ന്യൂദല്‍ഹി: ഗ്രാറ്റ്വിറ്റിക്കുള്ള ആദായ നികുതി ഇളവ് പരിധി 20 ലക്ഷം രൂപയാക്കിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ലക്ഷക്കണക്കിന് ഉദ്യോഗസ്ഥര്‍ക്ക് ഗുണകരമാണ് കേന്ദ്ര നടപടി. ഇപ്പോള്‍ വിരമിക്കുന്നവര്‍ക്കും ഒരു വര്‍ഷം (12 മാസം) മുന്‍പുവരെ വിരമിച്ചവര്‍ക്കും മോദി സര്‍ക്കാരിന്റെ നടപടിയുടെ പ്രയോജനം ലഭിക്കും.
റിട്ടയര്‍ ചെയ്യുന്ന ജീവനക്കാരുടെ 20 ലക്ഷം രൂപവരെയുള്ള ഗ്രാറ്റ്വിറ്റിക്ക്, ആദായ നികുതി നിയമം 10 (10) മൂന്നു വകുപ്പുപ്രകാരം ഇളവ് ലഭിക്കും. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പേയ്മെന്റ് ഓഫ് ഗ്രാറ്റ്വിറ്റി നിയമത്തിന്റെ പരിധിയില്‍ പെടാത്ത മറ്റു മുഴുവന്‍ ജീവനക്കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു.
ഇളവ് ഏതു തീയതി മുതലാണെന്ന് കേന്ദ്രം പിന്നീട് അറിയിക്കും. 2018 മാര്‍ച്ച് 29 മുതലായിരിക്കും ഇതെന്നാണ് സൂചന. ഗ്രാറ്റ്വിറ്റിക്കുള്ള ആദായ നികുതി ഇളവ് പരിധി ഇരട്ടിയാക്കാന്‍ കേന്ദ്രം നേരത്തെ നിയമ ഭേദഗതി കൊണ്ടുവന്നിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഈ നടപടി. ഇനി വിരമിക്കുമ്പോള്‍ ലഭിക്കുന്ന 20 ലക്ഷം വരെയുള്ള ഗ്രാറ്റ്വിറ്റി തുകയ്ക്ക് ആദായ നികുതി അടയ്ക്കേണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: