കുമാരനല്ലൂരിലെത്തിയ മധുര മീനാക്ഷി

Saturday 9 March 2019 1:04 am IST

ഏറ്റുമാനൂരിനടുത്തുള്ള കുമാരനല്ലൂര്‍ ക്ഷേത്രത്തിലെ ദേവിയെ വര്‍ണിക്കുന്നൊരു ശ്ലോകമുണ്ട്. 

'ശംഖുണ്ടിടത്തു വലമേയൊരു ചക്രമുണ്ടു

 കാലില്‍ ചിലമ്പു ചില മുത്തുപടം കഴുത്തില്‍ 

 ഓടീട്ടു വന്നു കുടികൊണ്ട കുമാരനല്ലൂര്‍ 

 കാത്യായനീ! ശരണമെന്നിത കൈതൊഴുന്നേന്‍'

ശ്ലോകത്തില്‍ പറയുന്നതു പോലെ ഭഗവതി 'ഓടീട്ടു വന്നു കുടികൊണ്ട'തേതു  പ്രകാരമാണെന്ന് അറിയാവുന്നവര്‍ അധികമുണ്ടാകില്ല. മധുരമീനാക്ഷി ക്ഷേത്രം പണ്ട് പാണ്ഡ്യരാജക്കന്മാരുടെ വകയായിരുന്നു. മധുരയിലായിരുന്നു അവരുടെ രാജധാനി. മധുരമീനാക്ഷിയെ അവരുടെ പരദേവതയായാണ് സങ്കല്പിച്ചിരുന്നത്. 

 ഒരിക്കല്‍ ആ ദേവീവിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന ഏറെ വിലപിടിപ്പുള്ള രത്‌നഖചിത മൂക്കുത്തി കാണാതായി.

ശാന്തിക്കാരന്‍ നിര്‍മാല്യം വാരി പുറത്തിട്ടപ്പോള്‍ അതിനൊപ്പമോ, അഭിഷേകവും മറ്റും നടത്തുന്നതിനിടെ കൈ തട്ടി തെറിച്ചാണോ മൂക്കുത്തി കാണാതായതയെന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ലായിരുന്നു. പാണ്ഡ്യ രാജാവ് പലവഴിക്ക് അന്വേഷണം നടത്തിയിട്ടും തുമ്പൊന്നും കിട്ടിയില്ല. 

എന്തായാലും വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന മൂക്കുത്തി ശാന്തിക്കാരനറിയാതെ പോവുകയില്ലെന്ന് രാജാവ് ഉറപ്പിച്ചു. ശാന്തിക്കാരനല്ലാതെ മറ്റാരും ശ്രീകോവിലില്‍ കയറാനിടയില്ലല്ലോ. എന്നാല്‍ ദേവിയുടെ പരമഭക്തനും ശുദ്ധാത്മാവുമായ ശാന്തിക്കാരന് മൂക്കുത്തി നഷ്ടമായതിനെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു. പതിവായി ചാര്‍ത്തുന്ന ആഭരണം നഷ്ടമായതിനാല്‍ അദ്ദേഹത്തിന് വല്ലാത്ത മന:സ്താപവുമുണ്ടായിരുന്നു. 

രാജാവ് ശാന്തിക്കാരനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു തുടങ്ങി. തനിക്ക് അറിയില്ലെന്നു മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.  രാജാവ് ഒടുവില്‍ ശാന്തിക്കാരന് അന്ത്യശാസനം നല്‍കി. നാല്പതു ദിവസത്തിനകം മൂക്കുത്തി കണ്ടു പിടിച്ചു ഹാജരാക്കണം. അല്ലാത്ത പക്ഷം ശിരച്ഛേദം നടത്തുമെന്നായിരുന്നു രാജാവിന്റെ കല്പന.

