ശ്രീരാമകൃഷ്ണദേവനും അദ്ദേഹത്തിന്റെ പ്രസക്തിയും

Friday 8 March 2019 1:04 am IST
ഇന്ന് ശ്രീരാമകൃഷ്ണപരമഹംസ ജയന്തി

ശ്രീരാമകൃഷ്ണദേവന്റെ അതുല്യമായ പൂര്‍ണതയും വിശുദ്ധിയും സമഗ്രതയും അപാരതയും അദ്ദേഹത്തെ ഒരു 'അത്ഭുത പ്രതിഭാസ' മാക്കി തീര്‍ത്തു. മൂന്നു ദശലക്ഷം ജനങ്ങളുടെ രണ്ടായിരം വര്‍ഷത്തെ ആധ്യാത്മികാഭിലാഷങ്ങളുടെ സാഫല്യമെന്ന് റൊമാ റൊളാങ്ങും, ഒരു യഥാര്‍ഥ മഹാത്മാവെന്ന് മാക്‌സ് മുള്ളറും അതിബൃഹത്തായ ഒരു ആധ്യാത്മിക സംഭരണിയെന്ന് മഹര്‍ഷി അരവിന്ദനും അദ്ദേഹത്തെ വിശേഷിപ്പിക്കുമ്പോള്‍ അനന്തഭാവമയനും അനന്തമായ രീതിയില്‍ വികാസം പ്രാപിക്കുവാന്‍ തക്ക ശേഷിയുള്ള ആധ്യാത്മികാശയങ്ങളുടെ മൂര്‍ത്തിമത്‌രൂപമാണെന്ന് അതു കൊണ്ടു തന്നെ അദ്ദേഹം അവതാര വരിഷ്ഠനാണെന്നും പ്രിയശിഷ്യനും സന്ദേശവാഹകനുമായ സ്വാമി വിവേകാനന്ദന്‍ സാക്ഷ്യപ്പെടുത്തുന്നു. 

ശ്രീരാമകൃഷ്ണദേവന്റെ ജീവിതം പ്രയോഗിക ആധ്യാത്മികതയുടെ ഉദാത്തദൃഷ്ടാന്തമാണ്. മതമെന്നാല്‍ കേവലം തത്വസംഹിതകളോ സിദ്ധാന്തങ്ങളോ ആചാരങ്ങളോ അല്ലെന്നും മറിച്ച് സത്യസാക്ഷാത്ക്കാരവും അതദനുസൃതമായ മൂല്യാധിഷ്ഠിത പ്രായോഗിക ജീവിതരീതികളാണെന്നും അത് സാര്‍വലൗകികവും സാര്‍വജനീനവും ശാസ്ത്രത്തിന്റെ തന്നെ പൂര്‍ത്തീകരണവും അത്യന്തം ഗുണകരവുമാണെന്നും സ്വജീവിതത്തിലൂടെ അദ്ദേഹം ബോധ്യപ്പെടുത്തി. അന്ധമായ പാശ്ചാത്യാനുകരണ ഭ്രമഭൗതിക ശാസ്ത്രീയ സാങ്കേതിക മുന്നേറ്റത്തെ തുടര്‍ന്നുണ്ടായ മാനുഷിക മൂല്യശോഷണത്തെയും ഫലപ്രദമായി പ്രതിരോധിക്കാനും ഭാരതത്തിലെ അഭ്യസ്തവിദ്യരായ യുവജനങ്ങളില്‍ പ്രകടമായിരുന്ന സ്വന്തം സംസ്‌ക്കാരത്തെപ്പറ്റിയുള്ള അജ്ഞതയും അവജ്ഞയും പരിഹരിക്കുവാനും തന്റെ ജീവിതത്തിലൂടെയും ഉപദേശങ്ങളിലൂടെയും നിക്ഷരനും

ഗ്രാമീണനുമായ ആ സാധു പൂജാരിക്ക് കുറേയൊക്കെ സാധിച്ചു. മാത്രമോ, ധൈഷണികതയും വിശുദ്ധിയും ഹൃദയാലുത്വവും സമ്മേളിച്ച യുവാക്കളെ ഉള്‍പ്പെടുത്തി തന്റെ ദൗത്യനിര്‍വഹണത്തിന് ഉപയുക്തമായ ഒരു ചെറു സംഘത്തിന് രൂപം നല്‍കുകയും തന്റെ അനന്തര ഗാമിയായി 'നിത്യസിദ്ധ' നും  ലോകത്തിന്റെ അടിത്തറയെത്തന്നെ ബലാല്‍ കുലുക്കാന്‍ ശക്തനുമായ നരേന്ദ്രനെ (പിന്നീട് സ്വാമി വിവേകാനന്ദന്‍) നിര്‍ദേശിക്കുകയും ചെയ്തു. ലോകചരിത്രത്തിന്റെ ഗതിയെത്തന്നെ മാറ്റി മറിച്ച സംഭവങ്ങളാണല്ലോ പിന്നീട് അരങ്ങേറിയത്. 

