സമര്‍പ്പണഭക്തിയില്‍ കൈവല്യ പ്രാപ്തി

Thursday 7 March 2019 5:39 am IST

ഭഗവത്പദത്തില്‍ ചേര്‍ന്ന് നിര്‍വാണം പ്രാപിക്കാനുള്ള മാര്‍ഗങ്ങള്‍ അരുളിച്ചെയ്താലും എന്ന ദേവഹൂതിയുടെ പ്രാര്‍ഥന കേട്ട് മകനായ കപിലാചാര്യന്‍ വേദതത്വങ്ങളടങ്ങിയ സാംഖ്യയോഗവും ഭക്തിയോഗവും യോഗവിദ്യയുമെല്ലാം ഉപദേശിച്ചു. 

സമര്‍പ്പണ ബുദ്ധിയോടെയുള്ള ഭക്തിയുടെ ജ്വാലയില്‍ അജ്ഞാനമാകുന്ന ഇരുട്ടകന്ന് ആനന്ദമുണ്ടാകുമ്പോള്‍  ഭക്തിയില്‍ ലയിക്കാനാവുന്നു. ഈ ആനന്ദം തന്നെയാണ് മുക്തി. ഇങ്ങനെ ഭക്തിയില്‍ മുഴുകുമ്പോള്‍ ആ ലയനത്തിനിടെ അപ്രതീക്ഷിതമായ സിദ്ധികള്‍ ലഭ്യമാകുന്നു. എന്നാല്‍ യഥാര്‍ഥ ഭക്തന്‍ ആ സിദ്ധികളില്‍ തല്‍പ്പരനാകുന്നില്ല. സ്വര്‍ഗംപോലും അവര്‍ ഉപേക്ഷിക്കാന്‍ തയ്യാറാണ്.

സ്വര്‍ഗസുഖങ്ങളില്‍ താത്പര്യമില്ലാതാകുന്നതോടെ അവരുടെ ഗമനം നേരിട്ട് വൈകുണ്ഠത്തിലേക്കാകും. അങ്ങനെ വൈകുണ്ഠത്തിലെത്തുന്നവര്‍ക്ക് പുനര്‍ജന്മമെന്ന ആവര്‍ത്തിയുണ്ടാകുന്നില്ല. അതാണ് പരമമായ ലയനം, കൈവല്യം എന്നൊക്കെ പറയുന്നത്. കാലചക്രത്തിലെ വ്യത്യാസം പോലും അവരെ ബാധിക്കുന്നില്ല. 

 'യേഷാമഹം പ്രിയ ആത്മാ സുതശ്ച

 സഖാ ഗുരു: സുഹൃദോ ദൈവമിഷ്ട:' 

അവര്‍ക്ക് എല്ലാം ഞാനാകുന്നു; പ്രിയനും ആത്മാവും മക്കളും സുഹൃത്തുക്കളും ദൈവവും എല്ലാം ഞാന്‍ ഞാന്‍ തന്നെ. 

 കപിലഭഗവാന്റെ വാക്കുകള്‍ അമ്മയില്‍ നിന്നും ലഭിച്ച വാല്‍സല്യങ്ങളെ ഉള്‍ക്കൊണ്ട് മാതൃത്വത്തിനോടുള്ള ബഹുമാനവും ആദരവും നിഴലിക്കുന്നതു തന്നെയായിരുന്നു. 

'ഉണ്ണികൃഷ്ണന്‍ മനസ്സില്‍ കളിക്കുമ്പോള്‍   

  ഉണ്ണികള്‍ മറ്റു വേണമോ മക്കളായ്' 

എന്നു പൂന്താനം പാടിയപ്പോള്‍ ഉണര്‍ന്നു വന്നതും ഇതേ ഭക്തി തന്നെ. 

