ഭീകരതയെ ആശ്ലേഷിക്കുന്നകമ്മ്യൂണിസം

Sunday 3 March 2019 5:32 am IST
എന്നും സമൂഹ മനസ്സിനെതിരെ തിരിഞ്ഞു നിന്ന ചരിത്രമേ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുള്ളു. അതിന്റ പ്രകടമായ തെളിവാണ്, പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ രണ്ടാം മിന്നല്‍ ആക്രമണത്തില്‍ രാജ്യമാകെ ആഹ്‌ളാദിക്കുമ്പോള്‍ കേരളത്തിലെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ദേശവിരുദ്ധമായ പ്രസ്താവന. ഈ നിലപാടിന്റെ പശ്ചാത്തലത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തേക്കുറിച്ചും അവരുടെ വിചിത്രമായ നിലപാടുകളേയുംകുറിച്ച് ഒരു ചിന്ത.

കമ്മ്യൂണിസ്റ്റുകള്‍ തങ്ങളുടെ കാഴ്ചപ്പാടും ലക്ഷ്യവും ഒളിച്ചുവയ്ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. നിലവിലുള്ള സാമൂഹ്യക്രമങ്ങളെ ബലം പ്രയോഗിച്ച് പിഴുതെറിഞ്ഞുകൊണ്ട് തങ്ങളുടെ ലക്ഷ്യം നേടാനാകു എന്ന് വിശ്വസിക്കുന്നു. കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന് മുമ്പില്‍ ഭരണവര്‍ഗ്ഗം പേടിച്ചു വിറച്ചുനില്‍ക്കണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അക്രമങ്ങളെ തങ്ങളുടെ മാര്‍ഗ്ഗമായി കൊണ്ടുനടക്കുന്നവരാണ്. അക്രമ പ്രവര്‍ത്തനങ്ങളില്‍ക്കൂടിമാത്രമെ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം കൈവരിക്കാനാവു എന്നവര്‍ ഉറച്ച് വിശ്വസിക്കയും ചെയ്യുന്നു.

കാള്‍ മാര്‍ക്‌സിന്റെ 1859ല്‍ ‘എ കോണ്‍ട്രിബ്യൂഷന്‍ ടു ദി ക്രിട്ടിസിസം ഓഫ് പൊളിറ്റിക്കല്‍ എക്കണോമി’ എന്ന പ്രബന്ധത്തിലെ ഒരു ചെറിയ വിവരണമാണ് മുകളില്‍ കാണുന്നത്. ഇതിന് അനുബന്ധമായി മാത്രമാണല്ലോ അദ്ദേഹത്തിന്റെ ദാസ് ക്യാപിറ്റലും മറ്റ് ഹദീസുകളും. 

എന്നും സമൂഹ മനസ്സിനെതിരെ തിരിഞ്ഞു നിന്ന ചരിത്രമേ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുള്ളു. അതിന്റ പ്രകടമായ തെളിവാണ്, പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ രണ്ടാം മിന്നല്‍ ആക്രമണത്തില്‍ രാജ്യമാകെ ആഹ്‌ളാദിക്കുമ്പോള്‍ കേരളത്തിലെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ദേശവിരുദ്ധമായ പ്രസ്താവന. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമാണിതെന്നാണ് കോടിയേരിയുടെ ആരോപണം. ഈ നിലപാടിന്റെ പശ്ചാത്തലത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തേക്കുറിച്ചും അവരുടെ വിചിത്രമായ നിലപാടുകളേയുംകുറിച്ച് ഒരു ചിന്ത. 

1921ല്‍ മലബാറില്‍ നടന്ന മാപ്പിള ലഹളയെയും കൂട്ടക്കൊലയെയും ക്ഷേത്രധ്വംസനത്തേയും ജിഹാദ്ദി മുസ്ലീമിന്റെ വാളിന് മുമ്പിലെ മതപരിവര്‍ത്തനത്തെയും, ഗത്യന്തരമില്ലാതെ കൂട്ടപലായനം ചെയ്ത അനുഭവത്തെയുമൊക്കെ സ്വാതന്ത്ര്യസമരമായും കര്‍ഷക സമരമായും ചിത്രീകരിച്ചു. ആ  ലഹളക്കാര്‍ക്കു പെന്‍ഷന്‍ പോലും കൊടുത്തു.  

