ഭീകരവാദത്തെ ഇനിയും സഹിക്കാനാകില്ല : മോദി

Sunday 10 March 2019 1:44 pm IST

ഗാസിയാബാദ് : അതിര്‍ത്തി കടന്നുള്ള ഭീകര വാദത്തെ രാജ്യത്തിന് ഇനിയും സഹിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുല്‍വാമ, ഉറി ഭീകരാക്രമണങ്ങള്‍ പോലെ ഇനിയും സഹിക്കാന്‍ രാജ്യത്തിന് സാധിക്കില്ല. സിഐഎസ്എഫിന്റെ അമ്പതാമത് റൈസിങ് ഡേയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയപ്പോഴാണ് പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ ഇന്ത്യയെ തുടര്‍ച്ചയായി ലക്ഷ്യം വെയ്ക്കുന്നതിനെ മോദി രൂക്ഷമായി വിമര്‍ശിച്ചത്. 

അതിര്‍ത്തിയില്‍ ശത്രുക്കളുടെ പ്രകോപനങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സിഐഎസ്എഫ് പോലുള്ള സൈന്യത്തിന് ഇന്ന് രാജ്യ സുരക്ഷയില്‍ മുഖ്യ പങ്കാണുള്ളത്. അതിര്‍ത്തിയില്‍ നിന്നുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുമ്പോള്‍ ഇവര്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. 

ആക്രമിക്കുന്നതിന് രാജ്യത്തു തന്നെ ഗൂഢാലോചനകള്‍ നടക്കുന്നു. അതിര്‍ത്തിക്ക് അപ്പുറത്തു നിന്ന് അതിനുള്ള സഹായങ്ങള്‍ ലഭ്യമാക്കുന്നു. ശത്രൂതാ പരമായാണ് അയല്‍ക്കാര്‍ പെരുമാറുന്നത്. എന്നാല്‍ അവര്‍ക്ക് യുദ്ധം ചെയ്യാനുള്ള ശേഷിയില്ല. അതിനാല്‍ ഭീകരരെ കൂട്ട് പിടിക്കുന്നു. തുടങ്ങി ഇത്തരത്തിലുള്ള ഭീകരതയുടെ ഭയാനകമായ ചിത്രങ്ങളാണ് അടുത്തിടെയായി പുറത്തുവരുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ രാജ്യത്തിനും ജനങ്ങള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തുന്നത് വെല്ലുവിളിയാണ്. 

നമ്മുടെ രാജ്യത്തെ വിഐപി സംസ്‌കാരം ചിലപ്പോഴെല്ലാം സുരക്ഷാ സംവിധാനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാറുണ്ട്.രാജ്യ സുരക്ഷ വെല്ലുവിളിയാകുമ്പോള്‍ സര്‍ക്കാരിന് പല സമയങ്ങളിലും ശക്തമായ തീരുമാനങ്ങള്‍ എടുക്കേണ്ടതായി വരാറുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.