മലയാളത്തിന്റെ വാനമ്പാടി

Friday 8 March 2019 1:46 am IST
1963 ജൂലായ് 27ന് തിരുവനന്തപുരത്താണ് ജനനം. പരേതനായ കരമന കൃഷ്ണന്‍നായരുടെ മകളായി. അദ്ദേഹമായിരുന്നു സംഗീതത്തിലെ ആദ്യഗുരു. ഡോ. കെ. ഓമനക്കുട്ടിയില്‍ നിന്ന് കര്‍ണ്ണാടക സംഗീതത്തില്‍ വിദഗ്ധശിക്ഷണം. കേരളാ സര്‍വ്വകലാശാലയില്‍നിന്ന് സംഗീതത്തില്‍ ബിരുദാനന്ദര ബിരുദം. എം.ജി. രാധാകൃഷ്ണന്റെ സംഗീതത്തില്‍ 'അട്ടഹാസ'മെന്ന സിനിമയിലൂടെയാണ് ചലച്ചിത്ര ഗാനരംഗത്തെത്തുന്നത്.

മലയാളി ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന സ്ത്രീശബ്ദമാണ് കെ.എസ്. ചിത്രയുടേത്. മുപ്പത്തിയഞ്ചിലേറെ വര്‍ഷമായി 'ചിന്നക്കുയിലി'ന്റെ മധുരശബ്ദം നമുക്കിടയിലുണ്ട്. ഇരുപതിനായിരത്തോളം പാട്ടുകളിലൂടെ നമ്മള്‍ ആ ശബ്ദത്തെ സ്‌നേഹിക്കുന്നു. ലോക വനിതാദിനത്തില്‍ മലയാളി ഏറ്റവും അധികം സ്‌നേഹിക്കുന്ന സ്ത്രീകളുടെ പട്ടികയില്‍ ചിത്രയുണ്ട്. തമിഴ്‌നാട്ടുകാര്‍ സ്‌നേഹത്തോടെ ചിന്നക്കുയിലെന്നു വിളിക്കുന്ന കേരളത്തിന്റെ സ്വന്തം വാനമ്പാടി...

 1963 ജൂലായ് 27ന് തിരുവനന്തപുരത്താണ് ജനനം. പരേതനായ കരമന കൃഷ്ണന്‍നായരുടെ മകളായി. അദ്ദേഹമായിരുന്നു സംഗീതത്തിലെ ആദ്യഗുരു. ഡോ. കെ. ഓമനക്കുട്ടിയില്‍ നിന്ന് കര്‍ണ്ണാടക സംഗീതത്തില്‍ വിദഗ്ധശിക്ഷണം. കേരളാ സര്‍വ്വകലാശാലയില്‍നിന്ന് സംഗീതത്തില്‍ ബിരുദാനന്ദര ബിരുദം. എം.ജി. രാധാകൃഷ്ണന്റെ സംഗീതത്തില്‍ 'അട്ടഹാസ'മെന്ന സിനിമയിലൂടെയാണ് ചലച്ചിത്ര ഗാനരംഗത്തെത്തുന്നത്. എസ്. ജാനകിയും സുശീലയും വാണിജയറാമുമെല്ലാം അന്നുണ്ടായിരുന്നെങ്കിലും മുന്‍പ് ആണ്‍ശബ്ദത്തോടായിരുന്നു മലയാളികള്‍ക്ക് കൂടുതലടുപ്പം. ചിത്രയിലൂടെയാണ് പെണ്‍ശബ്ദത്തെ മലയാളി സ്വീകരിച്ചുതുടങ്ങിയത്.

മലയാളത്തില്‍നിന്ന് തമിഴിലേക്കും പിന്നീട് തെന്നിന്ത്യയിലാകെയും ചിത്രയുടെ പാട്ടുപടര്‍ന്നു. 'അട്ടഹാസ'ത്തിനു ശേഷം 'നവംബറിന്റെ നഷ്ടം', 'ഞാന്‍ ഏകനാണ്' എന്നീ സിനിമകളില്‍ പാടി. പിന്നീട് നേരെ തമിഴിലേക്ക്. ഇളയരാജയുടെ സംഗീതത്തില്‍ 'നീ താനാ അന്തക്കുയില്‍' എന്ന സിനിമയില്‍ പാടി. തമിഴില്‍നിന്ന് തെലുങ്കിലേക്ക്. അവിടെനിന്ന് കന്നടയിലേക്ക്.... തെന്നിന്ത്യയാകെ പാട്ടുകളുമായി ചിത്ര പാറിപ്പറന്നു. ഒറിയ, ഹിന്ദി, അസാമീസ്, ബംഗാളി, ബഡഗ, പഞ്ചാബി സിനിമകളിലും പാടിയിട്ടുണ്ട്.

