ബ്രിട്ടണിന്റെ അനുമതിക്ക് കാക്കാതെ ഷമീമയുടെ കുട്ടി യാത്രയായി

Saturday 9 March 2019 11:14 am IST

ദമാസ്‌കസ് : ഭീകര സംഘടനയായ ഐഎസില്‍ ചേരാനായി ബ്രിട്ടണ്‍ വിട്ട ഷമീമയുടെ കുട്ടി അമ്മയുടെ നാട്ടിലെത്താനുള്ള അനുമതിക്ക് കാത്തു നില്‍ക്കാതെ യാത്രയായി. സിറിയന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിഞ്ഞിരുന്ന മൂന്നാഴ്ച മാത്രം പ്രായമുള്ള കുഞ്ഞ് ന്യൂമോണിയ ബാധിച്ചാണ് മരിച്ചത്. ക്യാമ്പിലെ മോശം കാലാവസ്ഥയെ തുടര്‍ന്ന് ശ്വാസ തടസ്സം അനുഭവപ്പെട്ടിരുന്ന കുട്ടിയെ ഡോക്ടറെ വിളിപ്പിച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും  മരണത്തിന് കീഴടങ്ങുകയായിരുന്നു. 

ഐഎസില്‍ ചേരുന്നതിനായി 15ാം വയസ്സില്‍ ലണ്ടന്‍വിട്ട ഷമീമ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ(എസ്ഡിഎഫ്) അഭയാര്‍ത്ഥി ക്യാമ്പിലാണ് കഴിഞ്ഞിരുന്നത്. ഗര്‍ഭിണിയായ ഷെമീമ മൂന്നാമത്തെ കുട്ടിയെ എങ്കിലും രക്ഷിക്കുന്നതിനായി ബ്രിട്ടനില്‍ തിരിച്ചെത്തി അവിടെ  വെച്ച് വളര്‍ത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇത് തള്ളിയ ബ്രിട്ടണ്‍ ഷമീമയുടെ പൗരത്വം റദ്ദാക്കുകയായിരുന്നു. ഇതോടെ അവര്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ പ്രസവിക്കുകയും ചെയ്തു. വെള്ളിയാഴ്ച മരിച്ച കുഞ്ഞിന്റെ അന്തിമ കര്‍മ്മങ്ങളും നിര്‍വ്വഹിച്ചു. ഇതിന് മുമ്പ് രണ്ടുതവണ ഷമീമ പ്രസവിച്ചെങ്കിലും അവരും മരണപ്പെട്ടിരുന്നു. 

അതേസമയം കുട്ടിയുടെ മരണത്തില്‍ ദുഖം രേഖപ്പെടുത്തുന്നതായി ബ്രിട്ടീഷ് സര്‍ക്കാര്‍ അറിയിച്ചു. ഏതൊരു കുട്ടിയുടെ മരണവും ദുഖകരമാണ്. കുട്ടിയുടെ കുടുംബത്തിന്റെ ദുഖത്തിലും പങ്കു ചേരുന്നു. സിറിയയിലേക്ക് പോകരുതെന്ന് സര്‍ക്കാര്‍ നിരന്തരം ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്. ആളുകള്‍ ഭീകര സംഘടനകളില്‍ ചേരാതിരിക്കുന്നതിനു വേണ്ടി സര്‍ക്കാരിന് നടപടികള്‍ സ്വീകരിച്ചേ മതിയാകൂ. അതിനാലാണ് ഷമീമയെ തിരിച്ചെത്താന്‍ അനുവദിക്കാതിരുന്നതെന്നും ബ്രിട്ടീഷ് അധികൃതര്‍ കുട്ടിച്ചേര്‍ത്തു. 

2015ലാണ് ഷമീമ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഐഎസില്‍ ചേരുന്നതായി സിറിയയില്‍ എത്തുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഷെമീമ ക്യാമ്പില്‍ എത്തുന്നത്. ഡച്ചുകാരനായ ഐഎസ് പോരാളി യാഗോ റീഡിക്കാണ് ഷെമീമയുടെ ഭര്‍ത്താവ്. ഇയാള്‍ നിലവില്‍ സിറിയയില്‍ ജയിലിലാണ്. 

ഐഎസിന വെറുക്കുന്ന റീഡക്കിനിപ്പോള്‍ ഭാര്യയ്ക്കും മകനുമൊപ്പം സമാധാനമായി ജീവിച്ചാല്‍ മതിയെന്നാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.