പ്രണയദിനത്തില്‍ നൊമ്പരമായി അഡാര്‍ ലൗ

Sunday 10 March 2019 5:07 am IST

കൗമാര പ്രണയത്തിന്റെ നിഷ്‌കളങ്കമായ അനുഭൂതികള്‍ പകര്‍ത്തിവച്ച് യുവഹൃദയങ്ങള്‍ കീഴടക്കുകയാണ് ഒമര്‍ ലുലു കഥയെഴുതി സംവിധാനം ചെയ്ത 'ഒരു അഡാര്‍ ലൗ'. സിനിമാ പ്രേമികളുടെ ഒരു വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടാണ് പ്രണയദിനത്തില്‍ അഡാര്‍ ലൗ റിലീസ് ചെയ്തത്. 

കണ്ണുകളില്‍ പ്രണയത്തിര

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് സോഷ്യല്‍ മീഡിയയിലാകെ തരംഗമായി അഡാര്‍ ലൗവിലെ ചെറിയ ഒരു വീഡിയോ ക്ലിപ് പ്രചരിച്ചത്. ഗാനരംഗത്തിന്റെ വീഡിയോ യൂട്യൂബില്‍ വന്ന്് 20 മണിക്കൂറുകള്‍ക്കകം ഒരു മില്യന്‍ ആള്‍ക്കാര്‍ അത് കാണുകയും അരലക്ഷം പേര്‍ ലൈക്ക് ചെയ്യുകയും ഉണ്ടായി. അണിയറ പ്രവര്‍ത്തകരുടെ മാര്‍ക്കറ്റിംഗ് തന്ത്രമായി മാത്രമേ അതിനെ കാണാനാവൂ. കാരണം, ചിത്രത്തില്‍ അതിന് അത്രവലിയ പ്രാധാന്യമില്ലെന്ന് മാത്രമല്ല, ആദ്യ പകുതി ഏറെക്കുറെ വിരസവുമാണ്. യൂട്യൂബില്‍ വന്ന വീഡിയോ വൈറല്‍ ആയതോടെ ചിത്രത്തിന്റെ ജാതകം മാറുകയായിരുന്നു. സ്‌ക്രിപ്റ്റില്‍ മാറ്റം വരുത്താനും റിലീസ് വൈകാനും വരെ അത് കാരണമായി. 

ഹൈസ്‌കൂള്‍ കുട്ടികള്‍ക്കിടയിലെ പ്രണയവും സൗഹൃദവുമാണ് ഇടവേളവരെ. എങ്കിലും പ്രണയത്തേക്കാള്‍ ഒരുപടി മുകളില്‍ നിഷ്‌കളങ്കമായ സൗഹൃദത്തിന്റെ സുവര്‍ണ്ണ നൂലിഴ ചിത്രത്തിലുടനീളം ഉള്ളതുകൊണ്ട് തീയേറ്ററില്‍ വിജയിക്കാതിരിക്കില്ല. 

റോഷന്‍ & നൂറിന്‍ റോക്‌സ്

അഡാര്‍ ലൗ എന്ന പേരിലൂടെ കഴിഞ്ഞ ഒരു വര്‍ഷമായി പ്രിയ പ്രകാശ് വാര്യര്‍ എന്ന പെണ്‍കുട്ടിയാണ് ജനശ്രദ്ധ നേടിയതെങ്കില്‍ ചിത്രം റിലീസ് ചെയ്തതോടെ പ്രിയയുടെ ജോഡിയായി വരുന്ന റോഷന്‍ അബ്ദുള്‍ റഹൂഫ് താരമായി മാറുകയാണ്. പലപ്പോഴും പാളിപ്പോകാവുന്ന പ്രണയരംഗങ്ങള്‍ അതിമനോഹരമായാണ് റോഷന്‍ അഭിനയിച്ചിരിക്കുന്നത്. അഡാര്‍ ലൗവിലെ നായികയായി പ്രിയവാര്യരെയാണ് പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രിയയ്‌ക്കൊപ്പമോ ഒരു ചുവട് മുന്നിലോ ആണ് നൂറിന്‍ ഷെരീഫ് അവതരിപ്പിച്ച ഗാഥ എന്ന കഥാപാത്രം. ആ ട്വിസ്റ്റ് ഭംഗിയായി സ്‌ക്രീനിലെത്തിക്കാന്‍ ഒമര്‍ ലുലു കൗശലം കാട്ടിയിട്ടുണ്ട്. 

