ഈ ചോരച്ചുവപ്പന്മാര്‍ പലതല്ല, ഒറ്റ ജനുസ്സാണ്

Saturday 9 March 2019 1:44 am IST
നമ്മുടെ സമൂഹത്തില്‍ പടര്‍ന്നുപിടിച്ചിട്ടുള്ള കമ്യൂണിസം എന്ന കൊടും വിഷത്തിന്റെ ഒരു വകഭേദംമാത്രമാണ് ഇന്ന് മവോവാദമായി മലയോരങ്ങളെ ഭീതിയിലാഴ്ത്തുന്നത്. ഇവരുടെ പ്രധാനശത്രു മുതലാളിത്തമോ സാമ്രാജ്യത്വമോ ഒന്നുമല്ല, അവരുടെ മാര്‍ഗത്തിന് വിഘ്‌നമായ ഈ മഹാരാജ്യത്തിന്റെ പൈതൃകം തന്നെയാണ്.

മൂന്നരപ്പതിറ്റാണ്ടിനുശേഷം വീണ്ടും കമ്യൂണിസ്റ്റ്ഭീകരത കേരളത്തില്‍ കരുത്താര്‍ജ്ജിക്കുകയാണ്. നിലമ്പൂര്‍, വയനാട് വനമേഖലകള്‍ കേന്ദ്രീകരിച്ച്  മാവോവാദികള്‍ എന്നറിയപ്പെടുന്ന കമ്യൂണിസ്റ്റുഭീകരവാദം ശക്തിപ്രാപിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍  ചര്‍ച്ചയാകാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. എങ്കിലും രണ്ടുവര്‍ഷം മുന്‍പ് നിലമ്പൂര്‍ കാടുകളില്‍ രണ്ടു തീവ്രവാദികള്‍ പോലീസ് വെടിയേറ്റ് കൊല്ലപ്പെട്ടപ്പോഴാണ് വിഷയത്തിന്റെ ഗൗരവം പൊതുസമൂഹം തിരിച്ചറിയുന്നത്. കമ്യൂണിസ്റ്റ് ഭീകരപ്രവര്‍ത്തനം  ഛത്തീസ്ഗഢ്, ബീഹാര്‍ എന്നിവിടങ്ങളില്‍ മാത്രമുള്ളതാണന്നും, ഇതില്‍ അഭിപ്രായം പറയേണ്ട ജോലിമാത്രമേ ഉള്ളു എന്നുമുള്ള മലയാളിയുടെ പൊതുധാരണകൂടിയാണ് അപ്പോള്‍ മാറി മറിഞ്ഞത്. കഴിഞ്ഞ ദിവസം വയനാട് വൈത്തിരിയില്‍ ഉണ്ടായ ഏറ്റുമുട്ടലും ഒരു മാവോവാദി കൊല്ലപ്പെട്ടതുംകൂടി ആയപ്പോള്‍ കേരളം നില്‍ക്കുന്നത്, ഭീകരപ്രവര്‍ത്തനം എന്ന പുകയുന്ന അഗ്‌നിപര്‍വ്വതത്തിന്റെ മുകളിലാണ് എന്ന ഭീകരയാഥാര്‍ത്ഥ്യം സമകാലീന കേരളം തിരിച്ചറിയുന്നു. 

