ജീവിതാനുഭവങ്ങള്‍ ഒരുപോലെ

Thursday 7 March 2019 5:30 am IST

ശ്രീകൃഷ്ണചരിതവും പ്രാര്‍ഥനാനിര്‍ഭരമായ സ്തുതികളും ചേര്‍ത്തെഴുതിയ ഗ്രന്ഥമാണ് നാരായണീയം. ഭാഗവതത്തിലേതു പോലെ അതില്‍ പ്രാര്‍ഥനയുണ്ട്, കഥയുണ്ട്, ജീവിതാനുഭവമുണ്ട്, പ്രപഞ്ചസത്യവുമുണ്ട്. മേല്‍പുത്തൂരെഴുതിയ  നാരായണീയത്തിന്റെ ആഖ്യാനങ്ങളിലൂടെ

മുപ്പത്തിമൂന്നാം ദശകം: (അംബരീഷ ചരിതം) വൈവസ്വതമനു പുത്രനായ നഭാഗന്റെ പുത്രനായ അംബരീഷരാജന്‍ വിസ്തൃതമായ ദേശം ഭരിച്ചിരുന്നു. അങ്ങയുടെ പ്രിയഭക്തനായ അദ്ദേഹം ഭാര്യാസമേതനായി ദ്വാദശീവ്രതമനുഷ്ഠിച്ച വേളയില്‍ ദുര്‍വാസാവ് അംബരീഷന്റെ ഗൃഹത്തിലെത്തി. ദ്വാദശി പാരണവേളയിലെ ഭക്ഷണത്തിനുള്ള ക്ഷണം ദുര്‍വാസ് സ്വീകരിക്കുകയും ചെയ്തു. നിത്യകര്‍മ്മങ്ങള്‍ക്കായി യമുനാനദിയിലേക്കു പോയ ഋഷി മടങ്ങിവരാന്‍ വൈകിയതിനാല്‍, വ്രതഭംഗം വരാതിരിക്കാന്‍ അംബരീഷന്‍ ജലപാനം നടത്തി.

രാജാവിന്റെ ഈ ചെയ്തികൊണ്ട് തന്നെ അവഹേളിച്ചു എന്നു ധരിച്ച ഋഷി ജട നിലത്തടിച്ച് ഭീകരമായ കൃത്യയെ സൃഷ്ടിച്ച് അംബരീഷനെതിരെ തിരിഞ്ഞു. അപ്പോള്‍ അങ്ങയുടെ ചക്രം അംബരീഷനെ സംരക്ഷിച്ചു. മാത്രമല്ല അവിടുത്തെ സുദര്‍ശനചക്രം ദുര്‍വാസാവിനെ മൂന്നുലോകത്തിലേക്കും ഓടിച്ചു. അന്ത്യത്തില്‍ അംബരീഷനെ തന്നെ ദുര്‍വാസാവ് ശരണം പ്രാപിക്കേണ്ടിവന്നു. അതനുസരിച്ച് മഹര്‍ഷി അംബരീഷനെ ശരണം പ്രാപിച്ചു. അങ്ങനെ അംബരീഷരാജാവും ദുര്‍വാസാവും സുദര്‍ശനത്തേയും അങ്ങയേയും സ്തുതിച്ച് ശ്രേഷ്ഠ ഭക്തരായി. അത്തരം സായുജ്യമെനിക്കുമേകേണമേ ഗുരുവായൂരപ്പാ.