 ഓരോ മനുഷ്യനിലും ദൈവികത കുടികൊള്ളുന്നുവെന്നും അതിനെ വെളിപ്പെടുത്തുകയാണ് ജീവിത ലക്ഷ്യമെന്നും മാനവസേവയാണ് യഥാര്‍ഥ ഇൗശ്വരപൂജയെന്നും (ശിവജ്ഞാനേ ജീവസേവ)  അന്തിമ വിശകലനത്തില്‍ ഈശ്വരനല്ലാതെ ഈ പ്രപഞ്ചത്തില്‍ മറ്റൊന്നും തന്നെയില്ലെന്നും (ഈശാവാസ്യമിദം സര്‍വം) സര്‍വമതസാരവുമേകമാണെന്നുമുള്ള സനാതന ധര്‍മം സ്വജീവിതത്തില്‍ സാക്ഷാത്ക്കരിച്ച ആ മഹാഗുരു ഈ കാലഘട്ടത്തിന്റെ മാര്‍ഗദര്‍ശിയും പ്രവാചകനുമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.

പരസ്പരം മല്ലടിച്ചിരുന്ന വൈഷ്ണവ, ശൈവ തുടങ്ങിയ ആരാധനാസമ്പ്രദായങ്ങളും സാകാര നിരാകാര സങ്കല്പങ്ങളേയും അതതിന്റെ നിലയില്‍ സമന്വയിപ്പിച്ച് ഹിന്ദുമതത്തിന് ഒരു പു

തിയ ഉണര്‍വും സ്വീകാര്യതയും അദ്ദേഹം നല്‍കി. കൂടാതെ ഇസ്ലാം , ക്രിസ്ത്യന്‍ എന്നീ ഇതര മതങ്ങളിലൂടെയും ആത്മാര്‍ഥ സാധകന് സത്യസാക്ഷാത്ക്കാരം സുസാധ്യമാണെന്ന് സ്വന്തം അനുഭവത്തിലൂടെ അദ്ദേഹം ബോധ്യപ്പെടുത്തി. സര്‍വമത സമന്വയ മൂര്‍ത്തിയായ അദ്ദേഹം അതുകൊണ്ടു തന്നെയാണ് എത്രമതങ്ങളുണ്ടോ അത്ര തന്നെ മാര്‍ഗങ്ങളുമുണ്ട് ഈശ്വരപ്രാപ്തിക്ക് എന്ന് അഭിപ്രായപ്പെട്ടതും. അവനവന്റെ മതത്തില്‍ ഉറച്ചു നി

ല്‍ക്കുമ്പോള്‍ തന്നെ മറ്റു മതങ്ങളെ അംഗീകരിക്കുകയും ചെയ്യണം. ഒരേ ആഹാരം ഏവര്‍ക്കും യോജിക്കണമെന്നില്ലല്ലോ. തന്റെ ഗുരുവില്‍ നിന്ന് ഉള്‍ക്കൊണ്ട ഈ സര്‍വമത ആദര്‍ശമാണ് സ്വാമിയുടെ ചിക്കാഗോ മഹാസമ്മേളനത്തില്‍ മുഴങ്ങിക്കേട്ടത്. 'ഞങ്ങള്‍ സാര്‍വലൗകിക സഹിഷ്ണുതയില്‍ വിശ്വസിക്കുക മാത്രമല്ല, എല്ലാ മതങ്ങളും സത്യമെന്ന് കരുതി സ്വീകരിക്കുകയും ചെയ്യുന്നു. പലയിടങ്ങളില്‍ നിന്നും പുറപ്പെടുന്ന നദികള്‍ കടലിലെത്തി ഒന്നാകുന്നതു പോലെ രുചിഭേദം കൊണ്ട് ആളുകള്‍ സ്വീകരിക്കുന്ന വഴികള്‍ അവ പലതായി തോന്നിയാലും വളഞ്ഞോ, നേരെയോ പോ

യാലും ആത്മാര്‍ഥമായി പിന്‍തുടര്‍ന്നാല്‍ അവസാനം ഇൗശ്വരനില്‍ തന്നെ വന്നെത്തുന്നു.'

