പിച്ചകം(പിച്ചി)

Friday 8 March 2019 1:03 am IST

ശാസ്ത്രീയ നാമം: Jasminum grandiflorum 

അല്ലെങ്കില്‍ Jasminum officianale

സംസ്‌കൃതം: മാലതി, ജാതി, ഹൃദ്യഗന്ധ

തമിഴ്: കൊടിമല്ലികൈ

എവിടെ കാണാം: ഇന്ത്യയിലുടനീളം വീട്ടുമുറ്റത്തും

തോട്ടങ്ങളിലും കൃഷി ചെയ്യുന്നു. 

പ്രത്യുത്പാദനം: കാണ്ഡം നട്ടുവളര്‍ത്തി

ചില ഔഷധപ്രയോഗങ്ങള്‍: ദിവസം മൂന്നു തവണ പിച്ചകത്തിന്റെ നാല് ഇല വീതം കടിച്ചു ചവച്ച് നീര് ഇറക്കിയാല്‍ വായ്പുണ്ണ് മാറും. ഇത് നാലോ അഞ്ചോ ദിവസം ആവര്‍ത്തിക്കുക.  രണ്ട് കിലോ പിച്ചകം സമൂലം ഇടിച്ചു പിഴിഞ്ഞെടുത്ത നീര് രണ്ട് ലിറ്റര്‍, അര ലിറ്റര്‍ എള്ളെണ്ണ എന്നിവയെടുത്ത് പിച്ചക വേര്, ഗുല്‍ഗുലു, നറുനീണ്ടിക്കിഴങ്ങ്, മഞ്ഞള്‍, എന്നിവ പത്തു ഗ്രാം വീതമെടുത്ത് കല്‍ക്കം ചേര്‍ത്ത് മണല്‍പാകത്തില്‍ കാച്ചിയരിച്ച് തേച്ചാല്‍ ചൊറി, ചിരങ്ങ്, കരപ്പന്‍കുരു എന്നിവ ഒരാഴ്ചകൊണ്ട് മാറും. 

 ഇതിന്റെ ഇലയരച്ച് വ്രണത്തില്‍ തേച്ചാല്‍ വ്രണം പൊട്ടിയൊലിച്ച് ശുദ്ധമായി പെട്ടെന്ന് കരിയും. പ്രസവിച്ച സ്ത്രീകളുടെ മുലപ്പാല്‍ നിര്‍ത്താന്‍ പിച്ചകത്തിന്റെ ഇലയും പൂവും കാടിവെള്ളത്തില്‍ അരച്ച് സ്തനത്തില്‍ തേച്ചാല്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കകം പാല്‍ വറ്റും. പിച്ചകം സമൂലം 60 ഗ്രാമെടുത്ത്  ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി വീതം തേന്‍ മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ടു നേരം  തുടര്‍ച്ചയായി ഒരാഴ്ച സേവിച്ചാല്‍ പ്രസവിച്ച സ്ത്രീകളുടെ മുലപ്പാല്‍ വറ്റി പെട്ടെന്ന് ഋതുവാകും. 

പച്ച മഞ്ഞള്‍, പിച്ചകത്തിന്റെ ഇല, കറുകപ്പുല്ല്, കയ്യുണ്യം, ഉഴിഞ്ഞ, പൂവാം കുരുന്നില, വിഷ്ണുക്രാന്തി, മുയല്‍ചെവിയന്‍, തിരുതാളി, നിലപ്പന സമൂലം, മുക്കുറ്റി, ചെറൂള, ചെറുകടലാടി, തഴുതാമ സമൂലം, പുളിഞരമ്പ് ഇവ ഓരോന്നും അരക്കിലോ വീതം ഇടിച്ചു പിഴിഞ്ഞ് രണ്ട് ലിറ്റര്‍ എള്ളെണ്ണ കാല്‍ ലിറ്റര്‍ നെയ്യ്, കല്‍ക്കത്തിന് മഞ്ചട്ടിപ്പൊടി, കൊട്ടം, ഇരട്ടിമധുരം ഇവ ഓരോന്നും 15 ഗ്രാം വീതം അരച്ചു കലക്കി അരക്കു മധ്യേപാകത്തില്‍ ഈ നെയ്യ് കാച്ചിയരിച്ച്   തേച്ചാല്‍, പുരുഷന്മാരുടെ ലിംഗാഗ്രചര്‍മത്തുള്ള പൊട്ടല്‍ പൂര്‍ണമായും ഭേദമാകും. ഇങ്ങനെ പൊട്ടുന്നതിനെ നിവൃത്തി, അവപാലിക എന്നിങ്ങനെയാണ് പേര്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.