കോഴിക്കോട്ടുകാരുടെ അഹല്യേടത്തി

Friday 8 March 2019 1:41 am IST
പലസ്ഥലങ്ങളിലും നിരന്തരം റെയ്ഡും അറസ്റ്റും നടന്നെങ്കിലും വെള്ളയിലെ നാലുകുടിപറമ്പ് വീട്ടിലേക്ക് പോലീസ് എത്തിയില്ല. എന്നാല്‍ അഹല്ല്യശങ്കറിനെ അറസ്റ്റു ചെയ്തു എന്ന വാര്‍ത്ത പല ദിവസങ്ങളിലായി പരന്നിരുന്നു. ഞാനൊന്നുമറിഞ്ഞില്ലേയെന്ന മട്ടില്‍ അഹല്ല്യ വീട്ടുജോലികളും ഒഴിവുകാലങ്ങളില്‍ ഒളിപ്രവര്‍ത്തനത്തിന്റെ ഭാഗവുമായി. 1977ല്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു.

പറക്കമുറ്റാത്ത കുഞ്ഞുങ്ങള്‍,  അഭിഭാഷകക്ലര്‍ക്കായി പ്രവര്‍ത്തിക്കുന്ന ഭര്‍ത്താവിന്റെ തിരക്കുകള്‍... പൊതുരംഗത്തേക്കിറങ്ങാന്‍ പ്രതികൂലമായ  സാഹചര്യങ്ങളായിട്ടും അഹല്ല്യാശങ്കര്‍ ഉറച്ച തീരുമാനമെടുത്തു, വീട്ടുകാര്യങ്ങള്‍ക്കൊപ്പം രാഷ്ട്രീയവും തന്റെ മേഖലയാണ്. അങ്ങനെയാണ് അഹല്ല്യാശങ്കര്‍ എന്ന നേതാവിന്റെ പേര് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇടംപിടിക്കുന്നത്.അക്കാലത്ത് ജനസംഘത്തിന്റെ കൊടിപിടിക്കാന്‍ ആണുങ്ങള്‍ പോലും  കുറവായിരുന്നു. എന്നാല്‍ ദീപശിഖാങ്കിത പതാകയുമായി അഹല്ല്യാശങ്കര്‍ ജനസംഘത്തിന്റെ മുതിര്‍ന്ന നേതാക്കളോടൊപ്പം രാഷ്ട്രീയരംഗത്തെ മുന്നണി പോരാളിയായി. 

തലശ്ശേരിക്കടുത്ത് ന്യൂമാഹിയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന കരിമ്പില്‍ കൃഷ്ണന്റെയും ദമയന്തിയുടെയും നാലാമത്തെ മകളാണ്.  വെള്ളയില്‍ നാലുകുടിപറമ്പ് ശങ്കരന്റെ ഭാര്യയായി കോഴിക്കോട്ടെത്തിയതോടെയാണ് ജീവിതം മാറി മറിഞ്ഞത്. പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായിരുന്ന രത്‌നസിംഗിന്റെ ക്ലര്‍ക്കായിരുന്നു ശങ്കരന്‍. ശങ്കരന്റെ വീട്ടിലും വെള്ളയിലും ആര്‍എസ്എസ്സിന് നേരത്തെ വേരുകളുണ്ട്. ശാഖയെക്കുറിച്ചും ജനസംഘത്തെക്കുറിച്ചും നടക്കുന്ന ചര്‍ച്ചകള്‍ അഹല്ല്യക്ക് മനസ്സിലായി തുടങ്ങി. ജനസംഘയോഗങ്ങളില്‍ പങ്കെടുക്കുകയും മറ്റു സ്ത്രീകളെ സംഘടിപ്പിക്കുകയും ചെയ്താണ്  അഹല്ല്യാശങ്കര്‍ രാഷ്ട്രീയജീവിതത്തിന് ഹരിശ്രീ കുറിച്ചത്.

കോഴിക്കോട്ട് നടന്ന ജനസംഘം ദേശീയ സമ്മേളനത്തോടെയാണ് അഹല്യയുടെ രാഷ്ട്രീയപ്രവര്‍ത്തനം സജീവമായത്.സമ്മേളനത്തില്‍ ആദ്യവസാനം അവര്‍ പങ്കെടുത്തു. 

1973ല്‍ കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ജനസംഘം സ്ഥാനാര്‍ത്ഥിയായി. 

