സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചെങ്കിലും മുസ്ലിം ലീഗില്‍ പ്രതിസന്ധി

Sunday 10 March 2019 8:41 am IST

മലപ്പുറം: സുരക്ഷിത മണ്ഡലം ലക്ഷ്യം വെച്ച് ഇ.ടി. മുഹമ്മദ് ബഷീര്‍ നടത്തിയ ചരടുവലികള്‍ പാര്‍ട്ടിക്കുള്ളിലെ കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്വത്തിന് മുന്നില്‍ പരാജയപ്പെട്ടു. മുസ്ലിം ലീഗിന്റെ ഉറച്ച കോട്ടയായ മലപ്പുറത്തേക്ക് ചുവടുമാറ്റാനാണ് ഇ.ടിയും കൂട്ടരും ശ്രമിച്ചത്. പാര്‍ട്ടി പ്രാദേശിക ഘടകത്തിന്റെ എതിര്‍പ്പാണ് മണ്ഡലം വെച്ചുമാറാമെന്ന ആഗ്രഹത്തിനു കാരണം.

പൊന്നാനിയില്‍ മൂന്നാം തവണയും വിജയിക്കുമോയെന്ന കാര്യത്തില്‍ സിറ്റിംഗ് എംപിയായ ബഷീറിന് സംശയമുണ്ട്. കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വവും ഇ.ടി യെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ ഒരുപോലെ എതിര്‍പ്പ് പ്രകടപ്പിച്ചിരുന്നു. ഇതോടെയാണ് മലപ്പുറത്തേക്ക് കളംമാറ്റാന്‍ ശ്രമം നടത്തിയത്. എന്നാല്‍ മലപ്പുറം വിട്ടുനല്‍കാന്‍ പി.കെ. കുഞ്ഞാലിക്കുട്ടി തയ്യാറായില്ല. 

ഇന്നലെ കോഴിക്കോട്ട് നടന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തില്‍ മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയും പൊന്നാനിയില്‍ ഇ.ടി. മുഹമ്മദ് ബഷീറും തന്നെ മത്സരിച്ചാല്‍ മതിയെന്ന് പാണക്കാട് തങ്ങള്‍ തീരുമാനിക്കുകയായിരുന്നു. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചെങ്കിലും പ്രാദേശികമായ എതിര്‍പ്പ് മുസ്ലീം ലീഗ് നേതൃത്വത്തെ കുഴക്കുകയാണ്.

കുഞ്ഞാലിക്കുട്ടി പൊന്നാനിയിലേക്ക് മാറുമെന്ന അഭ്യൂഹങ്ങളെ തുടര്‍ന്നാണ് സിപിഎം സ്ഥാനാര്‍ഥി പ്രഖ്യാപനം നീട്ടിവെച്ചത്. രാഷ്ട്രീയത്തിന് അതീതമായി സിപിഎമ്മുമായി അടുത്തബന്ധം സൂക്ഷിക്കുന്ന കുഞ്ഞാലിക്കുട്ടിക്കെതിരെ കരുത്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ സിപിഎമ്മിന് താല്‍പര്യമില്ലായിരുന്നു. ഇ.ടി. മുഹമ്മദ് ബഷീര്‍ തന്നെയാണ് പൊന്നാനിയില്‍ മത്സരിക്കുകയെന്ന് ഉറപ്പിച്ചതോടെയാണ് വിവാദവ്യവസായി കൂടിയായ പി.വി. അന്‍വര്‍ എംഎല്‍എയെ സിപിഎം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടക്കല്‍, തവനൂര്‍, പൊന്നാനി, പാലക്കാട് ജില്ലയിലെ തൃത്താല എന്നീ നിയമസഭാമണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പൊന്നാനി ലോക്‌സഭ മണ്ഡലം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.