അല്‍പ്പം സിനിമാ ചിന്ത

Sunday 10 March 2019 3:51 am IST
ഈ വര്‍ഷാദ്യം പുറത്തിറങ്ങിയ 'ഉറി എ സര്‍ജിക്കല്‍ സ്‌ട്രൈക്ക്' എന്ന യുദ്ധചിത്രം 2016-ല്‍ ഉറിയിലെ സൈനികത്താവളത്തിനു നേരെ ഉïായ ഭീകരാക്രമണത്തിനു മറുപടിയായി നിയന്ത്രണരേഖ കടന്നു സൈന്യം നടത്തിയ കൃത്യതയാര്‍ന്ന ആക്രമണത്തിന്റെ ചലച്ചിത്രാവിഷ്‌കരണമായിരുന്നു. അതു ജനഹൃദയങ്ങളിലും ബോക്‌സ് ഓഫീസിലും വന്‍ വിജയമായിരുന്നു. കേരളത്തിലെ സിനിമാ വ്യവസായം അതിനോടു പുറംതിരിഞ്ഞ സമീപനമായിരുന്നു കൈക്കൊണ്ടത്.
" ഫാള്‍ ഓഫ് ബെര്‍ലിന്‍, ലോങ്ങസ്റ്റ് ഡേ, ഉറി എന്നീ യുദ്ധ സിനിമകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍"

ഫെബ്രുവരി 26- ന് പാക്കധീന കശ്മീരിലെ ബാലാക്കോട്ടില്‍ ഭാരത വിമാനസേന ജയ്‌ഷെ മുഹമ്മദിന്റെ പരിശീലന കേന്ദ്രങ്ങള്‍ക്കുമേല്‍ നടത്തിയ ആക്രമണങ്ങള്‍ അടങ്ങുന്ന ഒരു ചലച്ചിത്രം ഉടന്‍തന്നെ പുറത്തിറങ്ങുമെന്നു ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു. അതു സംബന്ധമായ ഗവേഷണ പഠനാദികള്‍ പുരോഗമിക്കുന്നതായും സഞ്ജയ് ലീലാ ബന്‍സലായിരിക്കും സഹനിര്‍മാതാവെന്നും ഈ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ തിയേറ്ററുകളില്‍ എത്തത്തക്ക വിധത്തിലാണ് നടപടികള്‍ നീങ്ങുന്നതെന്നും പത്രം തുടര്‍ന്നു. ഭാരത വായു സേനയ്ക്ക് ആദരവും അഭിവാദ്യവുമര്‍പ്പിക്കുന്നതിനും അവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രചോദനമാകുന്നതിനുമാണ് ഇത് നിര്‍മിക്കുന്നതെന്നും ചിത്ര നിര്‍മാണത്തില്‍ പങ്കാളിയാകുന്ന കേന്ദ്രങ്ങള്‍ വ്യക്തമാക്കിയത്രേ.

ഈ വര്‍ഷാദ്യം പുറത്തിറങ്ങിയ 'ഉറി എ സര്‍ജിക്കല്‍ സ്‌ട്രൈക്ക്' എന്ന യുദ്ധചിത്രം 2016-ല്‍ ഉറിയിലെ സൈനികത്താവളത്തിനു നേരെ ഉണ്ടായ ഭീകരാക്രമണത്തിനു മറുപടിയായി നിയന്ത്രണരേഖ കടന്നു സൈന്യം നടത്തിയ കൃത്യതയാര്‍ന്ന ആക്രമണത്തിന്റെ ചലച്ചിത്രാവിഷ്‌കരണമായിരുന്നു. അതു ജനഹൃദയങ്ങളിലും ബോക്‌സ് ഓഫീസിലും വന്‍ വിജയമായിരുന്നു. കേരളത്തിലെ സിനിമാ വ്യവസായം അതിനോടു പുറംതിരിഞ്ഞ സമീപനമായിരുന്നു കൈക്കൊണ്ടത്. എന്നാലും കാണാനെത്തിയ ജനങ്ങള്‍ അത്യാവേശപൂര്‍വം സ്വീകരിച്ചുവെന്നതും ശ്രദ്ധേയമായിരുന്നു. കേരളത്തിലെ ചലച്ചിത്ര വ്യവസായരംഗവും, മാധ്യമങ്ങളും അതിനോട് പ്രത്യക്ഷമായും ഉദാസീനതയും വൈമുഖ്യവും കാട്ടിയതിന്റെ പിന്നാമ്പുറ രഹസ്യങ്ങള്‍ ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. ഉറി കടന്നാക്രമണത്തോടും ബാലാക്കോട് വ്യോമാക്രമണത്തോടും അതേ മനോഭാവമാണ് ഇവിടത്തെ രാഷ്ട്രീയ, സാമൂഹ്യ കലാരംഗങ്ങളിലെ ആധിപത്യം അവകാശപ്പെടുന്ന വിഭാഗങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. ഇവിടത്തെ ഭരണകക്ഷിയുടെ സംസ്ഥാന സെക്രട്ടറി തന്നെ ബാലാക്കോട്ട് സംഭവത്തിനു കാരണമായ പുല്‍വാമ ഭീകരാക്രമണത്തെയും, പ്രതികരണമായ വിമാനാക്രമണത്തെയും എത്ര വികലവും വിഷലിപ്തവുമായാണ് വ്യാഖ്യാനിച്ചതെന്നു നാം കണ്ടു.

അതെന്തെങ്കിലുമാകട്ടെ, രാജ്യത്തു നടന്ന സംഭവങ്ങളെയും, യുദ്ധങ്ങളെയും പശ്ചാത്തലമാക്കിയ ചില ചിത്രങ്ങള്‍ നമുക്കു ധാരാളമുണ്ട്. വാജ്‌പേയി പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ നടന്ന അവിസ്മരണീയമായ കാര്‍ഗില്‍ യുദ്ധത്തെ പശ്ചാത്തലമാക്കിയ മലയാള ചിത്രം വിന്‍വിജയമായിരുന്നല്ലൊ. അതില്‍ വാജ്‌പേയിയുടെ ശബ്ദം തന്നെ കേള്‍പ്പിച്ചിരുന്നു (ശബ്ദാനുകരണ പടുക്കളെക്കൊണ്ടു ചെയ്യിച്ചതാവാം) രക്ഷാഭടന്മാരുടെ ബലിദാനങ്ങള്‍ക്കും, അവരുടെ കുടുംബാംഗങ്ങളുടെ അഭിമാനത്തിനും ഉത്തമാഭിവാദ്യമായിരുന്നു അത്. അത്തരം ഒട്ടേറെ ചിത്രങ്ങള്‍ എല്ലാ ഭാരതീയ ഭാഷകളിലും പുറത്തിറങ്ങി.

സുപ്രധാന ചരിത്രസംഭവങ്ങളെയും, യുദ്ധാവസരങ്ങളെയും ചിത്രീകരിക്കുന്ന സിനിമകള്‍ നിരവധിയാണ്. രണ്ടാം ലോക മഹായുദ്ധത്തിന്റെ ഓരോ ഘട്ടവും നിര്‍മാതാക്കളുടെ ഭാവനാ വിലാസവും നിര്‍മാണ കൗശലവും അദ്ഭുതകരമായി വെളിവാക്കുന്നവയായിരുന്നു യുദ്ധത്തിലെ ഏറ്റവും നിര്‍ണായകവും ഉദ്വേഗജനകവുമായ സംഭവം, ഹിറ്റ്‌ലറുടെ പാന്‍സര്‍ ഡിവിഷനുകള്‍ എന്നറിയപ്പെട്ടിരുന്ന ടാങ്ക് സൈന്യവ്യൂഹങ്ങള്‍ ഫ്രഞ്ച് അതിര്‍ത്തിയില്‍ കെട്ടിപ്പടുക്കപ്പെട്ട, 'മാഗിനോട്ട് ലൈന്‍' എന്ന അപ്രതിരോധ്യ, ദുര്‍ഗനിരകളെ തട്ടിത്തകര്‍ത്ത് പതിനഞ്ചുദിവസംകൊണ്ട് ഇംഗ്ലീഷ് ചാനലിന്റെ തീരത്തെത്തിയപ്പോള്‍, അവിടെയുണ്ടായിരുന്ന 40000 ലേറെ ഫ്രഞ്ച്, ബ്രിട്ടീഷ് ഭടന്മാരെ ഒഴിപ്പിച്ചുകൊണ്ടുപോയ സംഭവം ലോകയുദ്ധ ചരിത്രത്തിലെ ഉജ്ജ്വല അധ്യായമായി കരുതപ്പെടുന്നു. അതെക്കുറിച്ച് കഴിഞ്ഞവര്‍ഷം 'ഡണ്‍ കിര്‍ക്ക്' എന്നൊരു ചിത്രം വന്നിരുന്നു. ഏഴു പതിറ്റാണ്ടു മുമ്പത്തെ അന്തരീക്ഷവും സൈനികോപകരണങ്ങളും യഥാതഥമായിത്തന്നെ, അന്നത്തെ അന്തരീക്ഷസഹിതം, ചാനലിന്റെ ഇരുകരകളിലും ചിത്രീകരിച്ചതു വിസ്മയാവഹമായിരുന്നു.

