ഉപാസ്യദേവതയല്ല ജീവന്‍

Sunday 10 March 2019 9:51 pm IST

സര്‍വ്വത്ര പ്രസിദ്ധ്യധികരണത്തിലെ തുടര്‍ന്നുള്ള സൂത്രങ്ങളിലും ജീവനെ നിഷേധിച്ച് ബ്രഹ്മത്തെ ഉപാസ്യനായി വ്യക്തമാക്കുന്നു.

 സൂത്രം - അനുപത്തേസ്തു ന ശാരീരഃ

ഉപപന്നമല്ലാത്തതിനാല്‍ ജീവാത്മാവല്ല.

മുന്‍പ് പറഞ്ഞ ഗുണങ്ങള്‍ ജീവാത്മാവിന് യോജിക്കാത്തതിനാല്‍ ജഗത് കാരണവും ഉപാസ്യവും ജീവനല്ല. കഴിഞ്ഞ സൂത്രത്തില്‍ പറഞ്ഞ മനോമയത്വം, സത്യസങ്കല്പത്വം, സര്‍വ്വവ്യാപിത്വം, ഇന്ദ്രിയങ്ങളോട് ബന്ധമില്ലായ്മ തുടങ്ങിയ ഗുണങ്ങളെല്ലാം ബ്രഹ്മത്തിന് മാത്രമേ യോജിക്കുകയുള്ളൂ. ഈ ഗുണങ്ങളൊന്നും ജീവാത്മാവിന് യോജിക്കുന്നതല്ല. അതിനാലാണ് ജീവന്‍ ഉപാസ്യദേവതയല്ല എന്ന് പറഞ്ഞത്.

സൂത്രം- കര്‍മ്മകര്‍ത്തൃവ്യപദേശാച്ച

കര്‍മ്മമായും കര്‍ത്താവായും നിര്‍ദ്ദേശിച്ചിട്ടുള്ളതിനാല്‍.

ജീവനെ കര്‍ത്താവായും ബ്രഹ്മത്തെ കര്‍മ്മമായും പ്രത്യേകം പറഞ്ഞിരിക്കുന്നതിനാല്‍ ജീവനെയല്ല ഉപാസിക്കേണ്ടത്. ജഗത്തിന്റെ സൃഷ്ടി മുതലായ ലീലകളും എല്ലാറ്റിന്റേയും  കര്‍തൃത്വവും പരമാത്മാവിന് മാത്രമേ യോജിക്കുകയുള്ളൂ. എല്ലാ ചരാചരങ്ങളുടേയും ഹൃദയഗുഹയില്‍ അണുസ്വരൂപത്തില്‍ വസിക്കുന്നവനും മരണാനന്തരം സുകൃതിയായ ജീവന്‍ പരമാത്മാവിലെത്തിച്ചേരുമെന്നും ശ്രുതി പറയുന്നു.

ഛാന്ദോഗ്യോപനിഷത്തില്‍ 'ഇതഃ പ്രേത്യാഭിസംഭവിതാസ്മീതി 'ഇവിടെ നിന്ന് മരിച്ചതിനു ശേഷം ബ്രഹ്മമായിത്തീരുമെന്ന നിശ്ചയം ആര്‍ക്ക് ഉണ്ടോ അയാള്‍ ആ ഭാവത്തെ പ്രാപിക്കും. ഇതില്‍ ഉപാസകനായ ജീവനെ കര്‍ത്താവായാണ് പറഞ്ഞിരിക്കുന്നത്. ഈശ്വരനെ കര്‍മ്മമായുമാണ് വിവരിച്ചത്. ഇതിനാല്‍ ഉപാസിക്കേണ്ടത് ജീവനെയല്ല, ബ്രഹ്മത്തെ തന്നെയാണ്.

സൂത്രം - ശബ്ദവിശേഷാത്

ഉപയോഗിച്ചിരിക്കുന്ന ശബ്ദങ്ങളുടെ അഥവാ വാക്കുകളുടെ വ്യത്യാസം കൊണ്ട്.

ഉപാസ്യനെന്നും ഉപാസകനെന്നുമുള്ള ശബ്ദ വിശേഷം കൊണ്ട് ബ്രഹ്മമാണ് ഉപാസ്യന്‍.

ഉപാസ്യനെന്ന് ശ്രുതിയില്‍ ഈശ്വരനെയാണ് പറഞ്ഞിരിക്കുന്നത്. ജീവനെ ഉപാസകനായി വ്യത്യാസപ്പെടുത്തി തന്നെ പറഞ്ഞിട്ടുണ്ട്. ഇതുകൊണ്ടാണ് ബ്രഹ്മമാണ് ഉപാസ്യനെന്ന് വ്യക്തമാക്കിയത്.

ഛാന്ദോഗ്യോപനിഷത്തില്‍ 'വ്രീഹേര്‍വ്വാ യവാദ്വാ സര്‍ഷപാദ് വാ ശ്യാമാകാദ് വാ ശ്യാമാക തണ്ഡൂലദ്വാ ഏഷ മ ആത്മാന്തര്‍ ഹൃദയേ'  - എന്റെ ഈ ആത്മാവ് നെല്ലിനേക്കാളും യവത്തേക്കാളും ചാമയേക്കാളും മറ്റും വളരെ വളരെ ചെറുതാണ്. ഈ മന്ത്രത്തില്‍ ഉപാസ്യനായ ഈശ്വരനേയും ഉപാസകനായ ജീവനെയും വ്യത്യസ്ത വിഭക്തികളിലാണ് പറഞ്ഞിട്ടുള്ളത്.

ആത്മ ശബ്ദം പ്രഥമ വിഭക്തിയിലും ജീവനെക്കുറിക്കുന്ന 'മേ' എന്നത് ഷഷ്ഠീ വിഭക്തിയിലുമാണ്. ഇങ്ങനെ ശബ്ദ ഭേദത്തില്‍ ഉപയോഗിച്ചതുകൊണ്ടും ഉപാസ്യന്‍ ബ്രഹ്മം തന്നെയാണ്. ശരീരാഭിമാനിയായ ജീവന് ഒരിക്കലും ഉപാസ്യനാകാനാവില്ല.

എല്ലാ ഉപാധികളില്‍ നിന്നും മുക്തനായിരിക്കുന്നവനും അണുവിനേക്കാള്‍ അണുവായവനും മഹത്തിനേക്കാള്‍ മഹത്തും എങ്ങും നിറഞ്ഞവനുമാണ് ഉപാസ്യദേവനായ ബ്രഹ്മം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.