കോണ്‍ഗ്രസ്സിന്റെ മറപിടിച്ച് സോഷ്യലിസ്റ്റ് ചേരിയിലൂടെ സ്വാധീനം ഉറപ്പിച്ചതോടെ കേരളം കമ്മ്യൂണിസ്റ്റുകളുടെ വിളനിലമായി. രക്തം ചിന്തുക പ്രധാനലക്ഷ്യമാക്കിയിരിക്കുന്ന അവര്‍ നിരക്ഷരരായ പട്ടിണിപ്പാവങ്ങളെ വാഗ്ദാനങ്ങളിലൂടെ പ്രലോഭിപ്പിച്ച് സംഘടിപ്പിച്ചു കയ്യൂര്‍, പുന്നപ്ര, വയലാര്‍ സമരങ്ങള്‍ നടത്തി. പട്ടാളക്കാരുടെ തോക്കിന്റെ മുന്നിലേക്ക് വാരിക്കുന്തവുമായി തള്ളിവിട്ട്, രക്തസാക്ഷികളെ സൃഷ്ടിച്ച് പാര്‍ട്ടി വളര്‍ത്തി. അങ്ങനെ 1957ല്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പൊതുതിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്നു. ഇതു ലോകമെമ്പാടും ഒരേ സമയം ഭയവും പ്രതീക്ഷയും വളര്‍ത്തി. ഭയം, പല രാഷ്ട്രങ്ങളിലെയും മുതലാളിത്ത വ്യവസ്ഥിതി അപകടത്തിലാകുമോ എന്നതായിരുന്നു. മാര്‍ക്‌സിസ്റ്റ് രക്ഷകന്‍ വന്ന് തങ്ങളെ മോചിപ്പിക്കുമെന്ന് ദരിദ്രരാഷ്ട്രങ്ങള്‍ വ്യാമോഹിച്ചു. ഒന്നും നടന്നില്ല. കേരളം സര്‍വ്വനാശത്തിലേക്ക് കൂപ്പുകുത്തുന്നതിനുള്ള തുടക്കം കുറിയ്ക്കുക മാത്രമായിരുന്നു അത്. 

ഇനി 1977ല്‍ ബാലറ്റിലൂടെ അവര്‍ അധികാരത്തില്‍ വന്ന പശ്ചിമ ബംഗാളിനെ പരിശോധിച്ചുനോക്കാം. കേരളത്തില്‍ അവര്‍ക്ക് നേരിടേണ്ടിവന്ന അനുഭവങ്ങളെ അവലോകനം ചെയ്തപ്പോള്‍ അവര്‍ക്ക് മനസ്സിലായി ജനായത്ത രീതിയില്‍ അധികാരത്തിലെത്തിയാലും കേരളത്തില്‍ നടന്നതുപോലെ ജനങ്ങളില്‍ നിന്നുതന്നെ ഒരു പ്രക്ഷോഭം ഉണ്ടാകാമെന്ന്. അതിനു പരിഹാരമായി, അവരുടെ മാനിഫെസ്റ്റോയില്‍ പറഞ്ഞിരിക്കുന്ന, കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന് മുന്നില്‍ ഭരണവര്‍ഗ്ഗം പേടിച്ച് വിറച്ച് നില്‍ക്കണം എന്ന മാര്‍ഗം അവലംബിക്കാന്‍ തീരുമാനിച്ചു.

അതിനുള്ള മാര്‍ഗ്ഗമാണു കൊലപാതകം.  ഭരണം കയ്യിലെത്തും മുമ്പുതന്നെ അത് ആരംഭിച്ചു. 1978 മുതല്‍ സ്വന്തം ഭരണത്തണലില്‍ വ്യവസ്ഥാപിതമായ രീതിയിലുള്ള കൊലകള്‍ ആരംഭിച്ചു. ഒറ്റപ്പെട്ട കൊലപാതകങ്ങള്‍ കൂടാതെ പല കൂട്ടക്കൊലകളും നടത്തി. പതിനേഴോളം പേരെ മര്‍ദ്ദിച്ച് അവശരാക്കി പെട്രോളൊഴിച്ച് പൊതുജനങ്ങള്‍ക്ക് മുമ്പില്‍ വെച്ചു തീകൊളുത്തി കൊന്നു. യു.എന്‍. പ്രതിനിധികളായ രണ്ട് സ്ത്രീകളെ ബലാല്‍സംഗം ചെയ്ത് കൊന്നു. കൊലപാതകം, ബലാല്‍സംഗം, കൊള്ളിവെയ്പ്, മോഷണം എന്നിങ്ങനെയുള്ള ഹീനമാര്‍ഗ്ഗങ്ങളില്‍ക്കൂടി തങ്ങളുടെ ആധിപത്യം ഓരോ പ്രദേശങ്ങളിലും ഉറപ്പിച്ചു.  