മുപ്പത്തിനാലാം ദശകം: (രാമായണം): ദശരഥന് കൗസല്യയില്‍ ശ്രീരാമനായി അങ്ങ് ജനിച്ചു. വിശ്വാമിത്രനില്‍നിന്ന് അനവധി കാര്യങ്ങള്‍ യാഗസംരക്ഷണ യാത്രാവേളയില്‍ പഠിച്ചു. വഴിയില്‍ ദുഷ്ടയായ താടകയെ വധിച്ചു, രാക്ഷസ നിഗ്രഹം നടത്തി, ശൈവചാപം മുറിച്ച് ലക്ഷ്മി ദേവിയുടെ അവതാരമായ സീതയെ വിവാഹം കഴിച്ചു. തുടര്‍ന്ന് വിവാഹിതരായ മൂന്നു സഹോദരന്മാരോടുമൊത്ത്, സ്വരാജ്യത്തിലേക്ക് മടങ്ങി, വഴിയില്‍ പരശുരാമ തേജസ്സേറ്റു വാങ്ങി, ഭരതനും ശത്രുഘ്‌നനും മാതുലഗൃഹത്തിലായിരിക്കേ പിതാവായ ദശരഥന്‍ നടത്താനുദ്ദേശിച്ച അങ്ങയുടെ (രാമന്റെ) പട്ടാഭിഷേകം കൈകേയി മുടക്കി. പിതൃനിര്‍ദ്ദേശമനുസരിച്ച് വനത്തിലേക്ക് പത്‌നിയോടും ലക്ഷ്മണനോടുമൊത്ത് യാത്രതിരിച്ചു. ഗുഹന്റെ ആതിഥ്യം സ്വീകരിച്ച്, ഗംഗാനദി കടന്ന്, ഭരദ്വാജാശ്രമത്തില്‍ വസിച്ച്,

ചിത്രകൂടത്തില്‍ ആശ്രമം സ്ഥാപിച്ച് അക്കൂട്ടത്തില്‍ പിതാവിന്റെ ദേഹവിയോഗം അറിഞ്ഞ് പിതാവിന്റെ അന്ത്യക്രിയകളെല്ലാം ചെയ്ത്, ഭരതനെ രാജ്യഭാരവും തന്റെ പാദുകവും ഏല്‍പ്പിച്ച്, അത്രി മഹര്‍ഷിയെ സന്ദര്‍ശിച്ച്, വനയാത്ര നടത്തവേ വിരാധനെന്ന അസുരനെ നിഗ്രഹിച്ച് ശരഭങ്ഗനു മോക്ഷവും നല്‍കി, അഗസ്ത്യനെ വണങ്ങി വൈഷ്ണവ ചാപം ഏറ്റുവാങ്ങി പിതൃസുഹൃത്തായ ജടായുവിനെ കണ്ട് സീതയോടൊപ്പം, ഗോദാവരീ തീരത്ത് പഞ്ചവടിയില്‍ വാണു. ശൂര്‍പണഖയ്ക്ക് ലക്ഷ്മണിനിലൂടെ ശിക്ഷ നല്‍കി, അവളുടെ സംരക്ഷണത്തിനു വന്ന രാക്ഷസന്മാരെ നിഗ്രഹിച്ചു. വനയാത്ര നടത്തവേ മാരീചനിലൂടെ രാവണന്‍ ഒരുക്കിയ കെണിയിലകപ്പെട്ട സീതയെ അപഹരിച്ച രാവണനെ നിഗ്രഹിക്കുവാന്‍ കാരണം ലഭിച്ചതില്‍ അങ്ങ് ആശ്വാസം കണ്ടെത്തി. സീതാന്വേഷണത്തിനു സഹായിച്ച ജടായുവിന്റെ അന്ത്യകര്‍മ്മം നടത്തി. അങ്ങയുടെ പ്രിയഭക്തനായിത്തീര്‍ന്ന ഹനുമാനുമായി സുഹൃത്ബന്ധം സ്ഥാപിച്ച ഗുരുവായൂരപ്പാ അടിയനെ രക്ഷിക്കേണമേ.

മുപ്പത്തിയഞ്ചാം ദശകം: (രാമായണം സുഗ്രീവസഖ്യം) ഹനുമാനിലൂടെ സുഗ്രീവനുമായി സഖ്യമുണ്ടാക്കി. ബാലിയെ നിഗ്രഹം ചെയ്ത്, സുഗ്രീവനെ കിഷ്‌കിന്ധയുടെ രാജാവായി വാഴിച്ചു, ലക്ഷ്മണന്റെ ശാസനയിലൂടെ വാനരസേന സീതാന്വേഷണം നടത്തി. സമ്പാതി പറന്നു ചെന്നു കണ്ടതായ കാഴ്ച പ്രകാരം ഹനുമാന്‍ ലങ്കാപുരിയിലെത്തി സീതയെ കണ്ട് ലങ്കാപുരി ചുട്ടുചാമ്പലാക്കി. രാവണനുമായി യുദ്ധം ചെയ്യാനുറച്ച് അങ്ങ് രാവണസഹോദരന്‍ വിഭീഷണന് അഭയംകൊടുത്തു.

