മാനംമുട്ടേ അഭിമാനം

Sunday 3 March 2019 5:35 am IST

ഇന്ത്യയാണ് ശരി. ഈ സത്യം ലോകം തിരിച്ചറിഞ്ഞു. അമേരിക്കയും ഫ്രാന്‍സും ജപ്പാനും മാത്രമല്ല, ഏറ്റവും വലിയ ഇസ്ലാമിക രാജ്യമായ സൗദി അറേബ്യയും കാര്യങ്ങള്‍ മനസ്സിലാക്കി. തുടര്‍ന്നാണ് പാക്കിസ്ഥാന്‍ കുരുക്കിലായത്. ഇന്ത്യയെ വിരട്ടാനുള്ള പാക്കിസ്ഥാന്റെ ശ്രമം ഇതോടെ ഉപേക്ഷിക്കേണ്ടിവന്നു. പാക്കിസ്ഥാന്‍ പിടികൂടിയ ഇന്ത്യന്‍ ജവാന്‍ അഭിനന്ദിനെ വച്ച് വിലപേശാനായിരുന്നു പാക്കിസ്ഥാന്റെ മോഹം.

പക്ഷെ ലോകം പാക്കിസ്ഥാനുനേരെ വിരല്‍ചൂണ്ടി. ഈ തീക്കളി നിര്‍ത്തിയില്ലെങ്കില്‍ ഭവിഷത്ത് ഗുരുതരമാകുമെന്ന് ലോകമാകെ മുന്നറിയിപ്പ് നല്‍കി. അതൊടൊപ്പം 48 മണിക്കൂറിനകം അഭിനന്ദനെ വിട്ടയയ്ക്കണമെന്ന അന്ത്യശാസനം ഇന്ത്യ നല്‍കുകയും ചെയ്തു. ഇത് കേട്ടയുടനെ പലതവണ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബന്ധപ്പെടാന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ശ്രമിച്ചത്രെ. പക്ഷെ കഴിഞ്ഞില്ല. ഒടുവിലാണ് പാക്കിസ്ഥാന്റെ സംയുക്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇമ്രാന്‍ഖാന്‍ നിര്‍ണായകമായ പ്രസ്താവന നടത്തിയത്. അഭിനന്ദനെ വെള്ളിയാഴ്ച വിട്ടയയ്ക്കും. 

ഇന്ത്യയുടെ ശക്തി ലോകം തിരിച്ചറിഞ്ഞു. പാക്കിസ്ഥാനും കാര്യങ്ങള്‍ ബോധ്യമായി. കളി കാര്യമാകുമെന്ന് തിരിച്ചറിഞ്ഞപ്പോള്‍ കീഴടങ്ങി. നരേന്ദ്രമോദിയെ കള്ളനെന്ന് വിളിക്കുന്നവരുടെ കവിളത്തടിക്കുന്ന തീരുമാനം പാക്കിസ്ഥാന് സ്വീകരിക്കേണ്ടിവന്നത് സ്വാഭാവികം. 

നരേന്ദ്രമോദി യുദ്ധസമാനമായ സാഹചര്യത്തില്‍ രാഷ്ട്രീയം കളിക്കുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം. ദല്‍ഹിയില്‍ സംയുക്തപാര്‍ട്ടിയോഗം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയത് രാഷ്ട്രീയം പറയാനല്ലെ? മുല്ലപ്പള്ളി രാമചന്ദ്രനും കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും കേരളത്തില്‍ തെക്കുവടക്ക് നടക്കുന്നത് ശരണം വിളിച്ചുകൊണ്ടാണോ? നരേന്ദ്രമോദിയെ കല്ലെറിയാന്‍ ശ്രമിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാകുകയാണ്. പാക്കിസ്ഥാന്‍ മാത്രമല്ല നമ്മുടെ നാട്ടിലെ രാഷ്ട്രീയ നേതാക്കളും നരേന്ദ്രമോദിയെ വലിയ തോതില്‍ ഭയക്കുന്നു. മാങ്ങയുള്ള മാവിനാണല്ലൊ കല്ലേറ് കിട്ടുക. ഏതായാലും രാജ്യത്തിന്റെ അഭിമാനം മാനം മുട്ടെ എത്തിയെങ്കില്‍ നരേന്ദ്രമോദിക്ക് നല്‍കണം ബിഗ് സല്യൂട്ട്. 

കേരളത്തില്‍ നവോത്ഥാനമാണല്ലൊ മുഖ്യമുദ്രാവാക്യം. മനുഷ്യന്‍ നെല്ലുണക്കുമ്പോള്‍ വാനരന്മാര്‍ വാലുണക്കുമെന്ന് കേട്ടിട്ടുണ്ട്. അതുപോലെയാണ് കേരളത്തിലെ നവോത്ഥാനം.