സഖ്യക്ഷികളുടെ പ്രത്യാക്രമണത്തിന്റെ ഭാഗമായി നോര്‍മണ്ടി തീരത്ത് സൈന്യങ്ങള്‍ ഇറങ്ങി മുന്നേറിയ ചരിത്രം, 'ലോങ്ങസ്റ്റ് ഡേ' എന്ന ചിത്രത്തിലും, പേള്‍ഹാര്‍ബര്‍ ജപ്പാന്‍ ആക്രമിച്ചതിനെ 'ടോറോ, ടോറോ, ടോറോ', എന്ന പേരിലും ചിത്രമാക്കിയതും പ്രശസ്തമാണ്. ലോങ്ങസ്റ്റ് ഡേയില്‍ ഐസന്‍ ഹോവറും ചര്‍ച്ചിലും, ഡിഗോളും മോണ്ട് ഗോമറിയും പങ്കെടുത്ത വാര്‍ കൗണ്‍സില്‍ പുനരാവിഷ്‌കരിച്ചിരുന്നു. ഫാള്‍ ഓഫ് ബെര്‍ലിന്‍ എന്ന റഷ്യന്‍ ചിത്രത്തില്‍ സ്റ്റാലിനും, ഹിറ്റ്‌ലറുമൊക്കെ തനിസ്വരൂപത്തില്‍ തോന്നിക്കുന്ന വിധത്തില്‍ കാണപ്പെട്ടു. സുപ്രസിദ്ധങ്ങളായ പല യുദ്ധരംഗങ്ങളുടെയും സിനിമകളിറങ്ങി, ബ്രിഡ്ജ് ഓവര്‍ റിവര്‍ വാലി, ദി ബ്രിഡ്ജ് ടു ഫാര്‍ എന്നീ അറ്റന്‍ബറോ ചിത്രങ്ങളും ഗണ്‍സ് ഓഫ് നവറോണ്‍, ഫോഴ്‌സ് ടെന്‍ ഫ്രം നവറോണ്‍ എന്നീ സിനിമകളും എടുത്തുപറയേണ്ടവയാണ്. ഒടുവില്‍ പറഞ്ഞവ യുദ്ധ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവലുകളെ അടിസ്ഥാനമാക്കി നിര്‍മിക്കപ്പെട്ടവയാണ്.

