സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ തോല്‍വി തിരിച്ചുവരുമ്പോള്‍....

Sunday 10 March 2019 5:20 am IST
പരീക്ഷകളില്‍ വിജയവും പരാജയവും കുട്ടി നേരിടണം. പരാജയം നേരിട്ട വ്യക്തികള്‍ മാത്രമേ ജീവിത്തില്‍ ശോഭിച്ചിട്ടുള്ളു. അത് അവരെ ബോദ്ധ്യപ്പെടുത്തണം. ഇപ്പോഴത്തെ ഭൂരിഭാഗം കുട്ടികളും ജീവിത സുഖങ്ങളും ജയവും മാത്രം നേടിയാണു വളരുന്നത്. ജയം മാത്രം അനുഭവിച്ച കുട്ടി ജീവിത പ്രതിസന്ധികളില്‍ തളര്‍ന്നുപോകുന്ന കാഴ്ച സാധാരണമാണ്.

പൊതുവിദ്യാലയങ്ങളില്‍ തോല്‍വി സമ്പ്രദായം തിരിച്ചുകൊണ്ടുവരാനുള്ള നീക്കം സമ്മിശ്രഫലം ഉളവാക്കാനാണ് സാധ്യത. സ്‌കൂള്‍തലം കഴിഞ്ഞ് ഹയര്‍സെക്കന്ററി തലത്തിലെത്തുന്ന കുട്ടികള്‍ക്ക് മാതൃഭാഷ ഉള്‍പ്പെടെയുള്ള ഭാഷാവിഷയങ്ങളും മറ്റ് വിഷയങ്ങളിലെ അടിസ്ഥാന വിവരങ്ങളും അറിഞ്ഞുകൂടാത്ത സ്ഥിതിയാണ്, ചെറിയ തോതിലെങ്കിലും, ഇന്നു നിലനില്‍ക്കുന്നത്. യുപി ക്‌ളാസുകളില്‍ ഭാഷാവിഷയങ്ങളിലെ കുറവുകള്‍ പരിഹരിക്കുന്നതിനായി ഹലോ ഇംഗ്ലീഷ്, മലയാളതിളക്കം തുടങ്ങിയ പദ്ധതികള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നത് ആശ്വാസമാണ്. 

കുട്ടികളില്‍ ഗുണപരമായ മാറ്റം ഇതിലൂടെ ഉണ്ടായിട്ടുമുണ്ട്. ഇത്തരം പദ്ധതികള്‍ ഭാവിയില്‍ എല്‍പി ക്‌ളാസുകളില്‍ മാത്രമായി നടപ്പാക്കുന്നതു കുറേകൂടി പ്രയോജനകരവും പ്രായോഗികവും ആയിരിക്കും. യുപി ക്ലാസ്സെത്തുന്നതിനു മുന്‍പായി ഭാഷാവിഷയങ്ങളും കണക്കിലെ അടിസ്ഥാന വിവരങ്ങളും കൈകാര്യം ചെയ്യാന്‍ കുട്ടികള്‍ പ്രാപ്തരായാല്‍  ഉപരി ക്‌ളാസുകളിലെ പഠനപുരോഗതിയില്‍ വലിയ മാറ്റം വരും.  അദ്ധ്യാപകര്‍ക്കും ആശ്വാസമായിരിക്കും. കാരണം, ഉയര്‍ന്ന ക്‌ളാസുകളിലെ പാഠഭാഗങ്ങള്‍ കൂടുതല്‍ വിശദമായും വിശാലമായും അവതരിപ്പിക്കുവാന്‍ കഴിയും. 

രാജ്യസഭ പാസാക്കിയ പുതിയ നിയമമനുസരിച്ച് അഞ്ചാം ക്‌ളാസിലും എട്ടാം ക്‌ളാസിലും തോല്‍വി സമ്പ്രദായം തിരിച്ചുകൊണ്ടുവരുമ്പോള്‍, തോല്‍ക്കുന്ന കുട്ടികള്‍ക്കു പുനഃപരീക്ഷ നടത്താനാണു നീക്കം. ഇത് പ്രഹസനമാവാനാണ് സാധ്യത. കാരണം, സ്‌കൂളിലെ പുനഃപരീക്ഷ എഴുതിയ ആരും തോറ്റിട്ടില്ല. ഫലത്തില്‍ പഴയ ഓള്‍ പാസ് രീതിതന്നെ നടപ്പില്‍ വരും. അതിനാല്‍, ഇതിലൂടെ കുട്ടി ആര്‍ജിക്കേണ്ട അറിവുകള്‍ നേടുമെന്നു യാതൊരു ഉറപ്പുമില്ല. 