1997ല്‍ നിയമസഭയില്‍ ഒരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞത് 1977നും 1996 നും മദ്ധ്യേ 28000ത്തോളം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു എന്നാണ്. തൊണ്ണൂറുകളുടെ അവസാനത്തോടെ കൊലപാതകങ്ങളുടെ തോത് പിന്നെയും ഉയര്‍ന്നു. 97ലെ കണക്കുകേട്ട് മുഖ്യമന്ത്രിയ്‌ക്കെതിരെ പരക്കെ വിമര്‍ശനമുണ്ടായി. അതിനാല്‍,  കൃത്യമായ കണക്കു സൂക്ഷിക്കാത്ത കൊലപാതകങ്ങള്‍ ആയിരുന്നു പിന്നീട് നടന്നത്. 

2009ലെ കണക്ക്: 2284 കൊലപാതകങ്ങള്‍, 2516 ബലാത്സംഗങ്ങള്‍, 3013 മാനഭംഗം, 17571 സ്ത്രീപീഡനങ്ങള്‍ കൂടാതെ മാവോയിസ്റ്റ് നേതൃത്വത്തില്‍ 134 കൊലപാതകങ്ങളും. 

1997നും 2009നും ഇടയില്‍ 55408 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിട്ടും 35 വര്‍ഷത്തിനിടയില്‍ ഒരാള്‍പോലും ശിക്ഷിക്കപ്പെട്ടില്ല. ഇത്രയും കുറ്റവാളികള്‍ സംസ്ഥാനത്ത് സൈ്വര്യവിഹാരം നടത്തുന്നെങ്കില്‍ അക്രമപ്രവര്‍ത്തനങ്ങളില്‍ നേരിട്ടും അല്ലാതെയും പങ്കാളികളായ പോലീസും ചേര്‍ന്ന് എങ്ങനെ സംസ്ഥാനത്തെ ഭരണം നടത്തുന്നു എന്ന് അനുമാനിക്കാം. ചുരുക്കത്തില്‍,  കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 35 വര്‍ഷം ഒരു സംസ്ഥാനം ഭരിച്ചിട്ട് അതിനെ എല്ലാത്തുറകളിലും പരാജയപ്പെട്ട സംസ്ഥാനമാക്കി മാറ്റി. 

രക്തത്തില്‍ മുക്കിപ്പിഴിഞ്ഞ കൊടി. കുഴുത്തുവെട്ടാനുള്ള അരിവാളും തലയടിച്ച് പൊട്ടിക്കാനുള്ള ചുറ്റികയും കൊടിയടയാളം.  മാനുഷിക മൂല്യമില്ലാത്ത, മനുഷ്യനെ കളിപ്പിക്കാന്‍ മാത്രമുള്ളൊരു മാനിഫെസ്റ്റോ. ലഭിച്ച ഭരണം ഒരിടത്തും നിലനിര്‍ത്താന്‍ കഴിയാത്ത പ്രസ്ഥാനം. ഇതിന്റെ ശവക്കല്ലറ കേരളത്തിലോ ക്യൂബയിലോ?

കേരള ജനത രാഷ്ട്രീയ കാര്യത്തില്‍ അല്‍പബുദ്ധികളും മറവിരോഗികളും ആണെന്നുള്ളത് പലതവണ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണല്ലോ. അനുഭവിക്കുക, ഭരണകാലാവധി കഴിയും വരെ. പിന്നെ മനസ്സിരുത്തി വോട്ടവകാശം വിനിയോഗിക്കുക. ഇന്ത്യയില്‍ നിന്നു തന്നെ ഈ പ്രസ്ഥാനത്തേ തുടച്ചുനീക്കാം. അതിനുള്ള നിയോഗം നമുക്കാണ്, കേരളീയര്‍ക്ക്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.