സംസ്ഥാനത്തിന്റെ വാര്‍ഷിക പദ്ധതി നടത്തിപ്പ് പൊളിഞ്ഞു

Sunday 3 March 2019 7:50 am IST

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ 2018-19ലെ വാര്‍ഷിക പദ്ധതി നടത്തിപ്പ് പൊളിഞ്ഞു. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി ആഴ്ചകള്‍ മാത്രം അവശേഷിക്കെ വാര്‍ഷിക പദ്ധതി അടങ്കലിന്റെ 53.3 ശതമാനം മാത്രമാണ് ചെലവഴിക്കാനായത്. ആകെ അടങ്കല്‍ തുക 29,150 കോടി രൂപയാണ്. ഇന്നലെ വരെ ചെലവിട്ടത് കേവലം 15,536 കോടി രൂപ മാത്രം. മുഖ്യമന്ത്രി അധ്യക്ഷനായ സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റേതാണ് കണക്ക്. 

അടുത്ത ദിവസങ്ങളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍  പദ്ധതി നടത്തിപ്പില്‍ ഇനി കാര്യമായി മുന്നോട്ട് പോകാനാകില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയും പദ്ധതി നടത്തിപ്പുകളെ ബാധിക്കും.  വന്‍കിട പശ്ചാത്തല സൗകര്യ വികസന പദ്ധതികള്‍ക്കായി വകയിരുത്തിയ 1466.02 കോടി രൂപയില്‍ ഒരു രൂപ പോലും ഇന്നലെ വരെ ചെലവഴിച്ചില്ല എന്നതാണ് എറെ ശ്രദ്ധേയം. വെറും വാചകമടി മാത്രമായി സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ മാറുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയാണ് ആസൂത്രണ ബോര്‍ഡ് പുറത്തുവിട്ട കണക്കുകള്‍.

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കായി കേന്ദ്രത്തില്‍ നിന്ന്  ലഭിച്ച 8097.99 കോടി രൂപയില്‍, 61.37 ശതമാനം മാത്രമേ മാര്‍ച്ച് ആയിട്ടും ചിലവഴിച്ചിട്ടുള്ളൂ. കൃഷി വകുപ്പിന്റെ പദ്ധതി അടങ്കല്‍ 939.57കോടി രൂപയായിരുന്നു. ഈ അടങ്കലിന്റെ 59.28 ശതമാനം മാത്രമാണ് ചിലവഴിക്കപ്പെട്ടത്.  വനിതാ നവോത്ഥാനത്തിനായി മതിലും സെമിനാറുകളും നടത്തി മേനി നടിക്കുന്നുണ്ടെങ്കിലും വനിതാ ശിശുക്ഷേമ വകുപ്പ് ഇതുവരെ ചെലവഴിച്ച പദ്ധതി വിഹിതം 48.40 ശതമാനം മാത്രമാണ്. 

പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി അനുവദിച്ച 107.2 കോടിയില്‍ ചെലവഴിച്ചത് 68.10 കോടി രൂപ, അതായത് 63.53 ശതമാനം തുക. മത്സ്യബന്ധന മേഖലയിലെ വിനിയോഗം 61 ശതമാനം മാത്രമാണ്. ഭക്ഷ്യവകുപ്പിന്റെ വിനിയോഗം പരിതാപകരമാണ്, കേവലം 32.12 ശതമാനം തുക മാത്രമാണ് ചെലവിട്ടത്. 

മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന പൊതുഭരണ വകുപ്പ്  4.42 ശതമാനം തുകയാണ് ഇതുവരെ വിനിയോഗിച്ചത്.  ആരോഗ്യവകുപ്പ് 55.34 ശതമാനം, ഉന്നത വിദ്യാഭ്യാസ വകുപ്പ് 41.92, ആഭ്യന്തര വകുപ്പ് 36.18, വ്യവസായ വകുപ്പ് 54.50, തദ്ദേശസ്വയംഭരണ വകുപ്പ് 29.45 ശതമാനം, ന്യൂനപക്ഷ ക്ഷേമവകുപ്പ് 74.24, വൈദ്യുതി വകുപ്പ് 62.69, പൊതുമരാമത്ത് വകുപ്പ് 102.92 ശതമാനം, റവന്യു 21, പട്ടികജാതി വകുപ്പ് 55.10, പട്ടിക വര്‍ഗ വകുപ്പ് 60.22, സാമൂഹ്യനീതി വകുപ്പ് 55.76, വിനോദസഞ്ചാര വകുപ്പ് 60.64, ജലവിഭവ വകുപ്പ് 39.40 ശതമാനവും മാത്രമാണ് വിനിയോഗം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.