  'എല്ലാം എല്ലാം അയ്യപ്പന്‍ 

  എല്ലാര്‍ക്കും പൊരുളയ്യപ്പന്‍' 

എന്ന് അയ്യപ്പഭക്തര്‍ പാടിയതും ഇതേ പൊരുള്‍ ഉള്‍ക്കൊണ്ടു തന്നെ.' 

  'വിസൃജ്യ സര്‍വാനന്യാംശ്ച മാമേവം വിശ്വതോ മുഖം

  ഭജന്ത്യനന്യയാ ഭക്ത്യാ താന്‍ മൃത്യേശതി പാരയേ' 

ഞാനല്ലാതെ മറ്റൊന്നില്ലാ എന്ന് വിചാരിച്ച് എല്ലാത്തിലും വ്യാപിച്ചിരിക്കുന്ന എന്നെത്തന്നെ അനന്യഭക്തിയോടെ ഭജിക്കുന്നവരെ ഞാന്‍ എല്ലാവിധ നാശങ്ങളില്‍ നിന്നും രക്ഷിച്ച് മായാബന്ധനങ്ങളെ കടത്തി വിടുന്നു. ഭവസാഗരത്തില്‍ വീണുഴലാതെ അവരെ ഞാന്‍ രക്ഷപ്പെടുത്തുന്നു. വൈതരണിയോ മറ്റു നരകങ്ങളോ ഇവര്‍ കാണുകപോലുമില്ല. 

ഇങ്ങനെയുള്ള സമര്‍പ്പണഭക്തിയിലൂടെ മുക്തി കൈവരിച്ച് ആനന്ദത്തിലാറാടാന്‍ യഥാര്‍ഥ ഭക്തര്‍ക്ക് അവസരം ലഭിക്കുന്നു. ഇനി പ്രകൃതി തത്വങ്ങളെ വേര്‍തിരിച്ചറിഞ്ഞ് കൂടുതല്‍ ജ്ഞാനത്തിലേക്കെത്താം. ഇങ്ങനെ നേടുന്ന അറിവിന് സാംഖ്യയോഗം എന്നു പറയുന്നു. പണ്ട് ശ്രീബ്രഹ്മദേവന്‍ തന്റെ മകനായ സ്വായംഭുവ മനുവിന് ഈ ശാസ്ത്രത്തെ ഉപദേശിച്ചിട്ടുണ്ട്. 

ഈ സാംഖ്യശാസ്ത്രത്തെ അഭ്യസിക്കുന്നതു കൊണ്ട് മനുഷ്യന്‍ പ്രകൃതി ഗുണങ്ങളില്‍ നിന്നും അവയുടെ ബന്ധനങ്ങളില്‍ നിന്നും മോചനം നേടുന്നു. പ്രകൃതിയും പുരുഷനും വിഭിന്നമായി കാണാന്‍ ഇതിലൂടെയാകുന്നു. ശരീരത്തിന് പ്രകൃതി ഗുണങ്ങളാണുള്ളത്. എന്നാല്‍  ഈ ഗുണങ്ങളില്‍ നിന്നും വ്യത്യസ്ഥനാണ് പുരുഷന്‍. ഇങ്ങനെ പുരുഷനെ തിരിച്ചറിയുമ്പോള്‍, പരമാത്മാവിനെ തിരിച്ചറിയുമ്പോള്‍ ദേഹത്തിലുള്ള അഭിമാനബോധം നശിക്കും. ഇതോടെ ജരാമരണാദി ദു:ഖങ്ങളില്‍ നിന്നും മോചനം ലഭിക്കും. ജരാനരകളും മരണവുമെല്ലാം പ്രകൃതിഗുണങ്ങളാണ്. പുരുഷനെ ഇതൊന്നും ബാധിക്കുന്നില്ല. ഇങ്ങനെ ആത്മജ്ഞാനം നേടുന്ന പുരുഷന്‍ പരമപുരുഷനുമായി താദാത്മ്യം പ്രാപിക്കുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.