പഠിക്കണം, ഈ പ്രതിപക്ഷം

Tuesday 5 March 2019 5:15 am IST
ഇന്ത്യ ഒരേസ്വരത്തില്‍ സംസാരിച്ചു തുടങ്ങിയ സമയമായിരുന്നു അത്. വായുസേനയുടെ നടപടിയേയും അവര്‍ക്ക് അതിന് അനുവാദം നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയേയും ജനം ആവേശത്തോടെ പിന്താങ്ങി. പക്ഷെ, പ്രതിപക്ഷത്തെ സഹയാത്രികരേപ്പോലെതന്നെ കോണ്‍ഗ്രസ് പാര്‍ട്ടിയും കാര്യങ്ങള്‍ ശരിയാംവണ്ണം ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ല. വായുസേനയെ ആദ്യം അഭിനന്ദിച്ച അവര്‍ പിന്നീടു രാഷ്ട്രീയവൃത്തങ്ങളില്‍ ചേരിതിരിവുണ്ടാക്കാനാണു ശ്രമിച്ചത്.

വിനാശകരവും ദയനീയവുമായിരുന്നു 2004 മുതല്‍ 2014 വരെ യുപിഎ സര്‍ക്കാരിന്റെ കേന്ദ്രഭരണം. അതിനേക്കാള്‍ കഷ്ടമാണ് 2014 മുതല്‍ ഇന്നുവരെ അവര്‍ നയിക്കുന്ന പ്രതിപക്ഷനിരയുടെ കാര്യവും. രാഷ്ട്രം ഒരേസ്വരത്തില്‍ സംസാരിച്ച അവസരങ്ങള്‍ ചരിത്രത്തില്‍ ഏറെയുണ്ടാകും.

അവശ്യസന്ദര്‍ഭങ്ങളില്‍ രാഷ്ട്രീയക്കാരും നേതാക്കളും തനി രാഷ്ട്രീയംവിട്ട് ദേശീയ വീക്ഷണത്തിന്റെ തലത്തിലേക്ക് ഉയരും. 1971ല്‍ ജനസംഘവും അടല്‍ ബിഹാരി വാജ്‌പേയിയും ചെയ്തത് എടുത്തുകാണിക്കാം. ഈ പശ്ചാത്തലത്തില്‍ ആനുകാലിക സംഭവങ്ങളെക്കുറിച്ചു ചിന്തിക്കാം. പുല്‍വാമ ഭീകരാക്രമണം ഇന്ത്യക്കെതിരെ അതിര്‍ത്തിക്ക് അപ്പുറത്തുനിന്നുള്ള ഗൂഢാലോചനയായിരുന്നു. പാക്കിസ്ഥാനിലെ പലരും അതില്‍ പങ്കാളികളുമാണ്. അതിനൊക്കെ തെളിവുണ്ട്. അതു പാക്കിസ്ഥാനു നല്‍കിയിട്ടുമുണ്ട്. 

പുല്‍വാമ കൂട്ടക്കൊല, ഭീകരര്‍ക്കെതിരേയും അവരുടെ ഇന്ത്യയിലെ സ്‌പോണ്‍സര്‍മാര്‍ക്കെതിരേയും കടുത്ത വികാരമാണ് ഉണര്‍ത്തിയത്. ബലിദാനികളുടെ രക്തം ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിലും അതിനെ ഇല്ലാതാക്കാനുള്ള ശ്രമത്തിലും നമുക്ക് ഊര്‍ജം പകരുമെന്നു രാഷ്ട്രം തിരിച്ചറിഞ്ഞു. തുടര്‍ന്ന് പാക്കിസ്ഥാന്റെ അതിര്‍ത്തിക്കപ്പുറമെത്തി ബാലക്കോട്ടില്‍ ഇന്ത്യ നടത്തിയ തിരിച്ചടി, രാഷ്ട്രത്തിന്റെ പരമാധികാരം നിലനിര്‍ത്താനുള്ള പോരാട്ടമായിരുന്നു.

കൃത്യമായി തയ്യാറാക്കിയ നടപടിയായിരുന്നു അത്. കൊല്ലപ്പെട്ടത് ഭീകരര്‍ മാത്രം. ഒരു സാധാരണ പൗരന്‍പോലും വീഴിക്കപ്പെട്ടില്ല. അതിനുള്ള പാക്കിസ്ഥാന്റെ തിരിച്ചടി തീര്‍ത്തും ദുര്‍ബ്ബലവുമായിരുന്നു. രണ്ടുരാജ്യങ്ങളും കരുത്തിലും യുദ്ധതന്ത്രജ്ഞതയിലും എവിടെ നില്‍ക്കുന്നുവെന്നു വ്യക്തമാക്കുന്നതായി ആ രണ്ടു നടപടികളും. നമ്മുടെ വായുസേനയുടെ വീര്യവും പ്രൊഫഷണലിസവും അതില്‍ പ്രകടമാവുകയും ചെയ്തു. 

