പാക്കിസ്ഥാനെ സന്തോഷിപ്പിക്കേണ്ട

Monday 4 March 2019 9:40 am IST

ന്യൂദല്‍ഹി: ഭീകരവിരുദ്ധ പോരാട്ടത്തില്‍ പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം ഒന്നടങ്കം സൈനികര്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ പാക്കിസ്ഥാനെ സന്തോഷിപ്പിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വ്യോമാക്രമണം രാഷ്ട്രീയനേട്ടത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുന്നുവെന്ന് നേരത്തെ 21 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം കുറ്റപ്പെടുത്തിയിരുന്നു. ഇത് പാക്കിസ്ഥാനിലെ മാധ്യമങ്ങളും രാഷ്ട്രീയനേതാക്കളും ഇന്ത്യക്കെതിരെ ആയുധമാക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു ബിഹാറിന്റെ തലസ്ഥാനമായ പാട്‌നയില്‍ എന്‍ഡിഎയുടെ സങ്കല്‍പ്പ് റാലിയില്‍ മോദിയുടെ വിമര്‍ശനം. 

പ്രതിപക്ഷത്തിന്റെ വാക്കുകള്‍ പാക്കിസ്ഥാന്‍ കൈയടികളോടെയാണ് സ്വീകരിച്ചതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നേരത്തെ മിന്നലാക്രമണത്തിന് തെളിവ് ചോദിച്ച കോണ്‍ഗ്രസ് വ്യോമാക്രമണത്തെയും സംശയിക്കുകയാണ്. സൈന്യത്തിന്റെ ആത്മവീര്യം നശിപ്പിക്കാനാണ് നീക്കം. സൈന്യത്തിനെതിരയല്ല, ഭീകരര്‍ക്കെതിരെയാണ് നിലപാടെടുക്കേണ്ടത്. ശത്രുക്കളെ സന്തോഷിപ്പിക്കുന്ന പ്രസ്താവനകള്‍ കോണ്‍ഗ്രസ് നിര്‍ത്തണം. ഇതൊന്നും ജനങ്ങള്‍ മറക്കില്ല. വ്യോമാക്രമണത്തിന് തെളിവുണ്ടോയെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് ചോദിച്ചിരുന്നു.  

എന്നെ പുറത്താക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഭീകരവാദത്തെ പുറത്താക്കാനാണ് എന്റെ ശ്രമം. ഭീകരത തുടച്ചുനീക്കാന്‍ എന്തുകൊണ്ടാണ് അവര്‍ സഹകരിക്കാത്തത്. കാവല്‍ക്കാരനെ അവഹേളിക്കാനുള്ള മത്സരമാണ് നടക്കുന്നത്. കൂടുതല്‍ ജാഗ്രതയോടെയാണ് കാവല്‍ക്കാരന്‍ പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ മനസിലാക്കണം. ജവാന്മാരുടെ വീരമൃത്യു നിശബ്ദമായി ഇന്ത്യ പൊറുക്കില്ലെന്ന് അദ്ദേഹം പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി. 2009ന് ശേഷം ആദ്യമായാണ് മോദിയും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും വേദി പങ്കിടുന്നത്. ലക്ഷക്കണക്കിനാളുകള്‍ പങ്കെടുത്ത സമ്മേളനം എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം കൂടിയായി. സംസ്ഥാനത്ത് ബിജെപിയും ജെഡിയുവും അടുത്തിടെ സീറ്റ് ധാരണയിലെത്തിയിരുന്നു. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.