 ഇതെല്ലാം കേട്ട് ഒന്നും പറയാതെ ദു:ഖഭാരത്തോടെ ശാന്തിക്കാരന്‍ തിരിച്ചു പോയി. പലയിടത്തും അദ്ദേഹം അന്വേഷിച്ചു.പക്ഷേ കണ്ടുകിട്ടിയില്ല. മുപ്പത്തൊമ്പതു ദിവസം കഴിഞ്ഞു. മുപ്പത്തൊമ്പതാം ദിവസം രാത്രിയില്‍, അടുത്ത ദിവസം തന്റെ തല പോകുമല്ലോ എന്ന ഭയത്തോടെ അദ്ദേഹം കണ്ണടച്ചു കിടന്നു. പെട്ടെന്ന് ആരോ അദ്ദേഹത്തിന്റെ അരികിലെത്തി 'അങ്ങിനി ഇവിടെ താമസിച്ചാല്‍ അപകടമാണ്, കാവല്‍ക്കാരെല്ലാം നല്ല ഉറക്കത്തിലാണിപ്പോള്‍, പുറത്തിറങ്ങി രക്ഷപ്പെട്ടോളൂ'  എന്നു പറഞ്ഞു. കണ്ണു തുറന്നു നോക്കിയപ്പോള്‍ ആരെയും കണ്ടില്ല. വീണ്ടും കണ്ണടച്ചു കിടന്നപ്പോള്‍ മുന്‍പെന്നപോലെ ഒരാളെത്തി, എന്താ പോകുന്നില്ലേ എന്നു വീണ്ടും ചോദിച്ചു. കണ്ണു തുറന്നപ്പോള്‍ ആരെയും കണ്ടില്ല. മൂന്നാമത് കണ്ണടച്ചപ്പോഴും ഇതു തന്നെ ആവര്‍ത്തിച്ചു. ഇതേതായാലും അവഗണിക്കേണ്ടതില്ല, ചിലപ്പോള്‍ ദേവി തന്നെ അരുളിച്ചെയ്തതാകുമെന്ന് അദ്ദേഹത്തിന് തോന്നി. അദ്ദേഹം അവിടെ നിന്നെണീറ്റ് പുറത്തിറങ്ങി ഓടിത്തുടങ്ങി. അപ്പോള്‍ സര്‍വാംഗ സുന്ദരിയായ ഒരു ദിവ്യ സ്ത്രീ വളരെക്കാലം എന്നെ സേവിച്ചു കൊണ്ടിരുന്ന അങ്ങ് പോകുകയാണെങ്കില്‍ ഞാനും വരികയാണെന്നു പറഞ്ഞ് പിറകേ ഓടിത്തുടങ്ങി. അല്പനേരം കഴിഞ്ഞപ്പോര്‍ ആ സ്ത്രീ ശാന്തിക്കാരന് മുമ്പേ ഓടിത്തുടങ്ങി. കൂരിരുട്ടായിരുന്നിട്ടും ആസ്ത്രീയുടെ ശരീരത്തിന്റെയും ആഭരണത്തിന്റെയും ശോഭ നിമിത്തം ശാന്തിക്കാരന് വഴികാണാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല.  നാലഞ്ചു നാഴിക പിന്നിട്ടപ്പോള്‍ പെട്ടെന്ന് സ്ത്രീ അപ്രത്യക്ഷയായി. വഴയും ദിക്കുമൊന്നും കാണാനാകാതെ ആകെ ഇരുട്ടു നിറഞ്ഞു. ശാന്തിക്കാരന് ഓടാനെന്നല്ല, നടക്കാന്‍ പോലും നിവൃത്തിയില്ലാതായി.  അല്പദൂരം കൂടി നടന്നപ്പോള്‍, പെട്ടെന്നുണ്ടായ ഇടിമിന്നലിന്റെ വെട്ടത്തില്‍ അദ്ദേഹം ഒരു വഴിയമ്പലം കണ്ടു.അവിടെ കയറി, രണ്ടാം മുണ്ടു വിരിച്ച് കിടന്നുറങ്ങി. 

അന്ന് കേരളം ഭരിച്ചിരുന്നത് ചേരമാന്‍ പെരുമാളായിരുന്നു. അദ്ദേഹം ഭഗവതി പ്രതിഷ്ഠയ്ക്കായി വൈക്കത്ത് ഉദയനാപുരത്തും സുബ്രഹ്മണ്യ പ്രതിഷ്ഠയ്ക്കായി കുമാരനല്ലൂരും ഓരോ അമ്പലങ്ങള്‍ പണിത് പ്രതിഷ്ഠയ്ക്ക് മുഹൂര്‍ത്തവും നിശ്ചയിച്ച് വട്ടംകൂട്ടിയിരിക്കുകയായിരുന്നു. ശാന്തിക്കാരന്‍ പിറ്റേന്ന് ഉണര്‍ന്നു നോക്കിയപ്പോള്‍ കുമാരസ്വാമിയെ പ്രതിഷ്ഠിക്കാനായി ചേരമാന്‍ പെരുമാള്‍ പണികഴിപ്പിച്ച അമ്പലത്തിലായിരുന്നു. അവിടെ മറ്റൊരു അത്ഭുതകാഴ്ചയും അദ്ദേഹം കണ്ടു. അദ്ദേഹത്തിനു മുമ്പിലായി ഓടിയ സര്‍വാംഗ സുന്ദരിയായ സ്ത്രീ അവിടെ ശ്രീകോവിലിലെ പീഠത്തിനു മുമ്പിലിരിക്കുന്നത് അദ്ദേഹം കണ്ടു. സാക്ഷാല്‍ മധുരമീനാക്ഷിയായിരുന്നു അതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 