ആഗോളതലത്തില്‍ പാക്കിസ്ഥാന്‍ അതോടെ പൂര്‍ണമായും ഒറ്റപ്പെട്ടു. അവരുടെ ഭീകരബന്ധം ഐക്യരാഷ്ട്രസഭ സുരക്ഷാസമിതിയില്‍ വരെ എത്തുകയും ചെയ്തു. ബാലക്കോട്ട് ആക്രമണത്തിന്റെയും നാശനഷ്ടത്തിന്റെയും കാര്യംപോലും വെളിപ്പെടുത്താന്‍ കഴിയാത്ത ദയനീയാവസ്ഥയിലായി പാക്കിസ്ഥാന്‍. വെളിപ്പെടുത്തിയാല്‍ പാക്മണ്ണില്‍ തീവ്രവാദ ക്യാംപുണ്ടെന്നു സമ്മതിക്കലാവും അത്. കൊല്ലപ്പെട്ട ഭീകരരുടെ പട്ടിക ഐക്യരാഷ്ട്ര സഭയുടെ ശ്രദ്ധയില്‍ പെടുകയും ചെയ്യും. 

ഇന്ത്യ ഒരേസ്വരത്തില്‍ സംസാരിച്ചുതുടങ്ങിയ സമയമായിരുന്നു അത്. വായുസേനയുടെ നടപടിയേയും അവര്‍ക്ക് അതിന് അനുവാദം നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയേയും ജനം ആവേശത്തോടെ പിന്താങ്ങി. പക്ഷെ, പ്രതിപക്ഷത്തെ സഹയാത്രികരെപ്പോലെതന്നെ കോണ്‍ഗ്രസ് പാര്‍ട്ടിയും കാര്യങ്ങള്‍ ശരിയാംവണ്ണം ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ല. വായുസേനയെ ആദ്യം അഭിനന്ദിച്ച അവര്‍ പിന്നീടു രാഷ്ട്രീയവൃത്തങ്ങളില്‍ ചേരിതിരിവുണ്ടാക്കാനാണു ശ്രമിച്ചത്.

മൂന്നു പ്രസ്താവനകളാണ് പ്രതിപക്ഷത്തു നിന്നുണ്ടായത്. 21 പ്രതിപക്ഷ കക്ഷികള്‍ ഒത്തുചേര്‍ന്ന യോഗം അംഗീകരിച്ച പ്രമേയത്തില്‍, പ്രധാനമന്ത്രി നരേന്ദ്രമോദി പുല്‍വാമ, ബാലക്കോട്ട് സംഭവങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നു എന്ന് ആരോപിച്ചു. രണ്ടുതവണ സര്‍ക്കാര്‍ അവരെ വിശ്വാസത്തിലെടുക്കാന്‍ ശ്രമിച്ചതാണ്. രാഷ്ട്രീയവത്ക്കരണത്തിന് ഒരുതെളിവും അവര്‍ നല്‍കിയില്ല. എന്നുമാത്രമല്ല, ആ പ്രമേയം ശരിക്കും ശത്രുവിന് ആയുധം കൊടുക്കുന്നതിനു തുല്യമാവുകയും ചെയ്തു. പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ അത് ഇന്ത്യക്കെതിരെ തുറുപ്പുചീട്ടാക്കി. ഇന്ത്യന്‍നടപടി വെറും രാഷ്ട്രീയക്കളി മാത്രമാണെന്നും ഭീകരതയ്‌ക്കെതിരായ നടപടിയല്ലെന്നുമുള്ള തങ്ങളുടെ നിലപാടിനുള്ള തെളിവായി പാക്കിസ്ഥാന്‍ ഉപയോഗിച്ചു. 

