നല്‍കിയിടത്താകട്ടെ പിഎഫ്, ലോണ്‍, എല്‍ഐസി, തുടങ്ങിയവയിലേക്ക് പണമടച്ചില്ല.

വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ പത്ത് മാസം കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയിരുന്നില്ല. ജനുവരി വരെ സര്‍ക്കാര്‍ നല്‍കിയ പണവും ബാക്കി സ്വന്തം അക്കൗണ്ടില്‍ നിന്നുമാണ് ശമ്പളം നല്‍കിയത്. 87 കോടിയാണ് ശമ്പളം നല്‍കാനായി വേണ്ടത്. ഇതില്‍ സര്‍ക്കാരിന്റെ വിഹിതമായ 20 കോടി കഴിഞ്ഞ ദിവസം നല്‍കി. എന്നാല്‍, ബാക്കി കൂടി നല്‍കിയാലെ ശമ്പളം നല്‍കാനാകൂ. ഒരു മാസം കൊണ്ട് വരുമാനം കുത്തനെ ഇടിഞ്ഞെന്നാണ് പ്രതിസന്ധി സൂചിപ്പിക്കുന്നത്. സിംഗിള്‍ ഡ്യൂട്ടി അടക്കമുള്ള പരിഷ്‌കാരങ്ങളും റൂട്ട് നിയന്ത്രണവും കെഎസ്ആര്‍ടിസിയുടെ വരുമാനം വര്‍ധിപ്പിച്ചിരുന്നു.

ശമ്പളം മാത്രമല്ല ഇന്ധനം, പ്രൊഫഷണല്‍ ടാക്‌സ്, സ്‌പെയര്‍പാര്‍ട്‌സ്, പെന്‍ഷന്‍ പ്രോസസിങ് തുടങ്ങിയവയ്ക്കായി 20 കോടിയോളം രൂപയും കണ്ടെത്തണം. ഇന്ധന കുടിശിക ഇനിയും കൂടിയാല്‍ ഇന്ധനം കിട്ടാതെ വരും. ട്രഷറിയിലടക്കം കടുത്ത നിയന്ത്രണമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. അതുകൊണ്ട് തന്നെ സര്‍ക്കാരിന്റെ അധിക സഹായം ഇനിയും വൈകാനാണ് സാധ്യത.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.