ബ്രാഹ്മണന്‍ അമ്പലത്തില്‍ നിന്ന് പുറത്തിറങ്ങി അവിടെ കണ്ടവരോടെല്ലാം, ഈ ക്ഷേത്രത്തില്‍ മധുര മീനാക്ഷി കുടിയിരിക്കുന്നുവെന്ന് വിളിച്ചു പറഞ്ഞു. ആളുകള്‍ അമ്പലത്തിലെത്തി എവിടെ ദേവിയെന്നു ചോദിച്ചെങ്കിലും ആര്‍ക്കും കാണാനായില്ല. എന്നാല്‍ ശാന്തിക്കാരന് കാണാമായിരുന്നു. ഇദ്ദേഹം ഒരു ഭ്രാന്തനാണെന്ന് ആളുകള്‍ കൂകിവിളിച്ചു. ചേരമാന്‍ പെരുമാളും ഇക്കാര്യമറിഞ്ഞു. ദേവിയെ കാണുന്നില്ലല്ലോ എന്ന് അദ്ദേഹവും പറഞ്ഞു. എന്നെ തൊട്ടു നോക്കിയാല്‍ കാണാമെന്ന് ശാന്തിക്കാരന്‍ രാജാവിനോട് പറഞ്ഞു. പറഞ്ഞതു പോലെ ചെയ്തതും ചേരമാന്‍ പെരുമാള്‍ പീഠത്തിലിരിക്കുന്ന ദേവിയെ കണ്ടു. ഉണ്ടായ കാര്യങ്ങളെല്ലാം ശാന്തിക്കാരന്‍ ബ്രാഹ്മണനോട് വിവരിച്ചു. ഇതെല്ലാം കേട്ടപ്പോള്‍ ചേരമാന്‍ പെരുമാളിന് വിശ്വാസവും വിസ്മയവുമുണ്ടായെങ്കിലും അല്പം കോപവുമുണ്ടായി. സുബ്രഹ്മണ്യസ്വാമിയെ പ്രതിഷ്ഠിക്കാനായി ഉണ്ടാക്കിയ അമ്പലത്തില്‍ മുന്‍കൂട്ടി കടന്ന ഈ ധിക്കാരിക്ക് ഇവിടെ ഞാന്‍ ഒന്നും നല്‍കില്ലെന്ന് രാജാവു പറഞ്ഞു. മാത്രവുമല്ല, ദേവിയെ പ്രതിഷ്ഠിക്കാനായി പണിത ക്ഷേത്രത്തിലേക്ക് സുബ്രഹ്മണ്യ സ്വാമിയെ പ്രതിഷ്ഠിക്കാനായി അപ്പോള്‍ തന്നെ യാത്രയായി.

 ചേരമാന്‍ പെരുമാള്‍ പോയി അഞ്ചെട്ടു നാഴിക വടക്കായപ്പോള്‍ അവിടെയാകെ മഞ്ഞു മൂടി. രാജാവിനും

പരിവാരങ്ങള്‍ക്കും കണ്ണുകാണാന്‍ വയ്യാതായി. ഇത് ദേവിയുടെ വൈഭവമായിരിക്കുമെന്ന് രാജസേവകരില്‍ ഒരാള്‍ പറഞ്ഞു. ദേവിയുടെ മാഹാത്മ്യം കുറച്ചൊന്നുമല്ലെന്നും നമുക്ക് മടങ്ങിപ്പോയി വേണ്ടതെല്ലാം ചെയ്യുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. ദേവിയുടെ മായാവൈഭവമാണെങ്കില്‍ നമുക്ക് കണ്ണുകാണാറാകട്ടെ അങ്ങനെയെങ്കില്‍ ഈ കാണാവുന്ന പ്രദേശം മുഴുവന്‍  ആ ദേവിക്ക് നല്‍കാമെന്നും രാജാവ് പറഞ്ഞു. ഉടനെ മഞ്ഞു മാറി. എല്ലാവര്‍ക്കും കണ്ണുകാണാനായി. ഉടനെ രാജാവ് ആ പ്രദേശമെല്ലാം ദേവിക്ക് വിട്ടു കൊടുത്തതായി പ്രഖ്യാപി

