'പന്ത്' ശ്രദ്ധാകേന്ദ്രം; മൊഹാലി ഏകദിനം ഇന്ന്്

Sunday 10 March 2019 3:22 am IST

മൊഹാലി: മഹേന്ദ്ര സിങ് ധോണിക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തില്‍ യുവ കീപ്പര്‍ ഋഷഭ് പന്തിലേക്ക് ശ്രദ്ധ തിരിയുകയാണ്. ഓസ്‌ട്രേലിയക്കെതിരായ ശേഷിക്കുന്ന രണ്ട് ഏകദിന മത്സരങ്ങളില്‍ ശ്രദ്ധേയമായ പ്രകടനത്തോടെ പന്ത് ലോകകപ്പ് ടീമില്‍ സ്ഥാനം നേടുമെയെന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. പന്തിന്റെ ആദ്യ പരീക്ഷ ഇന്നാണ്. പരമ്പരയിലെ നാലാം ഏകദിനം മൊഹാലിയില്‍ 1.30ന് ആരംഭിക്കും.

ധോണിയുടെ നാടായ റാഞ്ചിയില്‍ അരങ്ങേറിയ മൂന്നാം ഏകദിനത്തില്‍ നായകന്‍ കോഹ്‌ലി പൊരുതിയിട്ടും ഇന്ത്യ തോറ്റു. എന്നിരുന്നാലും അഞ്ചുമത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര പോക്കറ്റിലാക്കാം. തോറ്റാല്‍ അവസാന മത്സരം പരമ്പര ജേതാക്കളെ നിശ്ചയിക്കും.

സീനിയര്‍ ബാറ്റ്‌സ്മാനും കീപ്പറുമായ ധോണിക്ക് അവസാന രണ്ട് മത്സരങ്ങളിലും വിശ്രമം അനുവദിച്ചിരിക്കുകയാണ്. അതിനാല്‍ യുവതാരമായ ഋഷഭ് പന്തായിരിക്കും വിക്കറ്റിന് പിന്നില്‍ അണിനിരക്കുക. മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ പന്തിന് ലോകകപ്പ ് ടിക്കറ്റ് ലഭിക്കും. നേരത്തെ ബാറ്റ്‌സ്മാനെന്ന നിലയിലാണ് പന്ത് കളിച്ചിരുന്നത്. മൂന്നാം ഏകദിനത്തിനിടെ പരിക്കേറ്റ മുഹമ്മദ് ഷമിക്ക് പകരം ഭുവനേശ്വര്‍ കുമാര്‍ ഇന്ന് കളിക്കളത്തിലിറങ്ങും.

മുന്‍നിരക്കാരുടെ പ്രകടനത്തില്‍ ടീം മാനേജ്‌മെന്റിന് ആശങ്കയുണ്ട്. കോഹ്‌ലിയൊഴിച്ചുള്ള മുന്‍നിരക്കാര്‍ക്ക് ശോഭിക്കാനായിട്ടില്ല. ഉപനായകന്‍ രോഹിത് ശര്‍മ മൂന്ന് മത്സരങ്ങളില്‍ 33 റണ്‍സും ഓപ്പണര്‍ ശിഖര്‍ ധവാന്‍ 22 റണ്‍സും നാലാം നമ്പര്‍ ബാറ്റ്‌സ്മാന്‍ 33 റണ്‍സുമാണ് നേടിയത്. മൂന്ന് മത്സരങ്ങളില്‍ 283 റണ്‍സുമായി കോഹ്‌ലി മുന്നില്‍ നില്‍ക്കുന്നു. കേദാര്‍ ജാദവ് 118 റണ്‍സ് നേടി. മുന്‍നിര മോശമായതിനാല്‍ ധവാനെയോ, റായ്ഡുവിനെയോ മാറ്റി കെ.എല്‍. രാഹുലിന് അവസരം നല്‍കിയേക്കും.

ആരോണ്‍ ഫിഞ്ച് നയിക്കുന്ന ഓസീസിന് നിര്‍ണായകമാണീ മത്സരം. പരമ്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ അവര്‍ക്ക് ഇന്ന് ജയിക്കണം. തോറ്റാല്‍ പരമ്പര നഷ്ടമാകും. മുന്‍നിരക്കാരായ ഫിഞ്ച്, ഖവാജ, മാക്‌സ്‌വെല്‍ എന്നിവര്‍ ഫോമിലേക്കുയര്‍ന്നതോടെ വിജയം നേടാമെന്ന പ്രതീക്ഷയിലാണ് ഓസീസ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.