നിങ്ങളോര്‍ക്കുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന്...

Monday 4 March 2019 3:02 am IST
ബ്രാഹ്മണസമൂഹം സ്ത്രീശാക്തീകരണത്തിനും ഉന്നതവിദ്യാഭ്യാസത്തിനും ഊന്നല്‍ നല്‍കി. സവര്‍ണ്ണരാകട്ടെ മറ്റ് സമുദായങ്ങളിലെ സാമൂഹിക പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കുന്നതോടൊപ്പം വ്യാപാര-വ്യവസായ-വിദ്യാഭ്യാസ മേഖലകളാല്‍ സ്വസമുദായത്തിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ ആചാരപരിഷ്‌കരണങ്ങള്‍ക്കും വിധേയമാക്കി. ഈ പശ്ചാത്തലത്തിലാണ് നായര്‍ സമുദായം തുടര്‍ന്ന് പോന്ന ദുര്‍വ്യയം 'നാലുകെട്ട്' ശ്രീ മന്നത്ത് പത്മനാഭന്‍ എഴുതിയ തന്റെ ജീവിത സ്മരണകളില്‍ വിമര്‍ശന വിധേയമാക്കിയത്.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തിലും നടന്ന കേരളീയ നവോത്ഥാനം വിവിധ തലങ്ങളെയാണ് അഡ്രസ് ചെയ്തത്. ഹൈന്ദവ സമൂഹത്തിന്റെ വ്യത്യസ്ത അടരുകളില്‍ നിലനിന്നിരുന്ന സമുദായങ്ങളിലെ ആചാരപരിഷ്‌കരണങ്ങളും ജനാധിപത്യാവകാശ പ്രക്ഷോഭങ്ങളും വിവിധ മാനങ്ങളിലാണ് വികസിച്ചത്. പട്ടികജാതി പട്ടികവര്‍ഗ്ഗങ്ങളെ സംബന്ധിച്ച് വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസ അവകാശങ്ങള്‍ക്കും വേണ്ടിയുള്ള പ്രക്ഷോഭമായിരുന്നെങ്കില്‍ പിന്നോക്കക്കാരെ സംബന്ധിച്ചിടത്തോളം പൗരത്വസമത്വത്തിനും ക്ഷേത്രപ്രവേശനമുള്‍പ്പെടെയുള്ള ആരാധനാസ്വാതന്ത്ര്യത്തിനും വേണ്ടിയായിരുന്നു. ബ്രാഹ്മണസമൂഹം സ്ത്രീശാക്തീകരണത്തിനും ഉന്നതവിദ്യാഭ്യാസത്തിനും ഊന്നല്‍ നല്‍കി. സവര്‍ണ്ണരാകട്ടെ മറ്റ് സമുദായങ്ങളിലെ സാമൂഹിക പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കുന്നതോടൊപ്പം വ്യാപാര-വ്യവസായ-വിദ്യാഭ്യാസ മേഖലകളാല്‍ സ്വസമുദായത്തിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ ആചാരപരിഷ്‌കരണങ്ങള്‍ക്കും വിധേയമാക്കി. ഈ പശ്ചാത്തലത്തിലാണ് നായര്‍ സമുദായം തുടര്‍ന്ന് പോന്ന ദുര്‍വ്യയം 'നാലുകെട്ട്' ശ്രീ മന്നത്ത് പത്മനാഭന്‍ എഴുതിയ തന്റെ  ജീവിത സ്മരണകളില്‍ വിമര്‍ശന വിധേയമാക്കിയത്. 

