സാമ്പത്തിക പ്രതിസന്ധി റേഷന്‍ വിതരണത്തെയും ബാധിച്ചു

Wednesday 6 March 2019 9:28 am IST

ആലപ്പുഴ: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി റേഷന്‍ വിതരണത്തെയും  ബാധിക്കുന്നു. ട്രഷറി നിയന്ത്രണത്തിന്റെ പേരില്‍ റേഷന്‍ വ്യാപാരികള്‍ക്കുള്ള പ്രതിഫലം തടഞ്ഞുവച്ചതാണ്   പ്രശ്‌നം സൃഷ്ടിക്കുന്നത്.  പ്രതിഫലം കിട്ടിയില്ലെങ്കില്‍ സ്റ്റോക്കെടുത്ത് വിതരണം നടത്തില്ലെന്ന നിലപാടിലാണ് റേഷന്‍ വ്യാപാരി സംഘടനകള്‍.

റേഷന്‍ വ്യാപാരികളുടെ പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ച വില്‍പ്പന കമ്മീഷനും മിനിമം വേതനവും ഡിസംബര്‍ മുതല്‍ കുടിശ്ശികയാണ്. ഇതുമൂലം റേഷന്‍ വ്യാപാരികള്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. വേതനം ലഭിക്കാത്തതിനാല്‍ കടവാടക നല്‍കാനോ സെയില്‍സ്മാന് ശമ്പളം നല്‍കാനോ കഴിയുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു. ഓരോ മാസവും വിതരണം പൂര്‍ത്തിയായാല്‍ അഞ്ച് പ്രവൃത്തിദിവസത്തിനകം വ്യാപാരികളുടെ അക്കൗണ്ടില്‍ പണം എത്തിക്കുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. പദ്ധതി തുടങ്ങിയ കാലത്ത് കൃത്യമായി തുക ലഭിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ഡിസംബര്‍ മുതല്‍ പ്രതിഫലവിതരണം മുടങ്ങിയതായി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.  

 പ്രളയകാലത്ത് നശിച്ച റേഷന്‍ സാധനങ്ങളുടെ വിലനല്‍കാനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സൗജന്യറേഷന്റെ കമ്മീഷനും കുടിശ്ശികയാണ്. റേഷന്‍ വിതരണം ആധുനികീകരിക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാരിന്റെ നടപടികള്‍ റേഷന്‍ കടകളില്‍ പെയിന്റ് ചെയ്യുന്നതില്‍ ഒതുങ്ങുകയാണെന്നാണ് പ്രധാന വിമര്‍ശനം. റേഷന്‍ സാധനങ്ങള്‍ കടകളിലെത്തിച്ച് തൂക്കി നല്‍കുമെന്ന പ്രഖ്യാപനം ഇതുവരെ യാഥാര്‍ത്ഥ്യമായില്ല. മാര്‍ച്ച് മാസം മുതല്‍ വാതില്‍പ്പടി വിതരണത്തിനുള്ള റേഷന്‍ സാധനങ്ങള്‍ തൂക്കി നല്‍കിയില്ലെങ്കില്‍ സ്റ്റോക്കെടുക്കില്ലെന്നും സംഘടനകള്‍ വ്യക്തമാക്കി. അനിശ്ചിതകാല കടയടപ്പ് സമരം ഉള്‍പ്പെടെയുള്ളവ നടത്താനാണ് സംഘടനകളുടെ നീക്കം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.