മുഖ്യമന്ത്രി പിണറായി വിജയന്‍ നവോത്ഥാന നായകനാകാന്‍ നടത്തുന്ന ശ്രമങ്ങള്‍ വിമര്‍ശന വിധേയമായിട്ടുണ്ടല്ലൊ. നവോത്ഥാനം ഹിന്ദുക്കളില്‍മാത്രം മതിയോ? ക്രൈസ്തവരെയും മുസല്‍മാന്‍മാരെയും ഇതില്‍ ഉള്‍ക്കൊള്ളിക്കാത്തതെന്ത്? എന്നൊക്കെ ചോദ്യമുയര്‍ത്തുന്നവര്‍ക്ക് സദുദ്ദേശ്യമാണെന്ന് ഏതായാലും മാലോകര്‍ ചിന്തിക്കില്ല. കുറഞ്ഞപക്ഷം മുഖ്യമന്ത്രി വിജയനെങ്കിലും.

ക്രൈസ്തവ സഭകളില്‍ പുരോഹിതന്മാരല്ലെ ഉള്ളു. പുരോഹിതകളില്ലല്ലൊ. ഒരു സ്ത്രീയും കുമ്പസാരം സ്വീകരിക്കുന്നില്ലല്ലൊ. സ്ത്രീകളെ പള്ളിയിലെ അച്ചനുപകരം അച്ചി പദവിയ്ക്ക് അര്‍ഹയാക്കുന്നില്ല. മുസ്ലീം വനിതകളുടെ കാര്യത്തിലും സ്ത്രീ പുരുഷ വിവേചനം പ്രകടമാണ്. ഒരു പള്ളിയിലെങ്കിലും സ്ത്രീ വാങ്ക് വിളിക്കുന്നത് കേള്‍ക്കുന്നില്ലല്ലൊ. തുടങ്ങിയ സംശയങ്ങള്‍ ഏറെ. ആരോപണം പ്രതിരോധിക്കാന്‍ നവോത്ഥാന സമിതിയില്‍ വിവിധ മതക്കാരെയും കൂടി ഉള്‍പ്പെടുത്തി വിപുലീകരിച്ചിട്ടുണ്ട്.

ചര്‍ച്ചില്‍ കുമ്പസാരം സ്വീകരിക്കുന്ന വനിത വരുമോ? പള്ളിയില്‍ വാങ്ക് വിളിക്കുന്ന സ്ത്രീ വരാറായോ എന്നൊക്കെ ചിന്തിച്ച് കാലം കഴിക്കുന്നതിനിടയില്‍ ഇടുക്കി മൂലമറ്റം ഏരിയാ കമ്മറ്റി സെക്രട്ടറി സഖാവ് കെ.എല്‍. ജോസഫ് നവോത്ഥാന ആഹ്വാനം ശിരസാവഹിച്ച് മാതൃകയായി. 

സിപിഎം ഇടുക്കി ജില്ലാ കമ്മറ്റി അംഗവും മന്ത്രി എം.എം. മണിയുടെ അടുത്ത അനുയായിയുമായ ജോസഫ് 27 വര്‍ഷംമുന്‍പ് വിവാഹിതനായതാണ്. അംഗന്‍വാടി ടീച്ചര്‍ ജയശ്രീയെയാണ് പാര്‍ട്ടി ആചാരപ്രകാരം വിവാഹം കഴിച്ചത്. സഖാക്കന്മാരുടെ സാന്നിധ്യത്തില്‍ ഒരു രക്തഹാരം അങ്ങോട്ടും ഒരു രക്തഹാരം ഇങ്ങോട്ടും. സാക്ഷികളായ സഖാക്കള്‍ മുഷ്ടി ഉയര്‍ത്തി മംഗളാശംസകളും നേര്‍ന്നു. ഇവര്‍ക്ക് രണ്ട് മക്കളും പിറന്നു. ഭാര്യ ജയശ്രീയും നിബിന്‍, നിഥിന്‍ എന്നീ മക്കളും ഇത്രയും കാലമായിട്ടും മതംമാറാത്തതിന്റെ മനോവിഷമം ജോസഫിനെ വേട്ടയാടിയിരിക്കാം.. നവോത്ഥാന മുദ്രാവാക്യം കേട്ടപ്പോള്‍ ജോസഫ് ഉണര്‍ന്നുവന്നു.

മൂവരെയും ജോസഫ് മാമോദീസ മുക്കിച്ച് ക്രൈസ്തവ മതസ്ഥരാക്കി. മതാചാരപ്രകാരം മക്കളെ സാക്ഷിയാക്കി വീണ്ടും വിവാഹിതനാകാന്‍ ജോസഫ് തീരുമാനിച്ചു. കാളിയാര്‍ സെന്റ് മേരീസ് പള്ളി വിവാഹവേദിയാക്കി. പാലാ രൂപതാവികാരിയില്‍നിന്നും അനുമതി ലഭിച്ച വിവാഹത്തിന് കാളിയാര്‍ പള്ളിവികാരി ഫാദര്‍ തോമസ് പരുത്തിപ്പാറ അനുഗ്രഹവും ചൊരിഞ്ഞു. നവോത്ഥാനം വന്നുകയറിയതില്‍ ജോസഫിനും ആഹ്വാനം നടപ്പാക്കിയതില്‍ വിജയേട്ടനും മൂന്ന് കുഞ്ഞാടുകളെ ലഭിച്ചതില്‍ രൂപതയ്ക്കും സന്തോഷം അലതല്ലുകയാവും. എന്തൊരു നല്ല നവോത്ഥാനം അല്ലെ സഖാക്കളെ?

ക്ഷേത്രങ്ങളിലെ അനാചാരങ്ങള്‍ക്ക് അറുതിവരുത്താന്‍ ശ്രീനാരായണ ഗുരുദേവനെപ്പോലെ പ്രയത്‌നിച്ച ആചാര്യന്മാര്‍ ഇല്ലെന്നുതന്നെ പറയാം. 'ഉത്സവങ്ങളില്‍ കരിയും (ആന) വേണ്ട കരിമരുന്നും വേണ്ട'' എന്ന ഗുരുദേവന്റെ ഉദ്‌ബോധനം എത്ര ക്ഷേത്രകമ്മറ്റികള്‍ അംഗീകരിച്ചിട്ടുണ്ട്. ഗുരുദേവന്‍ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളില്‍പ്പോലും ഇത് നാള്‍ക്കുനാള്‍ കൂടിവന്നിട്ടേയുള്ളു. എന്നാല്‍ കണിച്ചുകുളങ്ങര ക്ഷേത്രം ഇക്കാര്യത്തില്‍ മാതൃകാപരമായ മാറ്റങ്ങള്‍ വരുത്തി. കണിച്ചുകുളങ്ങര ക്ഷേത്രം ഭരിക്കുന്നത് എസ്എന്‍ഡിപിയോഗം  പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന കമ്മറ്റിയാണ്. മുപ്പതാംവയസില്‍ നടേശന്‍ മുതലാളി അവിടെ പ്രസിഡന്റായതാണ്.

വര്‍ഷം 52 പിന്നിട്ടു. ഇതിനിടയില്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഇദ്ദേഹത്തെ പുറത്താക്കാന്‍ സഖാക്കള്‍ നിരന്തരം പ്രയത്‌നിച്ചു. എല്ലാം പൊളിഞ്ഞുപോയി. ധൂര്‍ത്തും ദുഷ്‌ചെലവുമില്ലാതെ നടത്തുന്ന ഉത്സവം മാത്രമല്ല ആ ഊരിലെ ജനങ്ങള്‍ക്കാകെ അത്താണിയാണ് കണിച്ചുകുളങ്ങര ക്ഷേത്രവും അതിന്റെ പ്രസിഡന്റും. എന്നിട്ടും മാസങ്ങള്‍ക്ക് മുന്‍പുവരെ കണിച്ചുകുളങ്ങരയിലെ നവോത്ഥാനം അംഗീകരിക്കാന്‍ സിപിഎമ്മോ പിണറായി വിജയനോ തയ്യാറായിട്ടില്ല. വെള്ളാപ്പള്ളിയെ എങ്ങനെയൊക്കെ പൂട്ടിക്കെട്ടാം എന്ന് തക്കംപാര്‍ത്തിരിക്കുകയായിരുന്നു പിണറായി സര്‍ക്കാര്‍. അറിയാമല്ലൊ മാന്‍ഹോള്‍ വിവാദം. തെറ്റായി ഒന്നും പറഞ്ഞില്ലെങ്കിലും സര്‍ക്കാര്‍ കേസെടുത്തു. മൈക്രോ ഫിനാന്‍സ് തിരിമറി വിഷയത്തില്‍ തെറ്റുകാരനല്ലാഞ്ഞിട്ടും അദ്ദേഹത്തെ വേട്ടയാടി. 

ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങള്‍ മലബാറില്‍ താഴേത്തട്ടിലെത്തിക്കണമെന്ന് എസ്എന്‍ഡിപി യോഗം ആഗ്രഹിച്ചതാണ്. അതിനായി മലബാറിലേയ്‌ക്കൊരു തീര്‍ത്ഥയാത്രയും നടത്തി. അതിനെ തല്ലിയോടിച്ച പിണറായി വിജയന്‍ ഇപ്പോള്‍ കണിച്ചുകുളങ്ങരയിലേയ്ക്ക് തീര്‍ത്ഥാടകനായി എത്തിയെങ്കില്‍ ഉദരനിമിത്തം ബഹുകൃതവേഷം എന്നതുപോലെയാണ്. പക്ഷെ ഒരുകാര്യം അവര്‍ക്ക് ബോധ്യമാവും. കാശ് കാണുമ്പോള്‍ കമിഴ്ന്നുവീഴുന്നവരല്ല വെള്ളാപ്പള്ളിയും സമുദായവും.

 

വയനാട് കോണ്‍ഗ്രസിന്റെ ഗതികേട്

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.