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഒരുപടികൂടി കടന്നു. സേനാനടപടിയില്‍ത്തന്നെ സംശയം രേഖപ്പെടുത്തിയ മമത നടപടിയുടെ വിശദാംശം ആവശ്യപ്പെടുകയും ചെയ്തു. ഫലത്തില്‍ സര്‍ക്കാരിന്റെയും വായുസേനയുടേയും വിശ്വാസ്യതയെ ചോദ്യം ചെയ്യലായി അത്. കോണ്‍ഗ്രസ് നേതാക്കളും സമാനമായ ചോദ്യങ്ങളുന്നയിച്ചു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റ ഒരു പ്രസ്താവനയാണ് മൂന്നാമത്തേത്.

അത് എന്നെ ഏറെ നിരാശപ്പെടുത്തുകയും ചെയ്തു. ഇരു രാജ്യങ്ങളുടേയും പരസ്പര നശീകരണത്തിന്റെ ഭ്രാന്തമായ ശൈലിതന്നെ അസ്വസ്ഥനാക്കുന്നു എന്നാണ്, പി.വി. നരസിംഹറാവു അവാര്‍ഡ് ഏറ്റുവാങ്ങിക്കൊണ്ടു മന്‍മോഹന്‍ പറഞ്ഞത്. ദാരിദ്ര്യവും രോഗവും അറിവില്ലായ്മയുമാണ് രണ്ടുരാജ്യങ്ങളിലേയും യഥാര്‍ഥ പ്രശ്‌നങ്ങളെന്നും അവയെക്കുറിച്ചു ചിന്തിക്കാനുള്ള സാമാന്യബുദ്ധി ഇരുഭാഗവും കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്താണ് ആ പറഞ്ഞതിനര്‍ഥം ? എന്റെ മനസ്സില്‍ വരുന്നത് അഞ്ചു കാര്യങ്ങളാണ്:

1. രാഷ്ട്ര താത്പര്യത്തില്‍ ആശങ്കപ്പെടുന്ന ഒരു ഇന്ത്യക്കാരന്‍ എന്ന നിലവിട്ടു മന്മോഹന്‍ സ്വയം ഒരു മൂന്നാമന്റെ വേഷമണിയുന്നു.

2. ഇന്ത്യയേയും പാക്കിസ്ഥാനേയും അദ്ദേഹം ഒരേപോലെ കാണുന്നു. അതായത് ഭീകരതയ്ക്കു പാലൂട്ടുന്നവരും അതിന്റെ ഫലം അനുഭവിക്കേണ്ടിവരുന്നവരും അദ്ദേഹത്തിന്റെ കണ്ണില്‍ ഒരു പോലെതന്നെ. 

3. രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയുടെ സര്‍വാധിപത്യം നിലനിര്‍ത്താനും സംരക്ഷിക്കാനുമുള്ള നമ്മുടെ അവകാശത്തെ അദ്ദേഹം സംശയിക്കുന്നു.

4. ഭീകരവാദത്തെ പ്രസംഗത്തില്‍ ഒരിടത്തും അദ്ദേഹം അപലപിക്കുന്നില്ല.

5. ഇന്ത്യ നേരിടുന്ന വെല്ലുവിളികളില്‍ അദ്ദേഹം ഭീകരവാദത്തേയോ അക്രമത്തേയോ കാണുന്നില്ല. 

ചുരുക്കിപ്പറഞ്ഞാല്‍ മുകളില്‍പറഞ്ഞ മൂന്നു പ്രസ്താവനകളും ഉണ്ടാകാന്‍ പാടില്ലാത്തവയായിരുന്നു. അതുബാധിക്കുന്നത് ഇന്ത്യയുടെ ദേശീയതാത്പര്യത്തേയാണ്. അവ പാക്കിസ്ഥാന്റെ മനസ്സുനിറയ്ക്കുമെന്നു മാത്രമല്ല ഇന്ത്യയെ കുറ്റപ്പെടുത്താനുള്ള ആയുധം അതു പാക്കിസ്ഥാനു നല്‍കുകയും ചെയ്യും.

പ്രതിപക്ഷത്തിന് എതിര്‍ക്കാനും ചോദ്യങ്ങള്‍ ഉന്നയിക്കാനും അവകാശമുണ്ട്. അതേസമയം, സ്വയം നിയന്ത്രണവും ദേശീയവീക്ഷണവും പ്രസംഗങ്ങളുടേയും പ്രസ്താവനകളുടേയും ഭാഗമാക്കാനുള്ള ബാധ്യതയുമുണ്ട്. പ്രതിപക്ഷം, സ്വയം തിരിച്ചറിയുമെന്നും രാജ്യത്തെ കൈവിട്ടുകളിക്കില്ലെന്നും തന്നെയാണ് എന്റെ ഉറച്ച വിശ്വാസം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.