അറുപതുകളില്‍ ശക്തിപ്രാപിച്ചിരുന്ന, നക്‌സല്‍ബാരി പ്രസ്ഥാനം എന്ന ഓമനപ്പേരില്‍ അറിയപ്പെട്ട കമ്യൂണിസ്റ്റ് ഭീകരതയുടെയും വളക്കൂറുള്ള മണ്ണായിരുന്നു കേരളം. വെള്ളത്തൂവല്‍ സ്റ്റീഫനും, അജിതയും, ഗ്രോ വാസുവും, വര്‍ഗീസും, ഫിലിപ്പ് എം പ്രസാദുമെല്ലാം അടങ്ങുന്ന സംഘം വിപ്ലവം എന്ന പേരില്‍ നടത്തിയ കൊലപാതക പരമ്പരകള്‍, കിഴക്കന്‍ മലയോരങ്ങളെ ഭീതിയില്‍ മുക്കിയ നാളുകള്‍ ചരിത്രത്തില്‍ ഏറെയൊന്നും അകലയല്ല. കര്‍ശനമായ പോലീസ് നടപടികളിലൂടെ ഏതാണ്ടില്ലായ്മ ചെയ്ത ഈ ചുവപ്പ് തീവ്രവാദം എങ്ങനെ വീണ്ടും ശക്തിപ്രാപിച്ചു എന്ന് ചിന്തിക്കുമ്പോഴാണ് ഈ വിഷയം ഞെട്ടിക്കുന്ന മാനങ്ങളിലേക്ക് വളരുന്നത്.

   ഛത്തീസ്ഗഢിലും ബീഹാറിലുമൊക്കയുള്ള വനാന്തരങ്ങളില്‍ ഒരു സമാന്തര സര്‍ക്കാര്‍പോലെ കൊല്ലുംകൊലയും കൊള്ളയുമായി ജീവിക്കുന്ന ഈ വര്‍ഗം കൊന്നുകൂട്ടിയ മനുഷ്യജീവനുകളുടെ എണ്ണം അമ്പരപ്പിക്കുന്നതാണ്. തീവ്രവാദി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ സംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്നത് ഈ കമ്യൂണിസ്റ്റ് ഭീകരവാദികള്‍ നടത്തിയ നരമേധമാണ്. ആരാണിവര്‍ക്ക് ചൊല്ലും ചെലവും കൊടുക്കുന്നത്? ആരാണിവരെ സ്‌പോണ്‍സര്‍ ചെയ്യുന്നത്? ആരുടെ ബലത്തിലാണ് ഇവര്‍ നമ്മുടെ ജനസമൂഹങ്ങളെ ഭീതിയിലാഴ്ത്തുന്നത്?

     ഈ ചോദ്യങ്ങളുടെ ഉത്തരത്തിലേക്കുള്ള യാത്ര എത്തിനില്‍ക്കുക എന്നും നമ്മുടെയിടയില്‍ മനുഷ്യസ്‌നേഹത്തിന്റെയും മനുഷ്യാവകാശത്തിന്റെയും ആട്ടിന്‍തോലുകളില്‍ മറഞ്ഞിരിക്കുന്ന നാഗരിക മാന്യതകളിലാണ്. കഴിഞ്ഞ വര്‍ഷം നിലമ്പൂര്‍ സംഘട്ടനം കഴിഞ്ഞപ്പോഴും, ഇപ്പോള്‍ വൈത്തിരി ഏറ്റുമുട്ടല്‍ കഴിഞ്ഞപ്പോഴും ദൃശ്യമാധ്യമങ്ങളിലും അച്ചടിമാധ്യമങ്ങളിലും വന്നുകൊണ്ടിരിക്കുന്ന പ്രതികരണങ്ങള്‍ ശ്രദ്ധിക്കുക. ഇവിടെയും വരുന്നൂ മനുഷ്യാവകാശങ്ങള്‍, മാര്‍ഗം തെറ്റാണങ്കിലും അവരുടെ ലക്ഷ്യത്തെപ്പറ്റിയുള്ള പുകഴ്ത്തലുകള്‍, സമര്‍പ്പണത്തിന്റെ പാഠങ്ങള്‍, അങ്ങനെയങ്ങനെ മനുഷ്യസ്‌നേഹത്തിന്റെ തേന്‍പുരട്ടിയ മഹത്വവല്‍ക്കരണം.