ചിത്രയുടെ ശബ്ദം കേള്‍ക്കുന്ന ഏതൊരുമലയാളിയുടെയും മനസ്സില്‍ ഗൃഹാതുരമായ സ്മരണകള്‍ ഉണരും. 

ചിത്രയ്ക്കു ലഭിച്ചിട്ടുള്ള പുരസ്‌കാരങ്ങള്‍ നിരവധിയാണ്. വിവിധ സര്‍ക്കാരുകളുടെ ആദരവിനൊപ്പം ഭാരതം ഈ വിഖ്യാതശബ്ദത്തെ ആദരച്ചിട്ടുണ്ട്. 2005ല്‍ പദ്മശ്രീ നല്‍കി. ബ്രിട്ടീഷ് പാര്‍ലമെന്റിന്റെയും ചൈനീസ് സര്‍ക്കാരിന്റെയും അടക്കം നിരവധി രാജ്യാന്തര പുരസ്‌കാരങ്ങളും ആ മനോഹരശബ്ദത്തെ തേടിയെത്തിയിട്ടുണ്ട്. 

ആറുതവണ ചിത്രയ്ക്ക് നല്ല പാട്ടുകാരിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. 1986ല്‍ തമിഴ് സിനിമ 'സിന്ധുഭൈരവി'യിലെ പാട്ടിനായിരുന്നു ആദ്യം. ''പാടറിയേന്‍..പഠിപ്പറിയേന്‍...പള്ളിക്കൂടം...'' എന്ന പാട്ട് ഇന്നും സംഗീതാസ്വാദകരുടെ ചുണ്ടിലുണ്ട്. 1987ല്‍ മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ നക്ഷതങ്ങള്‍എന്ന ചലച്ചിത്രത്തിലെ 'മഞ്ഞള്‍പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി മഞ്ഞക്കുറിമുണ്ടും ചുറ്റി....' എന്ന പാട്ടും സൂപ്പര്‍ ഹിറ്റായിരുന്നു. ആ പാട്ടിനും ചിത്രയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചു. 'ഇന്ദുപുഷ്പം ചൂടി നില്‍ക്കും രാത്രി...' വൈശാലിയിലെ ഈ പാട്ട് ആര്‍ക്കാണു മറക്കാന്‍ കഴിയുക. 

89ലെ ദേശീയ അവാര്‍ഡ് ചിത്രയിലൂടെ കേരളത്തിലെത്തിയത് ഈ മനോഹരഗാനത്തിലൂടെയാണ്. 1996ല്‍ തമിഴില്‍ പുറത്തിറങ്ങിയ 'മിന്‍സാരക്കനവ്' എന്ന സിനിമയിലൂടെയാണ് ചിത്രയെതേടി ദേശീയ പുരസ്‌കാരം വന്നു. ''മാനാ മധുരൈ....ഓ..ലാ ലാ ലാ..''എന്ന ഗാനം ഭാഷയ്ക്കതീതമായി ഏവരും ഏറ്റുവാങ്ങി. 1997ല്‍ വിരാസത് എന്ന ഹിന്ദി ചലച്ചിത്രത്തിലെ പാട്ടിനാണ് കെ.എസ്. ചിത്ര ദേശീയപുരസ്‌കൃതയായത്. 2004ല്‍ ചേരന്റെ ഓട്ടോഗ്രാഫിലൂടെ വീണ്ടും. തമിഴ്‌നാട് സര്‍ക്കാരിന്റെ നല്ലപാട്ടുകാരിക്കുള്ള പുരസ്‌കാരം ചിത്രയ്ക്ക് നാലുതവണ ലഭിച്ചു. ആന്ധ്രാസര്‍ക്കാരിന്റെത് പതിനൊന്ന് തവണയും. കര്‍ണ്ണാടക സര്‍ക്കാര്‍ മൂന്നുവര്‍ഷങ്ങളില്‍ നല്ലപാട്ടുകാരിക്കുള്ള പുരസ്‌കാരം നല്‍കി ചിത്രയെ ആദരിച്ചിട്ടുണ്ട്. പതിനെട്ട് തവണയാണ് കേരളാസര്‍ക്കാരിന്റെ പുരസ്‌കാരം ചിത്ര നേടിയത്. തമിഴ്‌നാടിന്റെയും കേരളത്തിന്റെയും ആന്ധ്രയുടെയും പുരസ്‌കാരങ്ങള്‍ ഒരേവര്‍ഷം നേടിയിട്ടുമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.