രേഖാമൂലം

Sunday 10 March 2019 5:24 am IST

സ്വകാര്യ ലാഭത്തിലേക്ക് യുവസമൂഹം ചുരുങ്ങി: ചേതന്‍ ഭഗത്ത്

എന്റെ ജോലി, എന്റെ പെണ്ണ് എന്ന ചിന്തയിലേക്ക് യുവാക്കളേറെയും ചുരുങ്ങിക്കഴിഞ്ഞിരിക്കുന്നു. ഗംഭീര ജോലിയും നല്ലൊരു ഗേള്‍ഫ്രണ്ടും ആര് വാഗ്ദാനം നല്‍കുന്നോ, അവര്‍ക്കൊപ്പം അവരടിയുറച്ച് നിന്നേക്കും. സ്വകാര്യ ലാഭം നോക്കിയേ അവര്‍ സാമൂഹിക പ്രശ്‌നങ്ങളില്‍പോലും ഇടപെടുന്നുള്ളു. അതുകൊണ്ട് ചുറ്റും അത്ര പോസിറ്റീവല്ല കാര്യങ്ങള്‍. പക്ഷെ, എനിക്കീ ചെറുപ്പക്കാരില്‍ വിശ്വാസമുണ്ട്. അവര്‍ക്ക് വേണ്ടിയാണ് ഞാനെഴുതുന്നത്. ചൂടേറ്റ് ചൂടേറ്റ് ഒരുദിവസം അവര്‍ കത്തിപ്പിടിക്കും. ഇന്ത്യന്‍ യുവത്വത്തിന് സ്തുതിയായിരിക്കട്ടെ.

(ചേതന്‍ ഭഗത്ത്)

മഹാഭാരതം സഭാപര്‍വത്തില്‍ പാണ്ഡവരുടെ തലസ്ഥാനമായ ഇന്ദ്രപ്രസ്ഥത്തില്‍ മായാസുരന്‍ നിര്‍മ്മിച്ച മായാസഭയെ വിവരിക്കുന്നു. ആ വിശാലമായ മുറിയിലേക്ക് ദുര്യോധനന്‍ കടന്നു ചെല്ലുമ്പോള്‍ വെള്ളം പളുങ്കായും സ്ഫടികം ജലമായും വാതില്‍ കണ്ണാടിയായും അനുഭവപ്പെടുന്നു. കൊട്ടാരത്തിന്റെ വാസ്തുശൈലിയിലെ സൂത്രപ്പണി മനസ്സിലാക്കാതെ അദ്ദേഹം പളുങ്കുതറയെന്നു കരുതി ഒരു ജലാശയത്തില്‍ വീണ്, നനഞ്ഞുകയറുമ്പോള്‍ കാണികള്‍ പരിഹാസപൂര്‍വം ചിരിക്കുന്നു. അതുപോലെ പരിഭ്രമത്തില്‍നിന്നു പരിഹാസത്തിലേക്കു നമ്മെ നയിക്കാവുന്ന ഒരു മായാസഭ ആയിട്ടാണ് പരീക്ഷാഹാളും ചിലപ്പോള്‍ അനുഭവപ്പെടുക.

(ഡോ. ദിവ്യ അയ്യര്‍ ഐഎഎസ്)

ജീവിതത്തിലെ ഓരോ നിമിഷവും ബാഡ്ജ് പോലെ ഞാന്‍ പുരുഷനാണെന്ന് അഹങ്കരിച്ചു നടന്നതുകൊണ്ട് ഒന്നും നേടുന്നില്ല. സ്ത്രീയാണെന്നു കരുതി മാറി നിന്നാലും നഷ്ടമേയുള്ളു. വേണ്ടത് ആത്മബോധത്തെ ഉണര്‍ത്തലാണ്. അത് ഒരു തിരിച്ചറിവാണ്. പരിമിതികളെ മറികടക്കലാണ്. സ്ത്രീയായതുകൊണ്ട് എനിക്ക് കുറവുകളുണ്ടെന്ന ചിന്തയെ ആത്മീയതയിലൂടെ മറികടക്കാം. മനസ്സിനും ശരീരത്തിനും കരുത്തുപകരാം. ശരീരഭാഗങ്ങളല്ല നിങ്ങളെ ഭരിക്കേണ്ടത്, മനസ്സാണ്. നിങ്ങളുടെ ബുദ്ധിയാണ്. ആ ബോധത്തോടെ ജീവിതത്തെ മുറുക്കെ ആശ്ലേഷിച്ചുനോക്കൂ.... അപ്പോഴാണ് അതിജീവനത്തിന്റെ ഊര്‍ജം നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുന്നത്.

(ജഗ്ഗി വാസുദേവ്)

മദനോത്സവം എന്ന സിനിമ റിലീസ് ചെയ്ത അന്ന് ബ്ലാക്കില്‍ ടിക്കറ്റ് വിറ്റതും കമലഹാസനുവേണ്ടി ജയ് വിളിച്ചതുമാണ്. ഈ അടുത്താണ് അദ്ദേഹത്തെ കണ്ടത്. എന്നെ അദ്ദേഹം അടുത്ത് വിളിച്ചിരുത്തി സംസാരിച്ചു. ഞാന്‍ മദനോത്സവത്തിലെ മാടപ്രാവേ.... വാ... എന്ന പാട്ടുപാടി. അദ്ദേഹത്തിന് അത് ഇഷ്ടപ്പെട്ടു. അതുപോലെ മമ്മൂക്കയോടൊപ്പം അഭിനയിച്ചു.. ലാലേട്ടന്‍ വളരെ സ്‌നേത്തോടെ പെരുമാറി. ഞാന്‍ ഓര്‍ക്കാറുണ്ട് എന്നെപ്പോലെ തെരുവ് മേല്‍വിലാസമായ എത്ര പേര്‍ക്ക് ഇതിനുള്ള ഭാഗ്യമുണ്ടാകുമെന്ന്. പോകാനൊരു ഇടമില്ലാതെ തെരുവില്‍ ഉറങ്ങുന്നവനായിരുന്നു ഞാന്‍. പിന്നെ ലക്ഷം രൂപ വിലപിടിപ്പുള്ള മെത്തയിലും കിടന്ന് ഉറങ്ങി. അപ്പോഴൊക്കെ ഞാന്‍ പരീക്ഷണങ്ങളെക്കുറിച്ചായിരുന്നു ചിന്തിച്ചത്.

(അരിസ്റ്റോ സുരേഷ്)

ഓരോ പാര്‍ട്ടിയിലും അംഗങ്ങളായ സാഹിത്യകാരന്മാര്‍ക്ക് ആ പാര്‍ട്ടി പറയുന്നത് കേള്‍ക്കേണ്ടിവരുന്നത് സ്വാഭാവികമാണ്. എനിക്കതില്‍ പിശകൊന്നും കാണാന്‍ കഴിയില്ല. ഇടതുപക്ഷ ചിന്താഗതിക്കാരും അതേസമയം പാര്‍ട്ടി അംഗങ്ങളല്ലാത്തവരുമായവര്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും മനഃപൂര്‍വമായ ഉദ്ദേശ്യത്തോടെ പ്രതികരിക്കാതിരുന്നുവെന്നു കരുതുന്നില്ല. പ്രതികരണം എന്നു പറയുന്നതു തന്നെ ആരോ ഒരു പ്രസ്താവന തയാറാക്കി അതില്‍ ഒപ്പിടുക എന്നതല്ലേ?  ഇതിലെ  നിരര്‍ത്ഥകതയാണ് എന്നെപ്പോലുള്ളവരെ പിന്നോട്ടുവലിക്കുന്നത്. പ്രതികരിച്ചതുകൊണ്ടു നന്നാകുന്നവരല്ല, കേരളത്തിലെ രാഷ്ട്രീയക്കാര്‍.

(സക്കറിയ)

ഇരുമ്പ് പഴുക്കുമ്പോള്‍ നന്നായി അടിക്കാന്‍ അറിയുന്നവര്‍ക്കേ അതിനെ ഉപയോഗിക്കാനാവുകയുള്ളു. മറിച്ച് ചുട്ടുപഴുത്ത ഇരുമ്പിനെ അട്ടത്ത് വച്ച് കാവലിരിക്കുന്നവര്‍ക്ക് ഫലസിദ്ധിയുണ്ടാവില്ല. ഈ രംഗത്തെ മുന്‍കാല സമീപനങ്ങള്‍ ഇന്ത്യന്‍ പരാജയം വിളിച്ചോതുന്നതാണ്. പുല്‍വാമ ആക്രമണം ഇന്ത്യയ്ക്കുമേല്‍ കടുത്ത പ്രഹരശേഷി പതിപ്പിച്ച ഹീനകൃത്യത്തില്‍ പെടുന്നതാണ്. എല്ലാവരുടേയും കണക്കുകൂട്ടലുകള്‍ കാറ്റില്‍പ്പറത്തി മോദി, ശഠനോട് ശാഠ്യമെന്ന കര്‍ശന നിലപാട് സ്വീകരിക്കുകയായിരുന്നു.

(അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള)

ഇപ്പോള്‍ ശരത്‌ലാല്‍-കൃപേഷ് വധത്തില്‍ മൗനം പാലിക്കുന്ന ഇടതുചായ്‌വുള്ള സാംസ്‌കാരിക നായകര്‍ക്കെതിരെ അമര്‍ഷം പ്രകടിപ്പിക്കുന്നതിന് സാഹിത്യ അക്കാദമി വളപ്പിലേക്ക് മാര്‍ച്ച് നടത്തുന്ന യൂത്ത് കോണ്‍ഗ്രസ്സുകാര്‍ 2013-14 കാലത്ത് ചന്ദ്രശേഖരന്‍ വധത്തിലെ പ്രമുഖ കുറ്റവാളികളെ രക്ഷിച്ചെടുത്ത സ്വന്തം നേതാക്കളുടെ ഓഫീസുകളിലേക്ക് അന്നു മാര്‍ച്ച് നടത്തേണ്ടതായിരുന്നില്ലേ ? 

(ഹമീദ് ചേന്ദമംഗലൂര്‍)

യുദ്ധവിജയം ഓരോ സംഭവവും വെച്ച് വിലയിരുത്താന്‍ കഴിയുന്ന ഒന്നല്ല. യുദ്ധാവസാനമുണ്ടാകുന്ന നേട്ടങ്ങളുടെയും നഷ്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് യുദ്ധവിജയത്തെ വിലയിരുത്തേണ്ടത്. യുദ്ധം ആരംഭിച്ചാല്‍ ഓരോ ദിവസവും സ്ഥിതിഗതികള്‍ മാറിമറയും. അതിനനുസരിച്ച് യുദ്ധതന്ത്രങ്ങളിലും മാറ്റം വരും. അതിനാല്‍ തന്നെ ഓരോ നിമിഷത്തെയും സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ സൈന്യത്തിന്റെ നീക്കത്തെ വിലയിരുത്തുന്നതും വിമര്‍ശിക്കുന്നതും യൂക്തിപരമല്ല. ഈ ഘട്ടത്തില്‍ പൊതുജനങ്ങള്‍ സൈനിക നേതൃത്വത്തെയും രാഷ്ട്രീയ നേതൃത്വത്തെയും വശ്വാസത്തിലെടുത്ത് അവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുകയാണ് വേണ്ടത്.

(റിട്ട. ലെഫ്റ്റനന്റ് ജനറല്‍ ശരത്ചന്ദ്)

ഇന്ത്യയില്‍ത്തന്നെ ഏറ്റവും നല്ല സെക്‌സ് റേഷ്യോ ഉള്ളത് ആദിവാസികള്‍ക്കാണ്. പക്ഷേ, രാജ്യത്ത് നടക്കുന്ന കാര്യങ്ങളുടെ മുഖ്യധാരയില്‍ അവരെ കാണാന്‍ നമുക്ക് സാധ്യമല്ല. ഒരുപാട് കാരണങ്ങളാല്‍ അവരെ നാം പാര്‍ശ്വവത്ക്കരിക്കുന്നു. 1971 ല്‍ ഞാന്‍ ഇവിടെ എത്തിയപ്പോള്‍ റോഡ് പണികള്‍ക്കും മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കും ആദിവാസി കുടുംബങ്ങളാണ് പണിയെടുത്തിരുന്നത്. വര്‍ണശബളമായ വസ്ത്രങ്ങള്‍ അണിഞ്ഞ് റോഡിലെ പൊടിയിലും വെയിലത്ത് കല്ലും മണ്ണും ചുമന്ന് നടക്കുന്ന സ്ത്രീകളെ കണ്ടിട്ട് എനിക്ക് അതിയായ ദുഃഖം തോന്നി. വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു, ഇന്നും അവര്‍ നാടോടികളായി ജീവിക്കുന്നു. തൊഴിലിനുവേണ്ടി അലയുന്നു, മേലാളന്മാരുടെ കനിവുതേടി ജീവിക്കുന്നു.

(ജെര്‍മെയ്ന്‍ ഗ്രിയര്‍)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.