സിപിഎം വെട്ടി; സിപിഐയുടെ ഏക എംപി പുറത്ത്

Tuesday 5 March 2019 8:03 am IST

തൃശൂര്‍: സിപിഐയുടെ സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവന്നപ്പോള്‍ പ്രതീക്ഷിച്ച പോലെതന്നെ സി.എന്‍. ജയദേവന്‍ പുറത്ത്. ലോക്‌സഭയിലെ സിപിഐയുടെ ഏക പ്രതിനിധിയായിരുന്നു ജയദേവന്‍. സിപിഎം ജില്ലാ നേതൃത്വവുമായുള്ള രൂക്ഷമായ ഭിന്നതയാണ് ജയദേവന് വിനയായത്. 

ഒരാഴ്ചമുമ്പ് പത്രസമ്മേളനം നടത്തി താന്‍ മത്സരിക്കാന്‍ തയാറാണ് എന്ന് പറഞ്ഞതും തിരിച്ചടിയായി. അതേസമയം, സിപിഎമ്മിന്റെ നിര്‍ദേശപ്രകാരം ജയദേവനെ തഴഞ്ഞതില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ സിപിഐക്കുള്ളില്‍ വന്‍രോഷമാണ് പുകയുന്നത്. ജില്ലയില്‍ സിപിഎം-സിപിഐ ബന്ധം അത്ര നല്ല നിലയിലല്ല. സംസ്ഥാനത്ത് സിപിഐക്ക് ഏറ്റവും സ്വാധീനമുള്ള ജില്ലയാണ് തൃശൂര്‍. എംപിയും മന്ത്രിയും ഉണ്ട്. എന്നാല്‍, ഈ വലിപ്പം അംഗീകരിക്കാന്‍ സിപിഎമ്മിന്റെ ജില്ലാ നേതൃത്വം തയാറല്ല. 

 സിപിഎമ്മുമായി കൊമ്പുകോര്‍ക്കാന്‍ പ്രമുഖ സിപിഐ നേതാക്കള്‍ പോലും ഭയപ്പെട്ട് നില്‍ക്കുന്ന സാഹചര്യത്തിലും ജയദേവന്‍ കൂസലില്ലാതെ സിപിഎമ്മിനെ വിമര്‍ശിക്കും. ഇതുമൂലം സിപിഎം നേതൃത്വത്തിന് ജയദേവന്‍ അനഭിമതനായി. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജയദേവനെ മത്സരിപ്പിക്കണമായിരുന്നുവെന്ന നിലപാടിലാണ്. ഈ എതിര്‍പ്പ് തെരഞ്ഞെടുപ്പില്‍ സിപിഐക്ക് തിരിച്ചടിയാകും. 

 കെ.പി. രാജേന്ദ്രന്റെ പേരാണ് സിപിഎം മുന്നോട്ടുവച്ചത്. എന്നാല്‍, പാര്‍ട്ടിക്കുള്ളില്‍ രാജേന്ദ്രന് പിന്തുണയില്ല. മാത്രമല്ല സാമുദായിക പരിഗണനകള്‍ രാജാജി മാത്യു തോമസിന് അനുകൂലമായി. ചര്‍ച്ച് ആക്ടിന്റെ പേരില്‍ ഇടഞ്ഞു നില്‍ക്കുന്ന ക്രിസ്ത്യന്‍ സഭയെ അനുനയിപ്പിക്കാന്‍ സഭയില്‍പ്പെട്ട ഒരാളെ സ്ഥാനാര്‍ത്ഥിയാക്കുക എന്ന തന്ത്രമാണ് സിപിഐ പയറ്റുന്നത്. 2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒല്ലൂര്‍ മണ്ഡലത്തില്‍ രാജാജി സ്ഥാനാര്‍ത്ഥിയായിരുന്നു. സിറ്റിങ് എംഎല്‍എ ആയിരുന്നിട്ടും ദയനീയമായി തോറ്റു. 2016ല്‍ മത്സരിച്ചില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.