ഇതരസമുദായങ്ങളിലെ ജനാധിപത്യപ്രക്ഷോഭങ്ങളെ നിര്‍ലോഭം സഹായിക്കുകയും സഹകരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് അയ്യന്‍കാളി നയിച്ച സാധുജനപരിപാലനസംഘത്തിന്റെ നേതൃത്വത്തില്‍ പെരുനാട്ട് നടന്ന ആചാരപരിഷ്‌കരണം 'കല്ലുമാല' ബഹിഷ്‌കരണ യോഗത്തില്‍, എന്‍എസ്എസ് പ്രസിഡന്റായിരുന്ന ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള അധ്യക്ഷനായത്. മന്നത്ത് പത്മനാഭന്‍ വൈക്കം സത്യാഗ്രഹത്തിനും ക്ഷേത്രപ്രവേശനത്തിന് നിദാനമായ സവര്‍ണ്ണജാഥയ്ക്കും തുടര്‍ന്ന് ഹിന്ദുമഹാമണ്ഡലത്തിനും നേതൃത്വപരമായ പങ്ക് വഹിച്ചു. ഈ സാമൂഹിക യാഥാര്‍ത്ഥ്യത്തെ നേരാംവണ്ണം നിരീക്ഷിക്കാന്‍ കഴിയാതെ പോയതാണ് മതപരിവര്‍ത്തന പശ്ചാത്തലമുള്ള ദലിത് ആക്ടിവിസ്റ്റുകളും നവജനാധിപത്യവാദികളും കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വവും എന്‍എസ്എസ്സിനെതിരെ നിഴല്‍ യുദ്ധത്തിന് ഇറങ്ങാന്‍ കാരണമായത്. 

കേരളത്തിലെ നവോത്ഥാന സംരംഭങ്ങളില്‍ സംഘടനാപരമായ ഒരു ബന്ധവും കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അവകാശപ്പെടാനില്ല. ദേശീയ പ്രസ്ഥാനം മുന്നോട്ട്‌വച്ച അയിത്തവിരുദ്ധ പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയായിരുന്നു ഗുരുവായൂര്‍ സത്യഗ്രഹം. കേരളപ്പജി നയിച്ച ഈ സത്യഗ്രഹസമരത്തില്‍ പങ്കെടുത്ത പി. കൃഷ്ണപിള്ളയും എ.കെ ഗോപാലനും അന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നു. എന്നാല്‍ ഈ നവോത്ഥാന പ്രസ്ഥാനങ്ങളുടെ പിന്‍മുറക്കാരായ പട്ടികജാതി-പിന്നോക്ക വിഭാഗസംഘടനാ നേതൃത്വങ്ങളെ യാന്ത്രികമായി കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധിപ്പിച്ച് നവോത്ഥാന ധാരയുടെ ഗുണഭോക്താളാക്കുകയായിരുന്നു ഇവര്‍. 

സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ അവിഭക്ത കമ്യൂണിസ്റ്റ്പാര്‍ട്ടി നയിച്ച ശക്തമായ പ്രക്ഷോഭമായിരുന്നു തെലുങ്കാനാ കര്‍ഷകപ്രക്ഷോഭം. 57ലെ തെരഞ്ഞെടുപ്പില്‍ ആന്ധ്രയില്‍ അധികാരത്തില്‍ വരുമെന്നായിരുന്നു അവിഭക്ത കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. എന്നാല്‍  കനത്ത പരാജയമാണ് ആന്ധ്രയിലെ ജനങ്ങള്‍ സമ്മാനിച്ചത്. ഉത്തരകേരളത്തില്‍ ചെറുകിട കര്‍ഷകരായിരുന്നുവെങ്കില്‍ തിരുവിതാംകൂര്‍-തിരുകൊച്ചിയില്‍ കര്‍ഷക തൊഴിലാളികളും പരമ്പരാഗത തൊഴിലാളികളുമായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിത്തറ. ഈ ജനതയുടെ മാത്രം പിന്തുണയോടെ ഈ പ്രദേശങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിജയം ഉറപ്പ്‌വരുത്താന്‍ അന്ന് കഴിയില്ലായിരുന്നു. ഈ സാഹചര്യത്തില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായിരുന്ന എം.എന്‍ ഗോവിന്ദന്‍ നായര്‍ കണ്ടെത്തിയ വഴിയാണ് എന്‍എസ്എസ് വോട്ട് ബാങ്ക്. 

എന്നാല്‍ അതിനും ചില തടസ്സങ്ങളുണ്ടായിരുന്നു. എന്‍എസ്എസ്സിന്റെ പ്രസിഡന്റായിരുന്ന മന്നത്ത് പത്മനാഭന്‍ തികഞ്ഞ ഗാന്ധിയനും കോണ്‍ഗ്രസ്സുകാരനുമായിരുന്നതിനാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാനായിരുന്ന എംഎനുമായി തികഞ്ഞ ശത്രുതയിലായിരുന്നു. ദേശബന്ധു പത്രാധിപരായിരുന്ന സ്വരാജ് ശങ്കുണ്ണിപ്പിള്ളയ്ക്ക് മന്നത്തിന്റെ മേലുള്ള സ്വാധീനമാണ് തുടര്‍ന്നുള്ള രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്ക് വഴിത്തിരിയവായത്. മന്നത്ത് പത്മനാഭന്റെ ജന്മദിനത്തില്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായി എം.എന്‍ ഗോവിന്ദന്‍ നായര്‍ എത്തിച്ചേര്‍ന്നത് കാര്യങ്ങള്‍ ലളിതമാക്കി. തുടര്‍ന്നുള്ള ചര്‍ച്ചകളില്‍ മന്നത്ത് പത്മനാഭന്‍ ഒരു ഉപാധിമാത്രമേ മുന്നോട്ടു വച്ചുള്ളു. ശബരിമലയില്‍ നടന്ന തീപിടുത്തത്തെക്കുറിച്ച് അന്വേഷിക്കണം. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ എത്തിക്കണം. എം.എന്‍ ഗോവിന്ദന്‍ നായര്‍ ഉറപ്പ് കൊടുത്തു. കേശവമേനോന്‍ കമ്മീഷന്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെങ്കിലും പ്രസ്തുത റിപ്പോര്‍ട്ട് വെളിച്ചം കാണിക്കാതിരിക്കാന്‍ ഇ.എം.എസ്സിനായിയെന്നത് മറ്റൊരു കറുത്ത അധ്യായം. 

തെരഞ്ഞെടുപ്പില്‍ എന്‍എസ്എസ്സിന്റെ സഹായം നിര്‍ലോഭം ലഭിച്ചുവെന്നത് അനന്തര സംഭവങ്ങള്‍ തെളിയിക്കുന്നു. ശങ്കര നാരായണന്‍ തമ്പി, കല്യാണകൃഷ്ണന്‍ നായര്‍, ഇറവങ്കര ഗോപാലക്കുറുപ്പ്, ആര്‍.ബാലകൃഷ്്ണപിള്ള, തോപ്പില്‍ഭാസി, കടയനിക്കാട് പുരുഷോത്തമന്‍, കാമ്പിശ്ശേരി കരുണാകരന്‍, പന്തളം പി.ആര്‍. എന്‍. രാഘവക്കുറുപ്പ്, രാജഗോപാലന്‍ നായര്‍ തുടങ്ങിയ നായര്‍ സമുദായത്തില്‍പെട്ട കമ്യുണിസ്റ്റ് സ്ഥാനാര്‍ത്ഥികളും ആര്‍. സുഗതന്‍, കെ.ആര്‍ ഗൗരിയമ്മ തുടങ്ങിയ ഈഴവസമുദായത്തില്‍പെട്ടവരും ജോര്‍ജ്ജ് ചടയംമുറി, കെ.സി ജോര്‍ജ്ജ്, ടി.വി തോമസ്, ഐഷാബീവി എന്നീ ന്യൂനപക്ഷവിഭാഗത്തില്‍പെട്ടവരും എന്‍എസ്എസ് സഹായത്തോടെ വിജയം കണ്ടു. ജോസഫ് മുണ്ടശ്ശേരി, വി.ആര്‍ കൃഷ്ണയ്യര്‍, എ.ആര്‍ മേനോന്‍ എന്നീ മൂന്ന് സ്വതന്ത്രന്മാരുടെ പിന്തുണയോടെ ഇഎംഎസ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നു. കേരളീയ നാവോത്ഥാനത്തിനും രാഷ്ട്രീയ പരിവര്‍ത്തനത്തിനും പത്മഭൂഷന്‍ മന്നത്ത്പത്മനാഭനും എന്‍എസ്എസ്സും നല്‍കിയ മികവുറ്റ സംഭാവനകള്‍ വിസ്മരിക്കാതിരിക്കുന്നത് നല്ലത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.