1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന ഉപദേശവുമായി പലരുമെത്തി. എന്നാല്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് കുരുക്ഷേത്ര ലഘുലേഖകള്‍ വിതരണം ചെയ്യാന്‍ സ്ത്രീകള്‍ക്ക് എളുപ്പം കഴിയുമെന്ന് നേതൃത്വത്തിനറിയാമായിരുന്നു. അഹല്ല്യാശങ്കര്‍ സന്തോഷപൂര്‍വ്വം അതേറ്റെടുത്തു.  പലസ്ഥലങ്ങളിലും നിരന്തരം റെയ്ഡും അറസ്റ്റും നടന്നെങ്കിലും വെള്ളയിലെ നാലുകുടിപറമ്പ് വീട്ടിലേക്ക് പോലീസ് എത്തിയില്ല. എന്നാല്‍ അഹല്ല്യശങ്കറിനെ അറസ്റ്റു ചെയ്തു എന്ന വാര്‍ത്ത പല ദിവസങ്ങളിലായി പരന്നിരുന്നു. ഞാനൊന്നുമറിഞ്ഞില്ലേയെന്ന മട്ടില്‍ അഹല്ല്യ വീട്ടുജോലികളും ഒഴിവുകാലങ്ങളില്‍ ഒളിപ്രവര്‍ത്തനത്തിന്റെ ഭാഗവുമായി.  1977ല്‍ അടിയന്തരാവസ്ഥ  പിന്‍വലിച്ചു.  1978ല്‍ നടന്ന കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ചെറോട്ട് വാര്‍ഡില്‍ നിന്ന് വീണ്ടും ജനവിധി നേടി. 

1980ല്‍ മുംബൈയില്‍ നടന്ന ബിജെപി രൂപീകരണ സമ്മേളനത്തില്‍ പങ്കെടുത്ത കേരളത്തില്‍ നിന്നുള്ള വനിതാ പ്രതിനിധികളില്‍ ഒരാള്‍ അഹല്ല്യാശങ്കറായിരുന്നു. ബിജെപി സംസ്ഥാന കമ്മിറ്റിയില്‍ എത്തിയ രണ്ടാമത്തെ വനിതയും അഹല്യാ ശങ്കറാണ്. എടപ്പാളിലെ ദേവകി അമ്മ  മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റായപ്പോള്‍ സംസ്ഥാന ജനറല്‍സെക്രട്ടറിയായി അഹല്ല്യാശങ്കറുണ്ടായിരുന്നു. രണ്ടുതവണ തുടര്‍ച്ചയായി മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയും തുടര്‍ന്ന് സംസ്ഥാന പ്രസിഡന്റുമായി. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം, ദേശീയ നിര്‍വ്വാഹക സമിതി അംഗം എന്നീ ചുമതലകളും വഹിച്ചു. 

1982ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂര്‍ മണ്ഡലത്തില്‍ നിന്നും മത്സരിച്ചു. പ്രചരണത്തിനായി ദേശീയ നേതാക്കളുടെ നീണ്ടനിര തന്നെ കോഴിക്കോട്ടെത്തി. ഫറോക്കില്‍  വാജ്‌പേയിയും കടലുണ്ടിയില്‍ അദ്വാനിജിയും വെങ്കയ്യനായിഡുവും പൊതുയോഗത്തില്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പില്‍ കെട്ടിവെയ്ക്കാനുള്ള തുക പ്രവര്‍ത്തകര്‍ ശേഖരിച്ച് വാജ്‌പേയിക്ക് കൈമാറുകയായിരുന്നുവെന്ന് അഹല്യ ശങ്കര്‍ ഓര്‍ക്കുന്നു. 

1987ല്‍ വീണ്ടും ബേപ്പൂരില്‍ നിന്ന് വീണ്ടു മത്സരിക്കാന്‍ നിയോഗം. ജയിച്ചില്ലെങ്കിലും വോട്ട് ഇരട്ടിയാക്കാന്‍ കഴിഞ്ഞു.  1989, 1991 വര്‍ഷങ്ങളില്‍ മഞ്ചേരിയില്‍ നിന്നും 1997ല്‍ പൊന്നാനിയില്‍ നിന്നും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു.  1996ല്‍ കൊയിലാണ്ടി നിയമസഭാ മണ്ഡലത്തില്‍ നിന്നും ഒരു കൈ നോക്കി. 2000ത്തില്‍ കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പോടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങി. പിന്നീടും സംഘടനാപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു.

1991ല്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ നടത്തിയ യാത്ര മനസ്സിലിന്നും നിറഞ്ഞു നില്‍ക്കുന്നുണ്ട്. ശാരീരികമായ ബുദ്ധിമുട്ടുകള്‍ കാരണം സജീവരാഷ്ട്രീയ പ്രവര്‍ത്തനത്തിലില്ലെങ്കിലും ബിജെപിയുടെ കോഴിക്കോട്ടെയും പരിസരപ്രദേശങ്ങളിലെയും രാഷ്ട്രീയവേദികളില്‍ അഹല്ല്യാശങ്കറുടെ സാന്നിദ്ധ്യമുണ്ട്. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.