പഠനത്തില്‍ ശ്രദ്ധ കുറഞ്ഞു

തോല്‍വി സമ്പ്രദായവും ശിക്ഷണവും നിര്‍ത്തലാക്കിയതിനുശേഷം ഭൂരിഭാഗം  കുട്ടികളും  പഠനത്തില്‍ കാര്യമായി ശ്രദ്ധിക്കാതായി.  മത്സരബുദ്ധിയും ആവശ്യകതാബോധവും  കുറഞ്ഞിട്ടുമുണ്ട്. കുട്ടി അഞ്ചാം ക്‌ളാസെത്തുന്നതിനു മുന്‍പുതന്നെ അവര്‍ നേടേണ്ട അടിസ്ഥാന അറിവുകളും  (ഭാഷാവിഷയങ്ങള്‍ കൈകാര്യം ചെയ്യാനും, സംഖ്യാബോധവും ക്രിയകളും ) പഠനത്തിന്റെ പ്രാധാന്യവും മറ്റും കുട്ടി നേടിയെന്ന വസ്തുത ഓരോ അദ്ധ്യാപകനും രക്ഷിതാവിനും ബോധ്യപ്പെടണം. അങ്ങനെ ആയാല്‍ തോല്‍വി സമ്പ്രദായം ഇല്ലെങ്കില്‍പ്പോലും ഒരു പരിധിവരെ ഈ വിഷയത്തിന് പരിഹാരമാകും.  

സുഖത്തോടൊപ്പം ദു:ഖവും അറിയണം 

പരീക്ഷകളില്‍ വിജയവും പരാജയവും കുട്ടി നേരിടണം. പരാജയം നേരിട്ട വ്യക്തികള്‍ മാത്രമേ ജീവിത്തില്‍ ശോഭിച്ചിട്ടുള്ളു. അത് അവരെ ബോദ്ധ്യപ്പെടുത്തണം. ഇപ്പോഴത്തെ ഭൂരിഭാഗം കുട്ടികളും ജീവിതസുഖങ്ങളും ജയവും മാത്രം നേടിയാണു വളരുന്നത്. ജയം മാത്രം അനുഭവിച്ച കുട്ടി ജീവിത പ്രതിസന്ധികളില്‍ തളര്‍ന്നുപോകുന്ന കാഴ്ച സാധാരണമാണ്. ഫലത്തില്‍ കുട്ടികള്‍ ജീവിതം പഠിക്കുന്നില്ല. ഒരേ നാണയത്തിന്റെ ഇരു വശങ്ങളായ സുഖവും ദുഖവും കുട്ടികള്‍ അറിഞ്ഞ്് അനുഭവിക്കാന്‍ തടസ്സം നില്‍ക്കുന്നത് രക്ഷിതാക്കള്‍ തന്നെയാണ്. 'ഞാന്‍ വളരെ കഷ്ടപ്പെട്ട് ദുരിതം അനുഭവിച്ചാണ് ഈ നിലയിലെത്തിയത്. എന്റെ മക്കള്‍ അങ്ങനെ ബുദ്ധിമുട്ട് അനുഭവിക്കുവാന്‍ പാടില്ല. അവര്‍ക്ക് ഒരു കുറവും വരാന്‍ ഇടയാകരുത് 'എന്നാണ് പല രക്ഷിതാക്കളുടെയും ഭാഷ്യം. തീര്‍ത്തും അനാരോഗ്യകരമായ കാഴ്ചപ്പാടാണത്. നമ്മുടെ പ്രാരാബ്ധങ്ങളും ബുദ്ധിമുട്ടുകളും വിഷമതകളും സാമ്പത്തിക കാര്യങ്ങളും അറിഞ്ഞുതന്നെവേണം കുട്ടികള്‍ വളരാന്‍. ഗള്‍ഫില്‍ പണിയെടുക്കുന്ന കൂടുതല്‍പേരും അവിടുത്തെ പ്രയാസങ്ങള്‍ കുടുംബാംഗങ്ങളുമായി പങ്കുവെക്കാറില്ല. അതും തെറ്റായ രീതിയാണ്. നമ്മുടെ വീട്ടിലെ സാമ്പത്തിക സ്രോതസുകളും അതിന്റെ പ്രാധാന്യവും വിനിയോഗവും ഒക്കെത്തന്നെ കുട്ടികള്‍ ഉള്‍പ്പെടെ കുടുംബത്തിലെ എല്ലാ അംഗങ്ങളും അറിഞ്ഞിരിക്കണം. ചെറുപ്രായത്തില്‍ത്തന്നെ അവരെ ചെറിയ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ പ്രാപ്തരാക്കണം. ഇത് അവരില്‍ വലിയ മാറ്റമുണ്ടാക്കും. 

കുട്ടികളുമായി മനസുതുറക്കണം 

രക്ഷിതാക്കള്‍ ദിവസം പത്തുമിനിറ്റെങ്കിലും കുട്ടികളുമായി മനസുതുറന്നു സംസാരിക്കണം. അവരോടൊപ്പം പൊട്ടിച്ചിരിക്കാനും പൊട്ടിക്കരയാനും ചിന്തിക്കാനും കഴിയണം. സോഷ്യല്‍ മീഡിയയുടെ കടന്നുകയറ്റം കുടുംബബന്ധങ്ങളില്‍ വീഴ്ത്തുന്ന വിള്ളലുകളും കുട്ടികള്‍ ഇതില്‍ വീണുപോകുന്നതും പഠനത്തെ ബാധിക്കും. ഇരുപത്തിമൂന്ന് വയസ്സിനുള്ളില്‍ ഒരു കുട്ടിയും  സ്വന്തമായി മൊബൈല്‍ വാങ്ങാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. പ്രൈമറി ക്ലാസുമുതല്‍ ഹയര്‍സെക്കന്ററി തലം വരെയെങ്കിലും, കുട്ടികള്‍ വീട്ടില്‍നിന്നു സ്‌കൂളില്‍പോയി തിരിച്ചുവരുന്നത് വരെയുള്ള ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും രക്ഷിതാക്കളോട് അല്ലെങ്കില്‍ അദ്ധ്യാപകരോട് തുറന്നുപറയാന്‍ അവരെ പ്രാപ്തരാക്കണം. അങ്ങനെ ശീലിപ്പിക്കണം. എപ്പോഴെങ്കിലും വീട്ടുകാരുമായി ആശയങ്ങള്‍ പങ്കുവെക്കാന്‍ വൈമനസ്യം കാണിക്കുന്നുവെങ്കില്‍ ഒന്നുറപ്പിക്കാം അവന്‍ അല്ലെങ്കില്‍ അവള്‍ എന്തോ കുഴപ്പത്തില്‍ ചെന്ന് ചാടിയിട്ടുണ്ടാകും എന്ന്. പല രക്ഷിതാക്കളും കുട്ടിയെ താഴ്ന്ന ക്ലാസില്‍ കൊണ്ടെ ചേര്‍ത്തശേഷം പത്താംക്‌ളാസിലെ രക്ഷാകര്‍തൃ മീറ്റിങ്ങിനായിരിക്കും എത്തുക. കുറഞ്ഞത് രണ്ടുമാസത്തിലൊരിക്കലെങ്കിലും കുട്ടിയുടെ പഠനനിലവാരം അറിയാന്‍ രക്ഷിതാക്കള്‍ സ്‌കൂളിലെത്തണം. കുട്ടിയുടെ ജീവിത സാഹചര്യങ്ങള്‍ മനസിലാക്കാന്‍ അദ്ധ്യാപകനും കഴിയണം. കുട്ടികള്‍ വഴിതെറ്റി പോകാതിരിക്കാന്‍ ഈ കരുതല്‍ ഉപകരിക്കും. 

ബാഹ്യ ഇടപെടലുകള്‍ 

കാര്യങ്ങള്‍ ഇങ്ങനെയൊക്ക ആയിരിക്കെ തോല്‍വി സമ്പ്രദായം തിരികെ കൊണ്ടുവരുമ്പോള്‍ ഇതൊന്നും താങ്ങാന്‍ കഴിയാതെ കുട്ടികള്‍ മാനസിക ബുദ്ധിമുട്ട് അനുഭവിക്കും. അത് കുട്ടികളുടെ മേലുള്ള അവകാശ ലംഘനമായി, പീഡിപ്പിക്കലായി ഒക്കെ വ്യാഖ്യാനിക്കപ്പെടും. അതൊക്കെ മുന്നില്‍ക്കണ്ട്, വരുംതലമുറയെ ജീവിതത്തില്‍ ഉടനീളം കരുത്തുള്ളവരായി, കാര്യപ്രാപ്തിയുള്ളവരായി, ലക്ഷ്യബോധമുള്ളവരായി വാര്‍ത്തെടുക്കുവാന്‍ സമൂഹം ഒരേ മനസ്സോടെ നീങ്ങേണ്ടിയിരിക്കുന്നു.  

    (ഈ വര്‍ഷത്തെ സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവാണ് ലേഖകന്‍)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.