വിഘടനവാദത്തിനും മര്‍ക്കടമുഷ്ടിയും അതിന്റെ തിക്തഫലങ്ങളായ മതഭ്രാന്തും ഭീകരവാദവും മുമ്പെങ്ങുമില്ലാത്ത രീതിയില്‍ ദൂഷിതമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ഈ സത്യം മനുഷ്യരൊക്കെ ഒരേ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുന്നവരാകയാല്‍ പരസ്പരം അറിയുകയും സ്‌നേഹിക്കുകയും ചെയ്യേണ്ടതാണെന്ന സത്യം മനുഷ്യരാശിയുടെ നിലനില്‍പ്പിനു വേണ്ടിയെങ്കിലും ഏവരും ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. 

ഭാരതത്തിന്റെ സനാതനാദര്‍ശങ്ങായ ത്യാഗവും സേവനവും തന്നെയാണ് ശ്രീരാമകൃഷ്ണദേവനും മുഖ്യമായും ഉപദേശിച്ചത്. സ്വാര്‍ഥത്യാഗം പ്രകടമാകുന്നത് നിസ്വാര്‍ഥ സേവനത്തിലൂടെയാണ്. നിര്‍വികല്പ സമാധിപോ

ലും ഒരുതരം സ്വാര്‍ഥതയാണെന്നും പട്ടിണി പ്പാവങ്ങളോടും അവശത അനുഭവിക്കുന്നവരോടും ഭൂതദയയല്ല കാണിക്കേണ്ടത്, മറിച്ച്, ജീവിക്കുന്ന ദൈവങ്ങളായി കരുതി അവരെ സേവിക്കുകയാണ് ചെയ്യേണ്ടത് എന്നുമുള്ള തന്റെ ഗുരുവിന്റെ ആദേശമാണല്ലോ സ്വാമയുടെ ആഗോളദൗത്യത്തിനും ശ്രീകരാമകൃഷ്ണ പ്രസ്ഥാനത്തിന്റെ സ്ഥാപനത്തിനും മറ്റുമുള്ള ചാലകശക്തി. താന്‍ തന്റെ ഗുരുവിന്റെ ഒരെളിയ ഉപകരണം മാത്രമാണെന്നും തന്റെ ഓരോ നല്ലവാക്കും പ്രവൃത്തിയും ഗുരുവിന്റെ നാവില്‍ നിന്നും ഹൃദയത്തില്‍ നിന്നും ആത്മാവില്‍ നിന്നു തന്നെയും നിര്‍ഗളിച്ചതാണെന്നും സ്വാമി നമ്മെ ഒാര്‍മിപ്പിക്കാറുണ്ടല്ലോ. ജാതിമത ഭേദമെന്നിയേ വരും കാലങ്ങളില്‍ കൂടുതല്‍ കൂടുതല്‍ ആളുകള്‍ ശ്രീരാമകൃഷ്ണദേവനിലേക്ക് ആകര്‍ഷിക്കപ്പെടുമെന്ന സ്വാമിയുടെ പ്രവചനം ഇന്ന് യാഥാര്‍ഥ്യമായി തീര്‍ന്നിരിക്കുകയാണ്. രാജ്യങ്ങള്‍ തമ്മിലുള്ള അകലം കുറയുന്നതിനനുസരിച്ച് മനുഷ്യര്‍ തമ്മിലുള്ള അകലം വര്‍ധിച്ചു വരുന്ന കാലത്ത് ശാന്തിയുടേയും സമാധാനത്തിന്റേയും സ്‌നേഹത്തിന്റെയും മാധുര്യം മനുഷ്യ മനസ്സുകളില്‍ നിറയ്ക്കാന്‍ ശ്രീകരാമകൃഷ്ണ സന്ദേശങ്ങള്‍ക്ക് കഴിയും. ഇരുളടഞ്ഞ ഈ ലോകത്ത് പ്രകാശമാനമായ ഒരു ദീപസ്തംഭമായി സംസാരസാഗരം സുഗമമായി തരണം ചെയ്യാന്‍ ആ സന്ദേശങ്ങള്‍ നമ്മെ സഹായിക്കും. അദ്ദേഹത്തിന്റെ ഉപദേശങ്ങളടങ്ങിയ 'വചനാമൃതം'  ഈ കാലഘട്ടത്തിലെ ഏറ്റവും മഹത്തായ ആധ്യാത്മിക ഗ്രന്ഥമായി തീര്‍ന്നിരിക്കുന്നതും അതുകൊയു തന്നെയാണ്. ഓം നമോ ഭഗവതേ ശ്രീരാമകൃഷ്ണായതേ നമ: 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.