ച്ചു. മഞ്ഞു നിറഞ്ഞ പ്രദേശമായതിനാല്‍ അതു 'മഞ്ഞൂരെ'ന്ന് അറിയപ്പെട്ടു. കാലാന്തരത്തില്‍ അത് 'മാഞ്ഞൂരാ'യി മാറി.

ദേവീസാന്നിധ്യമുണ്ടായ സ്ഥലത്ത് ചേരമാന്‍ പെരുമാള്‍ മടങ്ങിയെത്തി. ഉദയനാപുരത്തു നിന്ന്  ദേവീ വിഗ്രഹമെത്തിച്ച് പ്രതിഷ്ഠിക്കാനും സുബ്രഹ്മണ്യ പ്രതിഷ്ഠ നിശ്ചിത മുഹൂര്‍ത്തത്തില്‍ പ്രതിഷ്ഠിക്കുന്നതിനായി ഉദയനാപുരത്തെത്തിക്കാനും രാജാവ് ഏര്‍പ്പാടാക്കി.

 എന്നാല്‍ ദേവീവിഗ്രഹം മുഹൂര്‍ത്തത്തിന് നിശ്ചയിച്ച സമയത്ത് എത്തിച്ചേരില്ലെന്നാണ് വിവരം ലഭിച്ചത്. അതു കേട്ട രാജാവ് ദു:ഖിതനായി. വേറെ ഒരു വിഗ്രഹം പണിയിക്കുന്നതിന് നേരവുമില്ല. 

അന്നു രാത്രി ചേരമാന്‍ പെരുമാളിന് ഒരു സ്വപ്‌നദര്‍ശനമുണ്ടായി. ഒട്ടും വ്യസനിക്കേണ്ട, ഇവിടെ നിന്ന് രണ്ടു നാഴിക വടക്കുകിഴക്കായുള്ള ഒരു മലയില്‍ എന്റെയൊരു വിഗ്രഹം കിടപ്പുണ്ട്. അതെടുത്ത് പ്രതിഷ്ഠിച്ചാല്‍ മതിയെന്ന് ആരോ ഒരാള്‍ രാജാവിന്റെ അരികിലെത്തി പറഞ്ഞതു പോലെയായിരുന്നു അനുഭവം. പിറ്റേ ദിവസം ഇതെല്ലാം യാഥാര്‍ഥ്യമാണോ എന്നറിയാന്‍ രാജാവ് ചേരമാന്‍ പെരുമാള്‍ പരിവാരത്തോടു കൂടി മലയില്‍ പോയി. അവിടെയെല്ലാം വലിയ കാടായിരുന്നു.  കാടെല്ലാം വെട്ടിത്തെളിയിച്ച് നോക്കിയപ്പോള്‍ ഒരു കിണറും അതില്‍ കേടുപാടുകളൊന്നുമില്ലാതെ കിടന്ന ലക്ഷണമൊത്തൊരു ബിംബവും കണ്ടു. അതെടുത്ത് നിശ്ചിത മുഹൂര്‍ത്തത്തില്‍ തന്നെ പ്രതിഷ്ഠിച്ചു. കുമാരസ്വാമിയെ പ്രതിഷ്ഠിക്കാനായി പണിത ക്ഷേത്രത്തിന് മുന്‍നിശ്ചയപ്രകാരം കുമാരനല്ലൂര്‍ എന്ന് പേരിട്ടു. ആ ദേശത്തെ നമ്പൂതിരിമാര്‍ക്ക് ക്ഷേത്രത്തിന്റെ ചുമതല വിട്ടുനല്‍കി. 

 ദേവിയോടു കൂടി മധുരയില്‍ നിന്നു പോന്ന ശാന്തിക്കാരനായ ബ്രാഹ്മണന്റെ വംശജര്‍ ഇപ്പോഴും കുമാരനല്ലൂരുണ്ട്. അവരുടെ ഇല്ലപ്പേര് മധുര എന്നാണ്. അവിടെയുള്ളവര്‍ മധുര നമ്പൂതിരിമാര്‍ എന്നാണ് അറിയപ്പെടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.