മഹദ് വ്യക്തികളുടെ ജീവിതത്തെ അടിസ്ഥാനമാക്കി നിര്‍മിക്കപ്പെട്ട സിനിമകളുമുണ്ടല്ലോ. അറ്റന്‍ബറോയുടെ ഗാന്ധി തന്നെ അവയില്‍ ഭാരതീയരെ സംബന്ധിച്ചിടത്തോളം ഏറ്റവും ശ്രദ്ധേയം. 'നയന്‍ അവേഴ്‌സ് ടു രാമ' എന്ന ഗാന്ധി ചിത്രം, ഗാന്ധിവധത്തിന് മുമ്പുള്ള ഒന്‍പത് മണിക്കൂറുകളുടെ കഥയാണ്. അതു ഭാരതത്തില്‍ നിരോധിക്കപ്പെട്ടിരിക്കുന്നു. ഭഗത്‌സിംഗിന്റെയും ചന്ദ്രശേഖര്‍ ആസാദിന്റെയും വിവേകാനന്ദസ്വാമികളുടെയും ശ്രീനാരായണഗുരുവിന്റെയും പഴശ്ശിരാജാവിന്റെയും വേലുത്തമ്പി ദളവയുടെയും വീരപാണ്ഡ്യ കട്ടബൊമ്മന്റെയും ശിവജിയുടെയും ജീവിതത്തെക്കുറിച്ച് സിനിമകള്‍ ഉണ്ട്.

ഇങ്ങനെയുള്ള ചരിത്രസംഭവങ്ങളെയും ചരിത്രപുരുഷന്മാരെയുംകുറിച്ചുള്ള ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ മുന്‍കാല തമിഴ് നിര്‍മാതാക്കള്‍ക്കായിരുന്നു ഉത്‌സാഹം. ചലച്ചിത്രം ആരെപ്പറ്റിയായിരുന്നാലും അവരെ തങ്ങളുടെ ഭാവനയുടെ ്രെഫയിമില്‍ ഉള്‍ക്കൊള്ളിക്കുന്നതായിരുന്നു അന്നത്തെ തമിഴ് നിര്‍മാതാക്കളുടെ ശൈലി. മഹാത്മാഗാന്ധിയുടെ ഭാഗം അഭിനയിക്കാന്‍ നിയുക്തനായ ബെന്‍ കിംഗ്‌സ്‌ലി ഗുജറാത്തി പാരമ്പര്യമുള്ള കുടുംബാംഗമായിരുന്നുവെങ്കിലും, ഇംഗ്ലീഷ് രീതിയില്‍ വളര്‍ന്നയാളാണ്. അദ്ദേഹം ഗാന്ധിജിയുടെ ഇരിപ്പ്, നടപ്പ്, ഉച്ചാരണ രീതി തുടങ്ങിയവ പഠിക്കാന്‍ ഒരു വര്‍ഷത്തിലേറെക്കാലം വീഡിയോകളും ഓഡിയോകളും നിരീക്ഷിച്ച് പരിശീലിച്ചുവത്രേ. നടക്കുമ്പോള്‍ ഗാന്ധിജിക്കു ചെറിയ മുടന്തുണ്ടായിരുന്നുവെന്നുപോലും കണ്ടെത്തി. സേവാഗ്രാമിലും വൈസറായിമന്ദിരത്തിലും നടക്കുമ്പോള്‍ അതു കാണിക്കുകയും ചെയ്തു.

ഇത്രയുമായപ്പോഴാണ് കോട്ടയത്ത് അഭിഭാഷകനായിരുന്ന എം.എന്‍. ഗോവിന്ദന്‍നായര്‍ (ജി. അരവിന്ദന്റെ അച്ഛന്‍) പണ്ട് 1950-കളില്‍ രചിച്ച നര്‍മ്മപുസ്തകമായ 'ഗോപിവിലാസം'- വായിച്ചതോര്‍മവന്നത്. അതില്‍ ഒരു തമിഴ് നിര്‍മാതാവ് 'കാന്തിയില്‍ കതൈ'- എന്ന പേരില്‍ ഗാന്ധിജിയുടെ ചരിത്രം സിനിമയാക്കിയത് കാണുന്നതായി ഭാവന ചെയ്തിരിക്കയാണ്. ഏതാണ്ടിങ്ങനെയാണ് ചുരുക്കം.