സമുദ്രം വഴിതരില്ലെന്നറിഞ്ഞ് ആഗ്നേയാസ്ത്ര തേജസ്സുകൊണ്ട് സമുദ്രത്തെ കീഴടക്കാന്‍ ശ്രമിച്ചപ്പോള്‍ അതു കണ്ടു ഭയന്ന സമുദ്ര ദേവന്റെ അഭ്യര്‍ത്ഥന പ്രകാരം സേതുബന്ധനം നടത്തി. ലങ്കയിലെത്തി യുദ്ധം ചെയ്തവേളയില്‍ രാവണപുത്രന്‍ ഇന്ദ്രജിത്തിന്റെ മായാസ്ത്രപ്രയോഗത്തില്‍  ബന്ധിതനായി. ഗരുഡന്റെ ചിറകടിയിലുണ്ടായ കാറ്റുകൊണ്ട് ബോധം തിരിച്ചുകിട്ടി. ബോധം കെട്ടുപോയ ലക്ഷ്മണനെ ഹനുമാന്‍ കൊണ്ടുവന്ന പര്‍വതഭാഗത്തിലെ മൃതസഞ്ജീവിനി കൊടുത്ത് രക്ഷിച്ചു. ആ ലക്ഷ്മണനാല്‍ ഇന്ദ്രജിത്ത് വധിക്കപ്പെട്ടു. വാനരസൈന്യത്തെ തുരുതുരെ നശിപ്പിച്ച കുംഭകര്‍ണനെ വധിച്ച്, ബ്രഹ്മാസ്ത്രത്തില്‍ രാവണനെ നിഗ്രഹിച്ചു.

രാമസൈന്യത്തെ പുനരുജ്ജീവിപ്പിച്ച്, സീതാ ലക്ഷ്മണ വിഭീഷണ വാനരസമൂഹത്തോടൊപ്പം പുഷ്പക വിമാനത്തില്‍ അങ്ങ് അയോധ്യാപുരിയിലെത്തി. പട്ടാഭിഷിക്തനായി കാലം കുറെ കഴിഞ്ഞു. ലോകാപവാദം ഭയന്ന് ഗര്‍ഭിണിയായ സീതയെ അങ്ങ് വാല്മീകിയുടെ ആശ്രമത്തിലാക്കി ലവകുശന്മാര്‍ക്ക് അവര്‍ ജന്മം നല്‍കി. അവരെക്കൊണ്ട് വാല്മീകിയെഴുതിയ രാമായണം അങ്ങയുടെ മുന്നില്‍ ചൊല്ലിച്ചു. സീതാദേവി ഭൂമിയിലേക്കു തിരിച്ചുപോയി കാലദേവ നിര്‍ദ്ദേശത്താല്‍ സ്വര്‍ഗാരോഹണത്തിന് കാലമായെന്നറിഞ്ഞ് ലക്ഷ്ണനെ ഉപേക്ഷിച്ച്, അങ്ങ് സരയുവില്‍ ദേഹത്യാഗം ചെയ്ത്, ലോകത്തെ പഠിപ്പിച്ചു; ആഗ്രഹം, അധികാരം, ധര്‍മ്മം, വിരഹം, ദുഃഖം, ത്യാഗം... എന്നിപ്രകാരമുള്ള ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ മനുഷ്യരനുഭവിക്കുന്നതെല്ലാം ഈശ്വരനായാലും അനുഭവിക്കേണ്ടതുണ്ട്. അങ്ങനെയുള്ള അങ്ങ് എന്റെ ഈ രോഗങ്ങളെല്ലാം അകറ്റിത്തരേണമേ ഗുരുവായൂരപ്പാ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.