ശ്രദ്ധനേടുന്ന പുതുമുഖങ്ങള്‍

ചെറുപ്പക്കാരായ കാണികളെ സന്തോഷിപ്പിക്കാനുള്ള വകയൊക്കെ ഈ സുഹൃദ് സംഘം ഒരുക്കുന്നുണ്ട്. ചിലപ്പോഴെങ്കിലും തമാശ അരോചകമാകുന്നുണ്ടെന്ന് പറയാതെ വയ്യ. അടുത്ത കാലത്ത് വാര്‍ത്താ ശ്രദ്ധനേടിയ മത്സ്യത്തൊഴിലാളികളെയും ശബരിമല വിഷയവും ഒക്കെ ഒരു കാര്യവുമില്ലാതെ തിരക്കഥയില്‍ കുത്തിത്തിരുകേണ്ടിയിരുന്നില്ല. എന്നാല്‍ സ്‌കൂള്‍ ദിനാഘോഷത്തിന്റെ ഭാഗമായി കലാഭവന്‍മണിയെ അനുസ്മരിച്ച സീന്‍ ഭംഗിയായെന്ന് മാത്രമല്ല, കാണികള്‍ ഹര്‍ഷാരവത്തോടെ അത് സ്വീകരിക്കുകയും ചെയ്തു. പക്ഷേ, ഇമരീ3 എന്ന് എഴുതികാണിക്കുമ്പോള്‍ കാല്‍സ്യം കാര്‍ബണേറ്റിന് പകരം 'കാക്കോത്രീ' എന്ന്് വായിക്കുന്നത് പോലുള്ള രസകരമായ ചില ക്ലാസ് റൂം സീനുകളുമുണ്ട്. 

നൊമ്പരമായി ക്ലൈമാക്‌സ്

ഹാപ്പിവെഡിംഗും ചങ്ക്‌സും ചെയ്ത സംവിധായകാനാണ് ഒമര്‍ ലുലു.  കാണികളുടെ മനശ്ശാസ്ത്രം മനസ്സിലാക്കിയിട്ടാണോ എന്തോ ക്രൂരമായ ക്ലൈമാക്‌സാണ് ഒമര്‍ പണിതുവച്ചത്. ആള്‍ക്കൂട്ടമനസ്സ് പലപ്പോഴും സന്തോഷത്തേക്കാള്‍ സങ്കടം കണ്ട് സഹതപിക്കാനാണ് താല്‍പര്യപ്പെടുന്നത്.  അതായിരിക്കാം ഒമറിനെ സെന്റിമെന്റല്‍ ക്ലൈമാക്‌സിലേക്ക് നയിച്ചത്. സാരംഗ് ജയപ്രകാശും ലിജോ പാനാടനും ചേര്‍ന്ന് തിരക്കഥയെഴുതിയ ചിത്രം നിര്‍മ്മിച്ചത് ഔസേപ്പച്ചന്‍ വാളക്കുഴിയാണ്. ഷാന്‍ റഹ്മാന്‍ സംഗീതവും സിനു സിദ്ധാര്‍ത്ഥ് ഛായാഗ്രഹണവും നിര്‍വ്വഹിച്ച ചിത്രത്തിന്റെ എഡിറ്റര്‍ അച്ചുവിജയനാണ്.

aswathyprd@gmail.com

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.