നാടോടിപ്പാട്ടും നാട്ടുമൊഴികളും

Monday 11 March 2019 1:03 am IST

ഗ്രാമ്യഭാഷയുടെയും സംസ്‌ക്കാരത്തിന്റെയും തുടിപ്പുകളാണ് നാടന്‍ പാട്ടുകളുടെ ചൈതന്യം. 

ആഘോഷങ്ങള്‍ക്ക,് അനുഷ്ഠാനങ്ങള്‍ക്ക്, ജനിമൃതികള്‍ക്ക് അങ്ങനെ ഓരോന്നിനും  ജീവിതഗന്ധിയായ ഈണങ്ങളും മൊഴികളും പകിട്ടേകുന്നു. എഴുതി പകര്‍ത്താതെ പറഞ്ഞു പരത്തിയ വാമൊഴികളാണ് പലതും. 

അനുഷ്ഠാനപരവും ലൗകികവുമായ ദൃശ്യവിനോദങ്ങളാണ് ഇവയിലേറെയും. ദേവതാപ്രീതിയ്ക്കുള്ള സ്തുതികള്‍ , ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാനുള്ള പാട്ടുംകൊട്ടും, തൊഴിലിന്റെ ആയാസം കുറയ്ക്കാനുള്ള ഈരടികള്‍ തുടങ്ങി ഇവയ്ക്ക് വകഭേദങ്ങളും പലതാണ്.  പ്രാക്തന സംസ്‌കൃതിയുടെ പ്രതിബിംബങ്ങളായ ഈ നടനകലകളെ അടുത്തറിയാനൊരു ശ്രമമാകാം. 

അഭീഷ്ടസിദ്ധിയ്ക്കും ശത്രുദോഷപരിഹാരത്തിനും നടത്തുന്ന വഴിപാടുകളാണ് ദേവതാ പ്രീതിയ്ക്കുള്ള ദൃശ്യ വിനോദങ്ങളേറെയും. ഭഗവതിപ്പാട്ട്, തോറ്റംപാട്ടുകള്‍, സര്‍പ്പം പാട്ടുകള്‍, തീയാട്ടുപാട്ടുകള്‍, തെയ്യംപാടിപ്പാട്ടുകള്‍, അയ്യപ്പന്‍പാട്ടുകള്‍, സംഘക്കളിപ്പാട്ടുകള്‍, ബ്രാഹ്മണിപ്പാട്ട്, കണ്യാര്‍കളിപ്പാട്ട് തുടങ്ങിയവ ഈ വിഭാഗത്തില്‍ പെടുന്നു. 

ഭഗവതിപ്പാട്ട്

ക്ഷേത്രങ്ങളിലോ, ബ്രാഹ്മണ ഇല്ലങ്ങളിലോ വെച്ചു നടത്തുന്നവയാണ് ഭഗവതിപ്പാട്ടുകള്‍. അനേകം കൈകളോടു കൂടിയ ദേവിയുടെ കോലം വരച്ച് അതിനു ചുറ്റുമിരുന്ന് വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ ദേവിയുടെ അപദാനങ്ങള്‍ വാഴ്ത്തിപ്പാടുന്നതാണ് ഭഗവതിപ്പാട്ട്. പൂക്കുല, കുരുത്തോല എന്നിവ കൊണ്ട് അലങ്കരിച്ച തറയില്‍ പച്ച, ചുവപ്പ്, മഞ്ഞ, വെള്ള, കരി തുടങ്ങിയ നിറങ്ങളുപയോഗിച്ചാണ് ദേവിയുടെ കോലം വരയ്ക്കുക. കുറുപ്പന്മാരെന്നറിയപ്പെടുന്ന വിഭാഗമാണ് കോലം വരച്ച്,  അപദാനങ്ങള്‍ പാടി ദേവീരൂപത്തിന് ജീവപ്രതിഷ്ഠ നല്‍കുന്നത്. പാട്ടുപാടുന്നതിനെ ദേവിയുടെ പ്രതിപുരുഷനായ കോമരം ഉറഞ്ഞു തുള്ളിയെത്തും. ഇടംകൈയില്‍ ചിലമ്പുകിലുക്കി, വലം കൈയില്‍ വാളുകിലുക്കിയെത്തുന്ന കോമരം ദേവിയുടെ കല്പനകള്‍  പുറപ്പെടുവിക്കും. പാട്ടുനടത്തുന്നതിനിടെ സന്തോഷമറിയിച്ച്, ദേവിയുടെ സ്നേഹവാത്സല്യാദികളറിയിച്ച,് ഭക്തരുടെ പോരായ്മകള്‍ ഓര്‍മപ്പെടുത്തി  അവരോട് ദേവിക്കുള്ള കരുതലറിയിച്ചാണ് കോമരം വെളിപാടുനടത്തുക. അനന്തരം ദേവിയുടെ നടയ്ക്കല്‍ കോമരം നമസ്‌ക്കരിക്കുന്നതോടെ ഭഗവതിപ്പാട്ടിന്റെ ചടങ്ങുകള്‍ പൂര്‍ത്തിയാകും. കണ്ണകീചരിതം, ദാരികവധം എന്നിവ ഭഗവതിപ്പാട്ടുകളില്‍ പ്രധാനപ്പെട്ടവയാണ്. നന്തുണിയും, കുഴിത്താളവും വാദ്യോപകരണങ്ങളായി ഉപയോഗിക്കുന്നു. മണ്ണാന്മാരുടെ പാട്ടിനേയും ഭഗവതിപ്പാട്ട്  എന്നു പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.