ആലുവയില്‍ ബലിതര്‍പ്പണത്തിന് ഭക്തസഹസ്രങ്ങള്‍

Tuesday 5 March 2019 5:33 am IST

ആലുവ: പൂര്‍ണാനദിയില്‍ സ്‌നാനം ചെയ്ത് പിതൃതര്‍പ്പണത്തിന് ആലുവ ശിവരാത്രി മണപ്പുറത്ത് ജനസഹസ്രങ്ങളെത്തി. ഭൂതനാഥന്റെ അപദാനങ്ങള്‍ പറഞ്ഞും കേട്ടുമിരുന്ന് ബലി കര്‍മ്മങ്ങളനുഷ്ഠിക്കാന്‍ ഇന്നലെ രാവിലെ മുതല്‍ തന്നെ ഭക്തജനങ്ങളെത്തി. 

പകല്‍ മുഴുവന്‍ ഉപവസിച്ച്, ശിവ പഞ്ചാക്ഷരി ജപിച്ച് ധ്യാനനിരതരായ ഇവര്‍ അര്‍ധരാത്രി ശിവരാത്രി വിളക്കും എഴുന്നള്ളിപ്പു കഴിഞ്ഞു പെരിയാറില്‍ മുങ്ങി നിവര്‍ന്നു ബലിതര്‍പ്പണം നടത്തി. എഴുന്നള്ളിപ്പിനു ഗജരാജന്‍ കുമ്പളം മണികണ്ഠന്‍ മണപ്പുറം തേവരുടെ തിടമ്പേറ്റി. അമാവാസി ദിനമായതിനാല്‍ ഇന്ന് പകല്‍ മുഴവനും ബുധനാഴ്ച ഉച്ചവരെയും പിതൃകര്‍മങ്ങള്‍ നടക്കും. ഉത്താരയനത്തിലെ കറുത്തവാവ് പിതൃകര്‍മ്മങ്ങള്‍ക്കു വിശേഷമാണ്. ശിവരാത്രിക്ക് പിതൃക്കള്‍ പിന്മുറക്കാരെ കാണാന്‍ ആലുവ മണപ്പുറത്ത് വന്ന് സംതൃപ്തരായി മടങ്ങുന്നുവെന്നാണ് വിശ്വാസം.

ബലിതര്‍പ്പണത്തിനായി 75 രൂപയാണ് ദേവസ്വം ബോര്‍ഡ് നിശ്ചയിച്ചിരുന്നത്. ജലധാര, വില്വാര്‍ച്ചന, തിലഹവനം, അപ്പം, അരവണ, വെള്ള നിവേദ്യം തുടങ്ങിയ വഴിപാടുകള്‍ക്ക് പ്രത്യേക കൗണ്ടറുകള്‍ തുറന്നിരുന്നു. രാത്രി ഉറക്കമൊഴിഞ്ഞവര്‍ക്ക് ദേവസ്വം ബോര്‍ഡ് ഉപ്പുമാവും കടലക്കറിയും ചുക്കുകാപ്പിയും നല്‍കി. ക്ഷേത്ര ദര്‍ശനം നടത്തുന്നവര്‍ക്ക് പ്രസാദം നല്‍കാന്‍ നൂറില്‍പ്പരം ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. മണപ്പുറത്തെ മഹാദേവ ക്ഷേത്രത്തില്‍ പൂജാകര്‍മ്മങ്ങള്‍ക്ക് തന്ത്രി ചേന്നാസ് മനയ്ക്കല്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി മുല്ലപ്പിള്ളി മനയ്ക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. പുഴയോരത്തുടനീളം മുന്നൂറോളം ബലിപ്പുരകള്‍ ഭക്തജനങ്ങള്‍ക്ക് ബലിതര്‍പ്പണത്തിനായി ഒരുക്കിയിരുന്നു.

ശിവരാത്രി ആഘോഷ പരിപാടികളുടെ ഭാഗമായി മൂന്നാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന വ്യാപാരമേളയ്ക്കും വിനോദ പരിപാടികള്‍ക്കും തുടക്കമായി. 

ഭക്തരെ സഹായിക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും ആര്‍എസ്എസ്, സേവഭാരതി പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ രണ്ടായിരത്തോളം പോലീസിനെയും മണപ്പുറത്തും പരിസരത്തും വിന്യസിച്ചിരുന്നു. മണപ്പുറത്തെ അയ്യപ്പസേവ സംഘം ഭജനമഠത്തില്‍ ഇന്നലെ വൈകിട്ട് ആറിന് തുടങ്ങിയ അഖണ്ഡ പഞ്ചാക്ഷരി ജപം മുതല്‍ നാളെ വൈകിട്ട് ആറ് വരെ നീളും. 

ആലുവ അദ്വൈതാശ്രമത്തിലും ബലിതര്‍പ്പണത്തിനു സൗകര്യം ഒരുക്കിയിരുന്നു. രണ്ടായിരം പേര്‍ക്ക് ഒരേ സമയം ബലിതര്‍പ്പണം നടത്താവുന്ന ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. സ്വാമി ശിവ സ്വരൂപാനന്ദ, ജയന്തന്‍ ശാന്തി എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.