ചേര്‍ത്തല: സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ മത്സരിക്കണമെന്ന് ബിഡിജെഎസ് സംസ്ഥാന നേതൃയോഗത്തില്‍ ആവശ്യം. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി ചേര്‍ന്ന യോഗത്തിലാണ് ഈ ആവശ്യമുയര്‍ന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ടി.വി. ബാബു, സുഭാഷ് വാസു, പത്മകുമാര്‍, എ.ജി. തങ്കപ്പന് എന്നിവരടങ്ങിയ സമിതിയെ ചുമതലപ്പെടുത്തി. ഒരാഴ്ച്ചയ്ക്കുള്ളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും.
നേതൃത്വത്തിലിരിക്കുന്നവര് മത്സരിക്കുന്നതിനോടു വ്യക്തിപരമായി യോജിക്കുന്നില്ലെങ്കിലും നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടിയുടെയും എന്‍ഡിഎയുടെയും ആവശ്യങ്ങള്‍ പൂര്‍ണമായി തള്ളുന്നില്ലെന്ന് യോഗത്തിനുശേഷം തുഷാര്‍ വെള്ളാപ്പള്ളി മാധ്യമങ്ങളോടു പറഞ്ഞു. എസ്എന്‍ഡിപി യോഗം ഭാരവാഹികള്‍ മത്സരിക്കരുതെന്നതാണ് തന്റെ ആഗ്രഹമെന്നു വെള്ളാപ്പള്ളി നടേശന് പറഞ്ഞതായുള്ള ചോദ്യങ്ങള്‍ക്ക് അത്തരത്തില്‍ തീരുമാനങ്ങളില്ലെന്നും ആഗ്രഹമല്ല തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
എസ്എന്‍ഡിപി യോഗത്തിന്റെ സംസ്ഥാന സര്‍ക്കാരുമായുള്ള ബന്ധത്തെ രാഷ്ട്രീയമായി കാണേണ്ടതില്ല. യോഗത്തിന്റേതു സമദൂരനിലാപാടു തന്നെയാണ്. എന്‍എസ്എസ് ഉള്‍പ്പെടെയുള്ള സാമുദായിക സംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും തുഷാര്‍ പറഞ്ഞു. ടി.വി. ബാബു, എ.ജി. തങ്കപ്പന്, സംഗീത വിശ്വനാഥ്, കെ. പത്മകുമാര്‍, കെ. ഗോപകുമാര്‍, ഫാ. റിജോ നിരപ്പുകണ്ടം, തഴവ സഹദേവന് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: