സംവരണം അട്ടിമറിക്കരുത്: പട്ടികജാതി മോര്‍ച്ച

Sunday 10 March 2019 4:53 am IST

കൊച്ചി: കേരള കാര്‍ഷിക സര്‍വകലാശാലയില്‍ പട്ടികജാതി സംവരണം അട്ടിമറിച്ച് അനധികൃത നിയമനത്തിനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച. കേരളത്തിലെ കാര്‍ഷിക സര്‍വകലാശാലയടക്കമുള്ള വിവിധ സര്‍വകലാശാലകള്‍ സംവരണ മാനദണ്ഡവും യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ് കമ്മീഷന്‍ നിര്‍ദേശങ്ങളും അട്ടിമറിച്ചു നിയമനം നടത്തുന്നതിനെതിരെ പട്ടികജാതി മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് കേന്ദ്ര മാനവവിഭവശേഷി  മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ക്ക് പരാതി നല്‍കി. അധ്യാപക നിയമനത്തില്‍ പട്ടികജാതി സംവരണത്തിനുള്ള  ഓര്‍ഡിനന്‍സ് ഇറക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമെന്നും ഷാജുമോന്‍ വട്ടേക്കാട് പറഞ്ഞു.     

കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരം സര്‍വകലാശാലകളിലെ അധ്യാപക നിയമനത്തിന് യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത് മറികടന്നാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് തൊട്ടു മുന്‍പ് നിയമനം നടത്താന്‍ കാര്‍ഷിക സര്‍വകലാശാല എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചത്. 2016 മാര്‍ച്ചിലാണ് 60 ഒഴിവുകളിലേക്ക് അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിലേക്കാണ് കൂട്ട നിയമനം നടത്താനുള്ള നീക്കം. ഭരണകക്ഷിയായ സിപിഎം, സിപിഐ നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് വൈസ് ചാന്‍സലര്‍ അനധികൃത നിയമനവുമായി മുന്നോട്ടുപോകുന്നതെന്നും ഷാജുമോന്‍ ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.