രണ്ടുകൊല്ലം മുമ്പ്, ദല്‍ഹി ജെഎന്‍യുവില്‍ ഉയര്‍ന്ന 'ഭാരതത്തിനെ തുണ്ടംതുണ്ടമാക്കുക,'- 'കേരളത്തിനും കശ്മീരിനും സ്വാതന്ത്ര്യം നല്‍കുക'- തുടങ്ങിയ കുപ്രസിദ്ധമായ മുദ്രാവാക്യങ്ങളും ആരും മറന്നിട്ടില്ല. അന്നുണ്ടായ ശക്തമായ എതിര്‍പ്പുകളെത്തുടര്‍ന്ന് ഇക്കൂട്ടരെ ന്യായീകരിക്കാന്‍ മുന്നില്‍നിന്നത് അരുന്ധതി റോയ് അടക്കമുള്ള രാജ്യത്തെ പ്രഖ്യാപിത ബുദ്ധിജീവികളും ചില ദേശീയതലത്തിലുള്ള മാധ്യമങ്ങളും ആയിരുന്നു. മുഖ്യധാരാ രാഷ്ട്രീയത്തില്‍ സജീവമായ സിപിഎംവരെ കനയ്യ കുമാറിനെ മഹത്വവല്‍ക്കരിക്കാന്‍ മുന്‍നിരയില്‍ ഉണ്ടായിരുന്നു. മിക്ക പ്രമുഖ മലയാളം മാധ്യമങ്ങളും താന്താങ്ങളുടെ റോള്‍ ഭംഗിയായി ചെയ്തു. സാധാരണക്കാരുടെയും, അര്‍ദ്ധസൈനിക വിഭാഗങ്ങളുടെയും നേരെ മാവോവാദികള്‍ നടത്തുന്ന ആക്രമണങ്ങളെ അപലപിക്കുന്നില്ലെന്ന് മാത്രമല്ല, അവരെ ധീരന്മാരും രക്തസാക്ഷികളുമാക്കാനും ആഘോഷിക്കാനും മുന്നില്‍നിന്നത് ജെഎന്‍യുവിലെ ഈ രാഷ്ട്രവിരുദ്ധ ശക്തികളാണ്. അധ്യാപകരും, പ്രൊഫസര്‍മാരുമടക്കമുള്ള വലിയ ബുദ്ധിജീവി വര്‍ഗം ഇക്കാര്യത്തിലുള്ള തങ്ങളുടെ രാഷ്ട്രവിരുദ്ധ നിലപാടുകള്‍ പരസ്യമായിത്തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ അടിസ്ഥാന നിലപാട് തന്നയാണല്ലോ വര്‍ഗശത്രുവിന്റെ ഉന്മൂലനവും സായുധവിപ്ലവവും. ഇത് ലക്ഷ്യമിട്ടാണ് 1948ല്‍ അവിഭക്ത കമ്യൂണിസ്റ്റു പാര്‍ട്ടി കുപ്രസിദ്ധമായ കല്‍ക്കട്ട തിസീസ് അവതരിപ്പിച്ചതും സായുധവിപ്ലവത്തിലൂടെ ഭാരതത്തിന്റെഅധികാരം പിടിച്ചെടുക്കാന്‍ കോപ്പുകൂട്ടിയതും. പക്ഷേ സനാതനധര്‍മ്മത്തിന്റെ മണ്ണ് ഒരിക്കലും രക്തരൂഷിത വിപ്ലവത്തിന്റെ കരാളഹസ്തങ്ങള്‍ക്ക് അധീനമാകില്ലെന്ന തിരിച്ചറിവില്‍നിന്നാണ്  അവര്‍ ജനാധിപത്യത്തിന്റെ മാര്‍ഗത്തിലേക്ക് കൂടുമാറിയതായി പരസ്യം പറയുന്നത്. എങ്കിലും, അവരില്‍ അന്തര്‍ലീനമായ രക്തദാഹവും ഏകാധിപത്യചിന്തയും പലപ്പോഴും  പലരൂപത്തില്‍ പുറത്തുവന്നിട്ടുണ്ട്. അധികാര രാഷ്ട്രീയത്തിന്റെ ചൂതുകളിയില്‍ അഗ്രഗണ്യരായ വിഭാഗം പൊതുധാരയില്‍ തങ്ങളുടെ ദംഷ്ട്രകള്‍ ഒളിപ്പിച്ചപ്പോള്‍ അത്രത്തോളം വിദഗ്ധരല്ലാത്തവര്‍ തോക്കുകളും വെടിയുണ്ടകളുമായി കാട് കയറി. ഏറ്റവും വിദഗ്ധരായ മറ്റൊരു വര്‍ഗ്ഗം, ബുദ്ധിജീവികളും മാധ്യമപ്രവര്‍ത്തകരായി ചമഞ്ഞ് നമ്മുടെ അക്കാദമിക് മേഖലകളില്‍വരെ പിടിമുറുക്കി. ചുരുക്കത്തില്‍, നമ്മുടെ സമൂഹത്തില്‍ പടര്‍ന്നു പിടിച്ചിട്ടുള്ള കമ്യൂണിസം എന്ന കൊടും വിഷത്തിന്റെ ഒരു വകഭേദം മാത്രമാണ് ഇന്ന് മവോവാദമായി മലയോരങ്ങളെ ഭീതിയിലാഴ്ത്തുന്നത. ഇവരുടെ പ്രധാന ശത്രു മുതലാളിത്തമോ സാമ്രജ്യത്വമോ ഒന്നുമല്ല, അവരുടെ മാര്‍ഗത്തിന് വിഘ്‌നമായ ഈ മഹാരാജ്യത്തിന്റെ പൈതൃകം തന്നയാണ്. അതാണ് ഇരുളിന്റെ മറവില്‍, ശബരീശന്റെ തിരുനട അശുദ്ധമാക്കാന്‍ ഇവരില്‍നിന്നു തന്നെ അഭിനവ മഹിഷികള്‍ എത്തിയത്. മഹിഷാസുരജയന്തിയെ മഹത്വവല്‍ക്കരിച്ചു കൊണ്ട് ജെഎന്‍യുവില്‍ നിന്നുതന്നെ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്. മാധ്യമങ്ങളിലും പൊതുചര്‍ച്ചകളിലും ഹിന്ദു ബിംബങ്ങളും സംസ്‌കാരവും അപമാനിക്കപ്പെടുന്നത്.