എം.കെ. ത്യാഗരാജ ഭാഗവതര്‍ യുവഗാന്ധിയായും ടി.ആര്‍. രാജകുമാരി കസ്തൂര്‍ബായായും പൂന്തോട്ടത്തില്‍ ആടിപ്പാടി നടക്കുന്നു. ഭാഗവതരുടെ മുടി കഴുത്തറ്റമുണ്ട്. കറുത്ത മീശയുമുണ്ട്. തമിഴിലുള്ള പ്രണയഗാനം പാടുന്ന രംഗവിസ്താരവുമുണ്ട്. അപ്പോള്‍ എന്‍.എസ്. കൃഷ്ണന്‍ ഭൃത്യനായി പൂന്തോട്ടത്തിലെത്തി ''ചന്തിരരേ അപ്പാ ഇരന്തൂര്‍ പോനാര്‍''- എന്നറിയിക്കുന്നു. ഭാഗവതരും രാജകുമാരിയും (ഗാന്ധിയും കസ്തൂര്‍ബായും) അച്ഛന്റെ അടുത്തുപോകാന്‍ മിനക്കെടാതെ ഓരോ ശോകഗാനം വിസ്തരിച്ച് ആലപിച്ചു കൈകോര്‍ത്തുപിടിച്ചു പോകുന്നു.

പിന്നെ വിവരിക്കുന്നത് അവസാന രംഗമാണ്. ഗാന്ധി വൃദ്ധനാണ്. തലമുടി നരച്ചു വെളുത്ത് പഴയപടി തോളില്‍ മുട്ടുന്നുണ്ട്. മീശയും നരച്ചതുതന്നെ. പഞ്ചഗഛമിട്ടുടുത്ത മുണ്ടും ഷാളും വടികുത്തി നടന്നുവരുന്നു. പെട്ടെന്ന് കാക്കി ഷര്‍ട്ടും ട്രൗസറുമിട്ട്, സാധാരണ ചിത്രങ്ങളില്‍ രാവണന്‍, യമധര്‍മന്‍, കംസന്‍, ഹിരണ്യകശിപു മുതലായ വേഷങ്ങള്‍ കെട്ടുന്ന ആര്‍. ബാലസുബ്രഹ്മണ്യം ചാടി മുന്നിലെത്തുന്നു.

നത്തുരാമന്‍കോട് ചേനാനെടാ

അടടാ, അടെടാ, അടൊ- (നത്തുരാമന്‍ എന്നു തുടങ്ങുന്ന ഒരു പാട്ടും കലാശവും കാണിക്കുന്നു. ഉടന്‍ വെടിവെക്കുന്നില്ല.)

ഗാന്ധി 'ചത്തിയാ ചകോദരാ'- എന്ന് തുടങ്ങുന്ന ഒരു ദയനീയ ഗാനം പാടുന്നു. വീണ്ടും കണ്ണുരുട്ടി 'കോട് ചേ'- വെടിവെക്കുന്നു, ഗാന്ധി മറിഞ്ഞുവീഴുന്നു.

''ഗാന്ധിക്കു മരിക്കാന്‍ ആ പാട്ടു മതിയായിരുന്നു. എന്തിനു വെടിയേല്‍ക്കണം എന്നത്ഭുതപ്പെട്ടുകൊണ്ട് ഗോവിന്ദന്‍നായര്‍ നര്‍മലേഖനം അവസാനിപ്പിക്കുന്നു.

ചരിത്രപുരുഷന്മാരെയും സംഭവങ്ങളെയും ചിത്രീകരിക്കുന്ന സിനിമകള്‍ ഇവ്വിധം പരിഹാസ്യമാകുമെന്നു സൂചിപ്പിക്കുകയല്ല ഇവിടെ. മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങള്‍ പലതും അത്തരത്തിലുള്ളവതന്നെയാണ്. അവ ജനങ്ങളില്‍ ആത്മാഭിമാനവും ദേശാഭിമാനവും ഉണര്‍ത്താനും, ഉയര്‍ത്താനും ഏറെ ഉതകുകയും ചെയ്തിട്ടുണ്ട്. കാര്‍ഗിലും വീരചക്രവും മില്‍ക്കാസിംഗിനെക്കുറിച്ചുള്ള ഹിന്ദി സിനിമയും ഉറിയും ഇക്കൂട്ടത്തില്‍ മികച്ചുനില്‍ക്കുന്നവയും കണ്ടാലും കണ്ടാലും മതിവരാത്തവയുമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.