കോമണ്‍സെന്‍സില്ലേ? കോണ്‍ഗ്രസിനെ പരിഹസിച്ച് മോദി

Monday 4 March 2019 5:12 pm IST

ന്യൂദല്‍ഹി: റഫാല്‍ വിമാനങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇന്ത്യയുടെ പ്രതിരോധത്തിന്റെ ഫലം മറ്റൊന്നായേനെയെന്ന തന്റെ പരാമര്‍ശത്തെ വളച്ചൊടിച്ച കോണ്‍ഗ്രസ്സിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സാമാന്യബുദ്ധിയില്ലേയെന്ന് അദ്ദേഹം ചോദിച്ചു. റഫാല്‍ സമയത്ത് വാങ്ങിയിരുന്നെങ്കില്‍ വ്യത്യാസം ഉണ്ടാവുമായിരുന്നു എന്ന് ഞാന്‍ പറഞ്ഞിരുന്നു. മോദി വ്യോമാക്രമണത്തെ സംശയിക്കുന്നുവെന്ന് പ്രചരിപ്പിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. 

റഫാല്‍ ഉണ്ടായിരുന്നുവെങ്കില്‍ പാക് ആക്രമണത്തിനിടെ ഒരു യുദ്ധവിമാനവും നമുക്ക് നഷ്ടപ്പെടില്ലായിരുന്നു. ആക്രമിക്കാന്‍ വന്നവര്‍ക്ക് രക്ഷപ്പെടാനും സാധിക്കില്ലായിരുന്നു. എന്താണ് പറയുന്നതെന്ന് മനസിലാക്കാന്‍ ചിലര്‍ക്ക് സാധിക്കാത്തതിന് ഞാന്‍ ഉത്തരവാദിയല്ല. അത് അവരുടെ പരിമിതിയാണ്. ഗുജറാത്തിലെ ജാംനഗറിലെ റാലിയില്‍ മോദി ചൂണ്ടിക്കാട്ടി.

ഭീകരതയുടെ ഉറവിടം പാക്കിസ്ഥാനാണെന്ന് പറഞ്ഞ പ്രധാനമന്ത്രി അതിനെ അവിടെത്തന്നെ നശിപ്പിക്കണമെന്നും വ്യക്തമാക്കി. ഭീകരപ്രവര്‍ത്തനത്തെ വേരടക്കം പിഴുതെറിയുന്നതിന് ഇന്ത്യ ഏതറ്റം വരെയും പോകും. എന്തിനാണ് ചിലയാളുകള്‍ സൈന്യത്തെ അവിശ്വസിക്കുന്നതെന്ന് മനസിലാകുന്നില്ല. നിങ്ങളില്‍ ആര്‍ക്കെങ്കിലും സൈന്യത്തിന്റെ കഴിവില്‍ സംശയമുണ്ടോ. പാക്കിസ്ഥാന്‍ പറയുന്നതാണോ നമ്മള്‍ വിശ്വസിക്കേണ്ടത്. ചിലയാളുകള്‍ സൈന്യത്തെ അവഹേളിക്കുന്നത് അഭിമാനമായി കരുതുന്നു. പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് മോദി പറഞ്ഞു. 

കൊച്ചിക്ക് പകരം കറാച്ചി

പ്രസംഗത്തിനിടെ കൊച്ചിക്ക് പകരം കറാച്ചിയെന്ന് പറഞ്ഞ് മോദി. അബദ്ധം മനസിലാക്കിയ ഉടന്‍ കറാച്ചിയല്ല കൊച്ചിയാണെന്ന് പറഞ്ഞ് അദ്ദേഹം തിരുത്തി. ഏതാനും ദിവസങ്ങളായി മനസ്സ് അയല്‍രാജ്യത്തെക്കുറിച്ച് വ്യാപൃതനായിരിക്കുന്നതിനാലാണ് ഇതെന്നും തമാശരൂപേണ മോദി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ആയുഷ്മാന്‍ ഭാരതിനെക്കുറിച്ച് പറയുമ്പോഴായിരുന്നു ഇത്. ആയുഷ്മാന്‍ കാര്‍ഡുണ്ടെങ്കില്‍ ജാംനഗറിലെ ഒരാള്‍ക്ക് രാജ്യത്ത് എവിടെയും സൗജന്യമായി ചികിത്സ ലഭിക്കും. കറാച്ചിയിലും കല്‍ക്കത്തയിലും ചികിത്സ കിട്ടുമെന്ന് പറഞ്ഞതിന് പിന്നാലെ പ്രധാനമന്ത്രി അതു തിരുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.

TAGS: റാഫേല്‍