ഒന്നാലോചിച്ചാല്‍ ആയുധങ്ങളുമായി പോരിനിറങ്ങുന്ന മാവോവാദികള്‍ താരതമ്യേന അപകടം കുറഞ്ഞവരാണ്. കാരണം, അവര്‍ കൊല്ലാനും കൊള്ളിവെക്കാനും ഇറങ്ങിത്തിരിച്ച മൃഗജന്മങ്ങളാണ്. അത് തിരിച്ചറിയാന്‍ വലിയ ബുദ്ധിമുട്ടില്ല. എന്നാല്‍, അധികാര സോപനങ്ങളിലും, പൊതുജീവിതത്തിലും, മാധ്യമങ്ങളിലും എന്നുവേണ്ട തലമുറകളെ വാര്‍ത്തെടുക്കുന്ന അക്കാദമിക മേഖലകളില്‍വരെ പിടിമുറുക്കിയ വരേണ്യവര്‍ഗ ഭീകരവാദത്തെ നമ്മുടെ സമൂഹം ഇനിയും വേണ്ടവിധം തിരിച്ചറിഞ്ഞിട്ടില്ല. രക്തച്ചൊരിച്ചിലുകള്‍ക്ക് വെള്ളവും വളവും നല്‍കുന്ന ഈ വര്‍ഗം ഇല്ലാതാകേണ്ടതാണ് കാലത്തിന്റെ ഏറ്റവും വലിയ ആവശ്യം. അത് സംഭവിച്ചാല്‍ നമ്മുടെ വനമേഖലകളെയും മലയോരങ്ങളെയും ഈ രാക്ഷസന്മാരില്‍ നിന്ന് എന്നന്നേക്കുമായി മോചിപ്പിക്കാന്‍ കഴിയും. അങ്ങനെയേ അത് കഴിയൂ. കാരണം, ഈ ചോരച്ചുവപ്പന്മാര്‍ പലതല്ല, ഒറ്റ ജനുസ്സാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.